| Monday, 8th January 2024, 6:09 pm

നരേന്ദ്ര മോദിക്ക് സ്ത്രീകളോട് വെറുപ്പ്; ഇന്ത്യയിലെ സ്ത്രീകളോട് മോദി മാപ്പ് പറയണമെന്ന് ബിനോയ് വിശ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യന്‍ സ്ത്രീത്വത്തെ എത്രമാത്രം ഭീഭത്സമായിട്ടാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും കാണുന്നതെന്നതിനുള്ള ഉദാഹരണമാണ് സുപ്രീം കോടതിയുടെ വിധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്‍കീസ് ബാനു കേസില്‍ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കികൊണ്ട് പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്ന സുപ്രീം കോടതിയുടെ വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ഇന്ത്യയിലെ സ്ത്രീകളോട് വെറുപ്പാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. തൃശ്ശൂരില്‍ കുറേ നിഷ്‌കളങ്കരായ സ്ത്രീകളെ വിളിച്ചുകൂട്ടി നരേന്ദ്ര മോദിയും ബി.ജെ.പിയും കല്ലുവെച്ച നുണ പറഞ്ഞെന്നും ബിനോയ് വിശ്വം പറഞ്ഞു.

ബില്‍കീസ് ബാനു കേസില്‍ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെ സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി പറഞ്ഞു. ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെയുള്ള നീതിയുടെ വിജയമാണ് ബില്‍കീസ് എന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. കുറ്റവാളികളുടെ രക്ഷാകര്‍ത്താവ് ആരാണെന്ന് കോടതി വ്യക്തമാക്കിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ബില്‍കീസ് ബാനു കേസില്‍ കുറ്റകൃത്യം നടന്ന സ്ഥലമല്ല, വിചാരണ നടന്ന സ്ഥലമാണ് പ്രധാനം എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ബില്‍കീസ് ബാനുവിന്റെ ഹരജിയില്‍ കേസ് ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റിയിരുന്നു. ബില്‍കീസ് ബാനു നല്‍കിയ ഹരജി നിലനില്‍ക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വി.വി. നാഗരത്‌ന അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

ബില്‍കീസ് ബാനുവിന് പുറമെ മുന്‍ എം.പി മഹുവ മൊയ്ത്ര, സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി എന്നിവരും പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ ഹരജി നല്‍കിയിരുന്നു.

Content Highlight: Binoy Biswam wants Modi to apologize to Indian women

We use cookies to give you the best possible experience. Learn more