ലഹരിക്കടത്തില്‍ ബിനീഷിനെതിരെ തെളിവില്ല; ജാമ്യ ഉത്തരവില്‍ കര്‍ണാടക ഹൈക്കോടതി
Kerala News
ലഹരിക്കടത്തില്‍ ബിനീഷിനെതിരെ തെളിവില്ല; ജാമ്യ ഉത്തരവില്‍ കര്‍ണാടക ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th November 2021, 4:03 pm

ബെംഗളൂരു: ലഹരിക്കടത്ത് കേസില്‍ നടനും സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനുമായ ബിനീഷ് കോടിയേരിയ്‌ക്കെതിരെ തെളിവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ബിനീഷിന്റെ ജാമ്യ ഉത്തരവിനെ ഉദ്ധരിച്ച് കൈരളി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിനീഷ് മയക്കുമരുന്ന് കേസില്‍ പ്രതിയല്ല. ബിനീഷിനെതിരെ തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. സംശയം വെച്ച് ഒരാളെ കുറ്റവാളിയാക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ഒക്ടോബര്‍ 30 നാണ് ബിനീഷിന് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ബിനീഷ് പുറത്തിറങ്ങിയത്.

ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലായിരുന്നു അദ്ദേഹം. ജയില്‍ മോചിതനായതിന് പിന്നാലെ ഇന്ത്യയിലുള്ള ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് തനിക്കെതിരായ കേസിന് പിന്നിലെന്ന് ബിനീഷ് പറഞ്ഞിരുന്നു.

2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി.അനിഖ എന്നിവരെ ലഹരിക്കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതോടെയായിരുന്നു കേസിന്റെ തുടക്കം.

അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ ആദായ നികുതി നല്‍കാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിക്കുകയും ബിനീഷിന്റെ പേര് ഉയര്‍ന്നു വരികയും ചെയ്തതോടെ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

എന്‍.സി.ബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. എന്‍.സി.ബി പ്രതി ചേര്‍ക്കാത്തതുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകരുടെ വാദം.

എന്നാല്‍ ബിനീഷ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇ.ഡി ചൂണ്ടികാട്ടിയിരുന്നു. ഇ.ഡി കുറ്റപത്രത്തില്‍ നാലാം പ്രതിയാണ് ബിനീഷ്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍, രഞ്ജിത്ത് ശങ്കര്‍ എന്നിവരാണ് ബിനീഷിനായി ഹാജരായത്.

2020 നവംബര്‍ 11 നാണ് രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇഡി നാടകീയമായി അറസ്റ്റ് ചെയ്യുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Bineesh Kodiyeri drug case Karnataka High Court