| Thursday, 28th October 2021, 3:29 pm

മാസങ്ങള്‍ നീണ്ട നിയമപോരാട്ടം വിജയിച്ചു, പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി: ബിനോയ് കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി ബിനീഷ് കോടിയേരിയുടെ  സഹോദരന്‍ ബിനോയ് കോടിയേരി. മാസങ്ങള്‍ നീണ്ട നിയമപോരാട്ടം വിജയിച്ചെന്നും പിന്തുണ നല്‍കിയ എല്ലാവരോടും നന്ദിയുണ്ടെന്നും ബിനോയ്  പറഞ്ഞു.

അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ബിനീഷിന് ഉപാധികളോടെ ബെംഗളൂരു ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

എന്‍.സി.ബി കേസില്‍ പ്രതിയല്ലാത്തത് കൊണ്ട് ജാമ്യം അനുവദിക്കണമെന്ന് ബിനീഷിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.

ജാമ്യഹരജി കഴിഞ്ഞ ഡിസംബറിലും ഈ ഫെബ്രുവരിയിലും വിചാരണക്കോടതി തള്ളിയതിനെ തുടര്‍ന്ന് ബിനീഷ് മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. 7 മാസത്തിനിടെ 3 ബെഞ്ചുകള്‍ വാദം കേട്ടെങ്കിലും തീരുമാനമായിരുന്നില്ല. ഒടുവില്‍ നടന്ന വാദം ഈ മാസം 7ാം തിയതിയായിരുന്നു പൂര്‍ത്തിയായത്.

2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി.അനിഖ എന്നിവരെ ലഹരിക്കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയതതോടെയായിരുന്നു കേസിന്റെ തുടക്കം.

അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ ആദായ നികുതി നല്‍കാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിക്കുകയും ബിനീഷിന്റെ പേര് ഉയര്‍ന്നു വരികയും ചെയ്തതോടെ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

അനൂപുമായി പരിചയമുണ്ടെന്നും ബെംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി പണം വായ്പ നല്‍കിയതല്ലാതെ മറ്റ് ഇടപാടുകളില്ലെന്നും ബിനീഷ് മൊഴി നല്‍കിയെങ്കിലും അക്കൗണ്ടുകളിലെ പണമിടപാട് ചൂണ്ടിക്കാട്ടി ഇ.ഡി ബിനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Bineesh Kodiyeri Comment About Bail

We use cookies to give you the best possible experience. Learn more