തലശ്ശേരി: കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരിയുടെ പാനലിന് വമ്പന്‍ വിജയം. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധിയായി ബിനീഷ് കോടിയേരിയെ വീണ്ടും തെരഞ്ഞെടുത്തു.
അസോസിയേഷന്റെ നിലവിലെ സെക്രട്ടറി വി.പി. അനസ് തന്നെ സെക്രട്ടറിയായി തുടരും. ഫിജാസ് അഹമ്മദ് ആണ് കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.
അസോസിയേഷന്റെ മുന്‍ ഭാരവാഹികള്‍ അടക്കമുള്ളവര്‍ ബിനീഷിന്റെ പാനലിനെതിരെ രംഗത്ത് വന്നെങ്കിലും വിജയം ബിനീഷിനൊപ്പം തന്നെ നിന്നു.
ബൈലോ പ്രകാരമല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് എന്‍.സി. ദേവാനന്ദ്, സി.ഒ.ടി. ഷബീര്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
എന്നാല്‍, തെരഞ്ഞെടുപ്പ് നടക്കട്ടെയെന്നും തുടര്‍ ഉത്തരവ് പുറപ്പെടുവിക്കാതെ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കരുത് എന്നുമായിരുന്നു ഹൈക്കോടതി ഇടക്കാല വിധിയില്‍ വ്യക്തമാക്കിയത്.
17 പേരായിരുന്നു ബിനീഷ് കോടിയേരിയുടെ പാനലില്‍ നിന്നും മത്സരിച്ചത്. മത്സരിച്ച 17 പേരും വന്‍ ഭൂരിപക്ഷത്തോടെയാണ് കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തേക്കെത്തുന്നത്.
ആകെ 50 ക്ലബ്ബുകള്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എ.സി.എം. ഫിജാസ് അഹമ്മദിന് 35ഉം, സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച വി.പി. അനസിന് 33ഉം വോട്ട് നേടിയാണ് വിജയിച്ചത്. ഖജാന്‍ജി സ്ഥാനത്തേക്ക് മത്സരിച്ച കെ. നവാസിന് 34ഉം വോട്ടാണ് ലഭിച്ചത്.
എതിര്‍ പാനലില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച വി.ബി. ഇസഹാക്കിന് 13ഉം സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച തലശേരി നഗരസഭാ കൗണ്‍സിലര്‍ കൂടിയായ സി.ഒ.ടി. ഷബീറിന് 15ഉം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
നിലവിലെ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ബിനീഷ് കോടിയേരി 38 വോട്ടും കൃഷ്ണരാജ് 32 വോട്ടും നേടി ഒരിക്കല്‍ക്കൂടി തെരഞ്ഞെടുക്കപ്പെട്ടു.
Content Highlight: Bineesh Kodiyeri’s panel wins Kannur District Cricket Association election