| Wednesday, 2nd September 2020, 1:20 pm

'2013 മുതല്‍ അനൂപിനെ അറിയാം; മയക്കുമരുന്ന് ഇടപാടുമായി ഒരു ബന്ധവുമില്ല'; ബിനീഷ് കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ പ്രതിയായ മുഹമ്മദ് അനൂപുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ ആരോപണത്തിന് മറുപടിയുമായി ബിനീഷ് കോടിയേരി.

തനിക്ക് വളരെ അടുത്ത് അറിയുന്ന ആളാണ് അനൂപെന്നും എന്നാല്‍ അനൂപിന് ഇത്തരത്തിലൊരു ബിസിനസ് ഉണ്ടായിരുന്നു എന്നതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്നും ബിനീഷ് കോടിയേരി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘എനിക്ക് വളരെ നന്നായിട്ട് അറിയുന്ന ആളാണ് അനൂപ്. വര്‍ഷങ്ങളായിട്ട് പരിചയമുണ്ട്. 2012-13 കാലഘട്ടം മുതല്‍ തന്നെ അറിയാം. വസ്ത്രവ്യാപാരവുമായി ബന്ധപ്പെട്ട ബിസിനസുകള്‍ ചെയ്തിരുന്ന ആളാണ് അദ്ദേഹം. പിന്നീട് വല്ലപ്പോഴുമൊക്കെ ബെംഗളൂരുവിലൊക്കെ പോകുമ്പോള്‍ ഹോട്ടല്‍ റൂമുകളൊക്കെ ഡിസ്‌ക്കൗണ്ടില്‍ എടുത്തുതന്നിരുന്നത് അനൂപാണ്.

അതിന് ശേഷം 2015 ലാണ് അനൂപ് റെസ്റ്റോറന്റ് തുടങ്ങുന്നത്. അതിനായി പല സുഹൃത്തുക്കളില്‍ നിന്നും അദ്ദേഹം പണം കടംവാങ്ങിയിട്ടുണ്ട്. അത്തരത്തില്‍ കടംകൊടുത്ത കൂട്ടത്തില്‍ ഒരാള്‍ ഞാനുമാണ്. പല പേരുകളിലും അത് തുടങ്ങാന്‍ നോക്കി. പല ആളുകളുമായി ചേര്‍ന്നും നടത്താന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. അതില്‍ അനൂപിന് ഒരുപാട് കടങ്ങളുമുണ്ട്. ഇത്തരത്തിലാണ് എനിക്ക് അനൂപിനെ പരിചയം.

അനൂപ് ഇത്തരത്തിലൊരു ബിസിനസ് ചെയ്ത് പിടിക്കപ്പെട്ടു എന്നത് എനിക്കും എന്നെപ്പോലെയുള്ള മറ്റ് സുഹൃത്തുക്കള്‍ക്കും അതിനേക്കാളുപരി അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും വലിയ ഷോക്കായിരുന്നു. എന്റെ വീടുമായും അവര്‍ക്ക് ബന്ധമുണ്ടായിരുന്നു. അനൂപിനെ കുറിച്ചുള്ള ഞങ്ങളുടെ ധാരണ ഇതല്ലായിരുന്നു. എങ്ങനെയാണ് ഈ ബിസിനസില്‍ എത്തപ്പെട്ടതെന്ന് അറിയില്ല.

രണ്ട് തവണയായി ആറ് ലക്ഷം രൂപ ഹോട്ടല്‍ ബിസിനസിനായി നല്‍കിയിരുന്നു. കുമരകത്ത് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തു എന്ന് പറയുന്നത് തെറ്റാണ്. 2017 ലോ മറ്റോ എടുത്ത ഒരു ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ജൂലൈ 19 ന് ഞാന്‍ കുമരകത്ത് പോയിട്ടില്ല. അത്തരമൊരു വാര്‍ത്ത നിഷേധിക്കുകയാണ്.

26 തവണ അനൂപിനെ വിളിച്ചു എന്ന് പറയുന്നത് എനിക്ക് അറിയില്ല. എനിക്ക് അറിയാവുന്ന സൗഹൃദവലയത്തിലുള്ള ആളാണ് അനൂപ്. വല്ലപ്പോഴും വിളിക്കാറുണ്ട്. സുഹൃത്തുക്കള്‍ തമ്മില്‍ നടക്കുന്ന സംസാരങ്ങളാണ് നടന്നത്. അറസ്റ്റിലാവുന്നതിന് രണ്ട് ദിവസം മുന്‍പ് വിളിച്ചിരുന്നു. പണമില്ലെന്ന് പറഞ്ഞപ്പോള്‍ 15000 രൂപ കടംകൊടുത്തിരുന്നു. സാമ്പത്തികമായി തകര്‍ന്നുനില്‍ക്കുന്ന ആളായിട്ടാണ് ഞാന്‍ അനൂപിനെ അവസാന നാളുകളില്‍ കണ്ടത്, പി.കെ ഫിറോസൊക്കെ എന്ത് ആരോപണവും ഉന്നയിക്കുമെന്നും ബിനീഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: bineesh kodiyeri about pk firoz allegation

We use cookies to give you the best possible experience. Learn more