| Friday, 19th April 2019, 9:28 am

ആംബുലന്‍സിലെത്തിച്ച കുഞ്ഞിനെ അധിക്ഷേപിച്ച കേസ്; സംഘപരിവാര്‍ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മംഗലാപുരത്ത് നിന്ന് അടിയന്തര ഹൃദയശസ്ത്രക്രിയ്ക്കായി കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ അധിക്ഷേപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ബിനില്‍ സോമസുന്ദരത്തിനെ അറസ്റ്റ് ചെയ്തു. എറണാകുളം കടവൂര്‍ സ്വദേശിയായ ബിനിലിനെ നെടുങ്കണ്ടത്ത് വെച്ചാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റു ചെയ്തത്.

ഇയാള്‍ക്കെതിരെ 153 a, 505, 295 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ബിനിലിനെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

കുഞ്ഞിനെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബിനില്‍ സോമസുന്ദരത്തിനെതിരെ കഴിഞ്ഞ ദിവസം കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഡി.ജി.പിക്ക് പരാതിയിലായിരുന്നു കേസ്.

‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

വിവാദമായതോടെ ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. എന്നാല്‍ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. ഇത് പിന്‍വലിക്കാന്‍ വൈകിയത് ചൂണ്ടികാട്ടി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അതിശക്തമായ വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയര്‍ത്തുന്നത്. ഒരേ സമയം ട്വിറ്ററും ഫേസ്ബുക്കും ഹാക്ക് ചെയ്തോ എന്ന ചോദ്യവും ഉയര്‍ത്തുന്നവരുണ്ട്. ഹിന്ദു രാഷ്ട്ര സേവകനാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ കടവൂര്‍ സ്വദേശിയാണെന്നാണ് അറിയുന്നത്.

We use cookies to give you the best possible experience. Learn more