| Tuesday, 17th November 2020, 6:06 pm

ബിനീഷ് കോടിയേരിയെ എന്‍.സി.ബി അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റുചെയ്തു. ബിനീഷ് കഴിയുന്ന ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍.സി.ബി അധികൃതര്‍ അറസ്റ്റു രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഓഗസ്റ്റ് മാസം എന്‍.സി.ബി രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്ന കള്ളപ്പണ കേസിന് പുറമെയാണ് മയക്കുമരുന്ന് കേസും ബിനീഷിന് കുരുക്കാവുന്നത്.

രണ്ട് മലയാളികളും ഒരു കന്നഡ നടിയും അടക്കം മൂന്നുപേരെ പ്രതികളാക്കിയാണ് ഓഗസ്റ്റില്‍ എന്‍.സി.ബി മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ബിനീഷിന്റെ സുഹൃത്തും മലയാളിയുമായ അനൂപ് മുഹമ്മദായിരുന്നു കേസിലെ രണ്ടാം പ്രതി.

തനിക്ക് സാമ്പത്തിക സഹായം നല്‍കിയത് ബിനീഷാണെന്ന മൊഴി അനൂപ് മുഹമ്മദ് നല്‍കിയിരുന്നു. ഈ കേസിലാണ് ബിനീഷ് കോടിയേരിയും ഇപ്പോള്‍ പ്രതിസ്ഥാനത്ത് എത്തിയിരിക്കുന്നത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയിലില്‍നിന്ന് ബിനീഷിനെ എന്‍.സി.ബി ഓഫീസിലേക്ക് ചോദ്യംചെയ്യുന്നതിനായി കൊണ്ടുപോകും.

മയക്കുമരുന്ന് ഇടപാടുകള്‍ക്ക് പണം നല്‍കിയ വ്യക്തിയെന്ന നിലയിലാണ് നേരത്തെ ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണക്കേസില്‍ പ്രതിയാക്കിയതും പിന്നീട് അറസ്റ്റുചെയ്തതും. തുടര്‍ന്നാണ് ലഹരി മരുന്ന് കേസിലും ബിനീഷ് അറസ്റ്റിലായിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bineesh Kodiyeri NCB Arrest

We use cookies to give you the best possible experience. Learn more