കൊച്ചി: മംഗലാപുരത്ത് നിന്ന് നവജാത ശിശുവിനെ ഹൃദയശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് എത്തിച്ച സംഭവത്തില്‍ മത സ്പര്‍ദ്ധ ഉണ്ടാക്കും വിധം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകന്‍ അറസ്റ്റില്‍.
എറണാകുളം പോത്താനിക്കാട് കടവൂര്‍ സ്വദേശിയായ ബിനില്‍ സോമ സുന്ദരത്തെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടത്തു നിന്നാണ് ഇയാളെ പിടികൂടിയത്.
ഹൃദയവാല്‍വിലുണ്ടായ ഗുരുതര തകരാറിനെ തുടര്‍ന്ന് മംഗാലപുരത്തെ ഡോ.മുള്ളേഴ്‌സ് ആശുപത്രിയില്‍ നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച പതിനെട്ട് ദിവസം പ്രായമുള്ള നവജാത ശിശുവിനെ ‘ജിഹാദിയുടെ വിത്ത് എന്ന് വിളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഇയാള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ബിനില്‍ സോമസുന്ദരത്തിനെതിരെ 153-എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനായിരുന്നു കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം സൃഷ്ടിച്ച സംഭവത്തില്‍ കേസെടുത്തത്.
‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്റെ പോസ്റ്റിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയത്. കേരളം മുഴുവന്‍ ഒരു മനസോടെ മതമോ ജാതിയോ ഒന്നും നോക്കാതെ ആ കുഞ്ഞിന് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴാണ് ഇത്തരമൊരു വിദ്വേഷ പ്രചരണം ശ്രദ്ധയില്‍പ്പെട്ടതെന്നും ഉടന്‍ തന്നെ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ശ്രീജിത്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
” വയനാട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ആളാണ് ഞാന്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഇത്തരമൊരു പോസ്റ്റ് ശ്രദ്ധയില്‍പ്പെടുന്നത്. സുഹൃത്തുക്കളാണ് അത് എന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. വളരെ മോശം വാക്കുകളായിരുന്നു അദ്ദേഹം പോസ്റ്റില്‍ ഉപയോഗിച്ചത്. ജിഹാദിയുടെ വിത്താണെന്ന് പറഞ്ഞ് മുസ് ലീം നാമധേയരായ മാതാപിതാക്കളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു കമന്റ്.
ഐ.ടി ആക്ട് പ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരവും ഇത് ക്രിമിനല്‍ കുറ്റമാണ്. 153 എ മതസ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവനയാണ്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റായിരുന്നു അത്. ഇയാളുടെ പ്രൊഫൈല്‍ എടുത്തു നോക്കിയപ്പോള്‍ ഇത് അബദ്ധവശാല്‍ സംഭവിച്ച പോസ്റ്റാണെന്ന് തോന്നിയില്ല. കൃത്യമായി ഹിന്ദുരാഷ്ട്രമെന്നും രാമരാജ്യമെന്നുമൊക്കെയുള്ള ഐഡിയോളജിയില്‍ വിശ്വസിക്കുന്ന ആളാണെന്ന് മനസിലായി.
ഇദ്ദേഹത്തിന്റെ പേജ് തന്നെ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൈബര്‍ സെല്ലുമായി നേരിട്ട് ബന്ധപ്പെട്ടപ്പോള്‍ ഇയാളുടെ മറ്റ് പോസ്റ്റുകളും കമന്റുകളും പരിശോധിച്ചുവരികയാണെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. ഇദ്ദേഹം പൊലീസിനോട് കുറ്റം സമ്മതിച്ചു എന്ന വിവരമാണ് ഒടുവില്‍ ലഭിച്ചത്. ഹാക്ക് ചെയ്യപ്പെട്ടുവെന്ന് താന്‍ വെറുതെ പറഞ്ഞതാണെന്നും പോസ്റ്റ് താന്‍ തന്നെ ഡിലീറ്റ് ചെയ്തതാണെന്നും ഇദ്ദേഹം പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തിയതായാണ് അറിഞ്ഞത്.
പക്ഷേ ഈ കുറ്റസമ്മതം കോടതിയിലെത്തുമ്പോള്‍ നിലനില്‍ക്കുമോ എന്നറിയില്ല. കോടതിയിലെത്തുമ്പോള്‍ മാറ്റിപ്പറയാനാണ് സാധ്യത. പക്ഷേ സൈബര്‍ സെല്‍ ഇദ്ദേഹത്തിന്റെ ഐ.പി അഡ്രസ് വെച്ച് കൃത്യമായി തെളിവെടുപ്പ് നടത്തിയ ശേഷമാണ് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തത് എന്നാണ് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും അവര്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ കൃത്യമായി നിയമനടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ ന്യൂനപക്ഷപ്രീണനം നടത്തിയെന്ന രീതിയില്‍ മറ്റൊരു പരാതി കൂടി കൊടുത്തിട്ടുണ്ട്. ഡി.ജി.പിക്ക് പരാതി നല്‍കിയ ശേഷം അതില്‍ പെട്ടെന്ന് നടപടിയുണ്ടാകാനുള്ള മറ്റൊരു കാരണം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇതില്‍ നേരിട്ട് ഇടപെട്ടതുകൊണ്ടാണ്.
ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സെക്രട്ടറി ഡി.ജി.പിക്ക് രേഖാമൂലം കത്തുകൊടുത്തിരുന്നു. അതുകൊണ്ട് കൂടിയാണ് പെട്ടെന്ന് തന്നെ നടപടിയുണ്ടായത്.- ശ്രീജിത് പെരുമന ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സംഭവത്തില്‍ എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സൈബര്‍ സെല്‍ പ്രാഥമികാന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് സ്വമേധയാ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.
മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പോസ്റ്റ് തന്നെയാണ് അതെന്നും സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന്‍ പ്രതികരിച്ചു.
” മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പോസ്റ്റ് തന്നെയാണ് ഇത്. അത് പലരും ഷെയര്‍ ചെയ്തു. അത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഞങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അയാളുടെ സ്ഥലം ഇവിടെയല്ലെങ്കില്‍ പോലും സിറ്റി പൊലീസ് അതില്‍ കേസെടുക്കുകയായിരുന്നു. ഇന്നലെ അയാളെ കണ്ടെത്താന്‍ കഴിഞ്ഞു. ഇന്ന് അയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ”-അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആംബുലന്‍സില്‍ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അധിക്ഷേപിച്ച് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിടുകയായിരുന്നു. ‘ ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകന്‍’ എന്നാണ് ഫേസ്ബുക്കില്‍ ബിനില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്.
കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് ചീറി പാഞ്ഞപ്പോള്‍ ആംബുലന്‍സിന് വഴിയൊരുക്കാനായി സമൂഹമാദ്ധ്യമങ്ങളില്‍ എല്ലാവരും ഒരേമനസോടെ കൈകോര്‍ത്തു. റോഡുകളില്‍ ആളുകള്‍ ആംബുലന്‍സിന് വേണ്ടി വഴിമാറിക്കൊടുത്തു.
എന്നാല്‍ ഇതേസമയത്താണ് സോഷ്യല്‍ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും വര്‍ഗീയ വിഷം ചീറ്റിയുമുള്ള കുറിപ്പ് ബിനില്‍ സോമസുന്ദരം പോസ്റ്റിട്ടത്. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനില്‍ സോമസുന്ദരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചു. പിന്നീട് ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്‌തെന്ന് മറ്റൊരു കുറിപ്പിട്ട് തടിയൂരാന്‍ ശ്രമിച്ചു. എന്നാല്‍ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. ഇത് പിന്‍വലിക്കുകയും ചെയ്തില്ല. ഇതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന വാദവും പൊളിഞ്ഞു.
ശബരിമലയിലെ ആചാര സംരക്ഷണം എന്ന പേരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിനില്‍ സന്നിധാനത്തും പരിസത്തും ഉണ്ടെന്നാണ് ഫേസ്ബുക്കിലെ ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.