| Thursday, 5th November 2020, 11:00 am

ബിനീഷിന്റെ കുഞ്ഞിനേയും ഭാര്യയേയും മുറിയില്‍ പൂട്ടിയിട്ടു; കുഞ്ഞിന് ഭക്ഷണം പോലും നല്‍കാന്‍ കഴിഞ്ഞില്ലെന്ന് കുടുംബം; നാടകീയ രംഗങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയാണെന്നും മണിക്കൂറുകള്‍ ആയി തങ്ങളെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും ബിനീഷ് കോടിയേരിയുടെ ഭാര്യയുടെ അമ്മ.

കുഞ്ഞിന് ഭക്ഷണം പോലും കൊടുക്കാന്‍ കഴിഞ്ഞില്ലെന്നും മാനസികമായി തങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും ഇവര്‍ പറയുന്നു.

വീട്ടില്‍ നിന്ന് എന്തോ രേഖ കണ്ടെടുത്തു എന്ന് അവര്‍ പറഞ്ഞു. അവര്‍ കണ്ടെടുത്തു എന്ന് പറയുന്ന രേഖ എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അറിയാത്ത കാര്യങ്ങളില്‍ ഒപ്പിടാന്‍ പറ്റില്ലെന്നും ഇവര്‍ പറഞ്ഞു.

അവര്‍ കണ്ടെടുത്തു എന്ന് പറയുന്ന സാധനം എന്താണെങ്കിലും അത് കിട്ടിയെന്ന് പറയുന്ന സ്ഥലവും അത് എന്താണെന്നും ഞങ്ങളെ കൂടി കാണിക്കണം. അവിടെ നിന്നു കിട്ടാത്ത സാധനത്തിന്റെ പേരില്‍ ഒപ്പിടാന്‍ പറ്റില്ല, അമ്മ പറഞ്ഞു.

അതേസമയം കുഞ്ഞിന്റെ സംരക്ഷണം ഉറപ്പുവരുത്തുമെന്നും ഉടന്‍ ഉത്തരവിറക്കുമെന്നും ബാലാവകാശ കമ്മീഷന്‍ പറഞ്ഞു.

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധനയ്ക്കായി ഇന്നലെയാണ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയത്. പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ തുടരുന്നത്.

അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് അടക്കം കണ്ടെത്തിയ വസ്തുക്കള്‍ ഇ.ഡി കൊണ്ട് വന്ന് വെച്ചതെന്നാണ് ബിനീഷിന്റെ കുടുംബം ആരോപിക്കുന്നത്.

അഭിഭാഷകനെ വീടിന് അകത്ത് കടക്കാനും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. രാത്രി 11 30 ഓടെ അഡ്വ. മുരുകുമ്പുഴ വിജയകുമാര്‍ ഇ.ഡിക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രതിയല്ലാതിരുന്നിട്ടും ബിനീഷിന്റെ ഭാര്യയെയും ബന്ധുക്കളെയും വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ചു. ഇന്ന് കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.

അതേസമയം, ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായി ഏഴാം ദിവസമാണ് ചോദ്യം ചെയ്യല്‍. ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താന്‍ കേരളത്തിലെ ബാങ്കുകള്‍ക്കും ഇ.ഡി നോട്ടീസ് നല്‍കി. ബിനീഷിന്റെ ബിനാമികള്‍ എന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. അതില്‍ ചിലര്‍ ഇന്ന് ഹാജരാകും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more