സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനെതിരെ വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് ബിനീഷ് ബാസ്റ്റിന്‍; പിന്തുണച്ച് സിനിമാലോകം; മാപ്പ് പറഞ്ഞ് സംവിധായകന്‍
പാലക്കാട്: മൂന്നാംകിട നടനായ തനിക്കൊപ്പം വേദി പങ്കിടില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതില്‍ പരസ്യ പ്രതിഷേധവുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍.
അനില്‍ രാധാകൃഷ്ണ മേനോന്‍ സംസാരിക്കുന്ന സ്റ്റേജില്‍ കുത്തിയിരുന്നാണ് ബിനീഷ് പ്രതിഷേധിച്ചത്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേ പരിപാടിക്കിടെയായിരുന്നു സംഭവം. കോളജില്‍ ചീഫ് ഗസ്റ്റായിട്ടാണ് ബിനീഷ് ബാസ്റ്റിനെ ക്ഷണിച്ചിരുന്നത്.
എന്നാല്‍ പരിപാടി തുടങ്ങുന്നതിന് 1 മണിക്കൂര്‍ മുന്‍പ് കോളേജിലെ പ്രിന്‍സിപ്പാളും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തുകയും പരിപാടിക്ക് ഒരുമണിക്കൂര്‍ കഴിഞ്ഞ് എത്തിയാല്‍ മതിയെന്ന് അറിയിക്കുകയുമായിരുന്നു.
കോളേജില്‍ മാഗസിന്‍ പ്രകാശനത്തിന് വരാമെന്നേറ്റ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ബിനീഷ് വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്നും ഒരു മൂന്നാം കിട നടനോടൊപ്പം വേദി പങ്കിടാന്‍ എനിക്ക് കഴിയില്ലെന്നും പറഞ്ഞതായും ബിനീഷിനോട് സംഘാടകര്‍ അറിയിച്ചു. തുടര്‍ന്ന് അനിലിന്റെ പ്രസംഗം നടക്കുന്നതിനിടെ ബിനീഷ് ബാസ്റ്റിന്‍ വേദിയില്‍ എത്തുകയും സ്റ്റേജില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയുമായിരുന്നു.
തന്നെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളാണ് ഇവിടെയുള്ളതെന്ന് അറിയാമെന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ഇന്‍സള്‍ട്ട് നടന്നൊരു ദിവസമാണിതെന്നും ബിനീഷ് പ്രസംഗത്തിനിടെ പറഞ്ഞു. ബിനീഷ് സംസാരിക്കുന്നതിനിടെ അനില്‍ രാധാകൃഷ്ണ മേനോന്‍ വേദി വിട്ട് പോവുകയും ചെയ്തു.
സംഭവം വിവാദമായതോടെ നിരവധി പേര്‍ ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തി.
വിഷയത്തില്‍ ഇടപെട്ട് അനില്‍ രാധാകൃഷ്ണനോട് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അങ്ങേയറ്റം നിര്‍ഭാഗ്യകരമായ സംഭവമാണ് അരങ്ങേറിയിരിക്കുന്നതെന്നും വിശദീകരണം നല്‍കാന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.
”സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് സംഭവത്തെ കുറിച്ച് അറിഞ്ഞത്. ബിനീഷ് ബാസ്റ്റിനുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ബിനീഷുമായി സംസാരിക്കും. കേരളം എന്തിന് വേണ്ടി നിലനില്‍ക്കുന്നുവോ, ആ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കാര്യമാണ് ഈ വീഡിയോയില്‍ കണ്ടത്. ഫെഫ്കയ്ക്ക് ആ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്”-ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ഇതിന് പിന്നാലെ വിഷയത്തില്‍ മാപ്പ് പറഞ്ഞ് അനില്‍ രാധാകൃഷ്ണന്‍ മേനോനും രംഗത്തെത്തി. താന്‍ കാരണം ബിനീഷ് ബാസ്റ്റിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് മാപ്പു ചോദിക്കുന്നുവെന്നാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞത്.
ബിനീഷ് ബാസ്റ്റിനെ തനിക്ക് ഇഷ്ടമാണെന്നും അടുത്ത സിനിമയില്‍ അദ്ദേഹത്തിന് ഒരു ചെറിയ വേഷം നല്‍കുമെന്നും അനില്‍ രാധാകൃഷ്ണമേനോന്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ പേരിനൊപ്പം മേനോന്‍ എന്നുള്ളത് കൊണ്ട് തന്നെ സവര്‍ണനായി മുദ്ര കുത്തരുതെന്നും അങ്ങനെ ചിന്തിക്കുന്ന ഒരാളാണ് താനെന്ന് കരുതരുതെന്ന് അനില്‍ രാധാകൃഷ്ണമേനോന്‍ പറഞ്ഞു.
എന്നാല്‍ അനില്‍ രാധാകൃഷ്ണന്‍ വെച്ചു നീട്ടിയ വേഷം സ്വീകരിക്കുമോ എന്ന ചോദ്യത്തിന് താന്‍ ആ വേഷം സ്വീകരിക്കണോ എന്ന് ജനങ്ങള്‍ പറയുമെന്നും അവര്‍ പറയുന്നത് താന്‍ അനുസരിക്കുമെന്നുമായിരുന്നു ബിനീഷ് ബാസ്റ്റിന്‍ മറുപടി പറഞ്ഞത്.
‘ജനങ്ങള്‍ എന്തുപറയുന്നോ അതിന്റെ കൂടെ ഞാന്‍ നില്‍ക്കും. ജനങ്ങളാണ് ഈ സമയത്ത് എനിക്കൊപ്പം നിന്നത്. അനിലേട്ടന്‍ എനിക്ക് അടുത്ത സിനിമയില്‍ റോള്‍ തരുമെന്ന് പറഞ്ഞതായി അറിഞ്ഞു. അദ്ദേഹത്തിന് എന്റെ മനസിലുള്ള സ്ഥാനം പോയിട്ടില്ല. എന്തുകൊണ്ട് എന്നോട് ഇങ്ങനെ കാണിച്ചു എന്നതിന് ഉത്തരം കിട്ടിയാല്‍ മതി’ ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു.
വേദിയിലേക്ക് കയറാന്‍ തുടങ്ങുന്ന ബിനീഷിനെ തടയുന്ന കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കുലാസിന്റെ നടപടിയും വിമര്‍ശിക്കപ്പെട്ടിരുന്നു. വേദിയില്‍ നിന്ന് പ്രസംഗിക്കുന്ന ബിനീഷിന്റെ സമീപത്തെത്തി വേദിയില്‍ നിന്ന് ഇറങ്ങണമെന്നും ഇല്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും പ്രിന്‍സിപ്പല്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു.
അതോടൊപ്പം കൊളേജ് ഡേ പരിപാടിയ്ക്കായി ഔദ്യോഗികമായി വിളിച്ചത് അനില്‍ രാധാകൃഷ്ണന്‍ മേനോനെയാണെന്നും ബിനീഷ് ബാസ്റ്റിനെ വിളിച്ച കാര്യം തനിക്ക് അറിയുമായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു.
അനില്‍ രാധാകൃഷ്ണ മേനോനും ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള വിഷയത്തില്‍ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ലെന്നും അനിലിന് ജാഗ്രത കുറവുണ്ടായെന്നും പ്രശ്‌നം അവസാനിപ്പിച്ചെന്നും ബി.ഉണ്ണികൃഷ്ണന്‍ പിന്നീട് രണ്ടുപേരും ഒരുമിച്ചുള്ള വേദിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.