കണ്ണൂര്‍: ബിനീഷ് കോടിയേരി ജയിലില്‍ കിടന്നപ്പോള്‍ സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിച്ചിട്ടില്ലെന്ന് ഭാര്യ റെനീറ്റ.
അച്ഛന്‍ കോടിയേരി ബാലകൃഷ്ണനും യാതൊരു ഇടപെടലും നടത്താന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം നില്‍ക്കുന്ന സ്ഥാനത്ത് നിന്നും ഇടപെടാന്‍ കഴിയില്ലെന്ന ബോധ്യം തനിക്കുണ്ടെന്നും റെനീറ്റ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു പ്രതികരണം.
” ഒരു സഹായവും ഒരിടത്തുനിന്നും കിട്ടിയിട്ടില്ല. എന്നാല്‍ ഒരു വര്‍ഷം കിടക്കേണ്ടി വരുമായിരുന്നില്ലല്ലോ. അങ്ങനെയൊക്കെ എല്ലാവരും ഇടപെട്ടിട്ടുണ്ടായിരുന്നെങ്കില്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നുവല്ലോ” എന്നും റെനീറ്റ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നോ പുറത്തുനിന്നോ സഹായം കിട്ടിയിരുന്നോ എന്ന ചോദ്യത്തിനായിരുന്നു പ്രതികരണം.
കോടിയേരി ബാലകൃഷ്ണന് യാതൊരു തരത്തിലും ഇടപെടാന്‍ സാധിച്ചിട്ടില്ലെന്നും അത് എന്തുകൊണ്ടാണെന്ന് മനസിലാക്കാനുള്ള ബുദ്ധി തനിക്കുണ്ടെന്നും അവര്‍ പറഞ്ഞു.
‘അച്ഛന്‍ നില്‍ക്കുന്ന സ്ഥാനത്ത് നിന്നുകൊണ്ട് ഇടപെടാന്‍ കഴിയില്ല.’ റെനീറ്റ പറഞ്ഞു. ഇത്തരം ആരോപണം ഉയര്‍ന്നപ്പോഴും ബിനീഷിനെ ഒരിക്കല്‍ പോലും സംശയിച്ചിട്ടില്ലെന്നും കോടിയേരിയെന്നുള്ള പേര് കൊണ്ട് മാത്രമാണ് വേട്ടയാടുന്നതെന്നും റെനീറ്റ പറഞ്ഞു.
ജയില്‍ മോചിതനായ ശേഷം ബിനീഷ് കോടിയേരി ഉന്നയിച്ച ആരോപണങ്ങള്‍ നേരത്തെയാകാമായിരുന്നുവെന്നും റെനീറ്റ പറഞ്ഞു. അവര്‍ ആവശ്യപ്പെട്ടതിനോടൊന്നും വഴങ്ങാത്തത് കൊണ്ട് ഒരു വര്‍ഷം കൂടി ജയിലില്‍ കിടക്കേണ്ടി വന്നു. ബിനീഷിനെതിരായ അന്വേഷണം രാഷ്ട്രീയമാണ്. ഇതില്‍ വാസ്തവമില്ല എന്നും റെനീറ്റ പറഞ്ഞു.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം നേടിയ ബിനീഷ് കോടിയേരി ഇന്ന് രാവിലെയാണ് നാട്ടിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിനീഷ് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ വീട്ടിലേക്കാണ് താന്‍ പോകുന്നതെന്നും ബിനീഷ് പറഞ്ഞു.
ഭീഷണിക്ക് വഴങ്ങാത്തതിനാലാണ് ഇത്ര നാള്‍ ജയിലില്‍ കിടക്കേണ്ടി വന്നതെന്നും വൈകിയെങ്കിലും നീതി ലഭിച്ചുവെന്നും പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും ബിനീഷ് കോടിയേരി കൂട്ടിച്ചേര്‍ത്തു.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നുമായിരുന്നില്ല ഇ.ഡിയ്ക്ക് തന്നില്‍ നിന്നും അറിയേണ്ടിയിരുന്നതെന്ന് ശനിയാഴ്ച മാധ്യമങ്ങളെ കണ്ട ബിനീഷ് പറഞ്ഞിരുന്നു.
കേരളത്തിലെ ചില കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവര്‍ തന്നോട് ചോദിച്ചത്. ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തു എന്ന് പറയിപ്പിക്കാന്‍ ഇ.ഡി ശ്രമിച്ചു. ചിലരുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടു.
ഇതിന് വഴങ്ങാത്തതിനാലാണ് ഒരു വര്‍ഷം തനിക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളെ കണ്ടതിന് ശേഷം പറയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Bineesh Kodiyeri’s Wife’s Response