മുംബൈ: മുംബൈ സ്വദേശിനിയുടെ ലൈംഗിക ചൂഷണ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി മുംബൈയിലെത്തിയെന്ന് റിപ്പോര്‍ട്ട്. ജാമ്യ വ്യവസ്ഥയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി ബിനോയ് ഇന്ന് ഓഷിവാര സ്റ്റേഷനില്‍ പോയേക്കും. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശം
മുംബൈ ദിന്‍ദോഷി കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാകണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്. കേസില്‍ ബിനോയിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ യുവതിയുടെ കുടുംബം ഇന്ന് തീരുമാനം എടുക്കും. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
യുവതി കോടതിയില്‍ സമര്‍പ്പിച്ച രേഖകളെ സംബന്ധിച്ച് ബിനോയിയുടെ അഭിഭാഷകന്‍ അശോക് ഗുപ്തയുടെ വാദംകേട്ട ശേഷമാണ് കോടതി മുന്‍കൂര്‍ ജാമ്യത്തില്‍ വിധി പറഞ്ഞത്. തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.
തനിക്കെതിരെ യുവതി ഹാജരാക്കിയ രേഖകള്‍ വ്യാജമെന്നാണ് ബിനോയ് കോടിയേരിയുടെ വാദം. വിവാഹം നടന്നുവെന്ന രേഖയിലെ ഒപ്പ് ബിനോയിയുടേതല്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിവാഹ തിയ്യതിയില്‍ അവ്യക്തതയുണ്ടെന്നും കുട്ടി ജനിച്ച ശേഷമുള്ള തിയതിയാണ് രേഖയിലുള്ളതെന്നും ബലാല്‍സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.
അതേസമയം, കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നതിന് തെളിവ് പാസ്‌പോര്‍ട്ടാണെന്ന് യുവതി കോടതിയെ അറിയിച്ചിരുന്നു. യുവതിയുടെ പാസ്‌പോര്‍ട്ടിലും ഭര്‍ത്താവിന്റെ പേര് ബിനോയ് എന്നാണെന്നും യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.