കോഴിക്കോട്: അടുത്ത സിനിമയില്‍ ബിനീഷ് ബാസ്റ്റിന് ഒരു വേഷം നല്‍കുമെന്ന സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ പ്രസ്താവനയില്‍ മറുപടിയുമായി ബിനീഷ്.
താന്‍ ആ വേഷം സ്വീകരിക്കണോയെന്ന് ജനങ്ങള്‍ പറയുമെന്നും അവര്‍ എന്താണോ പറയുന്നത് അത് താന്‍ അനുസരിക്കുമെന്നുമായിരുന്നു ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞത്.
‘ജനങ്ങള്‍ എന്തുപറയുന്നോ അതിന്റെ കൂടെ ഞാന്‍ നില്‍ക്കും. ജനങ്ങളാണ് ഈ സമയത്ത് എനിക്കൊപ്പം നിന്നത്. അനിലേട്ടന്‍ എനിക്ക് അടുത്ത സിനിമയില്‍ റോള്‍ തരുമെന്ന് പറഞ്ഞതായി അറിഞ്ഞു. അദ്ദേഹത്തിന് എന്റെ മനസിലുള്ള സ്ഥാനം പോയിട്ടില്ല. എന്തുകൊണ്ട് എന്നോട് ഇങ്ങനെ കാണിച്ചു എന്നതിന് ഉത്തരം കിട്ടിയാല്‍ മതി.
അദ്ദേഹത്തോട് ബഹുമാനക്കുറവില്ല. പക്ഷേ അദ്ദേഹം എനിക്ക് വെച്ചുനീട്ടിയ വേഷം ഞാന്‍ തീരുമാനിക്കേണ്ട കാര്യമല്ല. ഈയൊരു വിഷയത്തില്‍ ലോകത്തുള്ള എല്ലാ ജനങ്ങളും എന്നെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കാര്യത്തില്‍ തീരുമാനം എടുക്കണമെങ്കില്‍ ജനങ്ങളുടെ തീരുമാനം കൂടി എനിക്ക് അറിയണം’- ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
220 കോളേജില്‍ താന്‍ ഇതുവരെ ഉദ്ഘാടനത്തിന് പോയിട്ടുണ്ടെന്നും 219 കോളേജില്‍ നിന്നും സന്തോഷത്തോടെയാണ് ഇറങ്ങിയതെന്നും ബിനീഷ് പറയുന്നു. എന്നെ വലിയ നടനായിട്ടൊന്നുമല്ല ഇവരൊന്നും വിളിക്കുന്നത്. എന്റെ സോഷ്യല്‍മീഡിയ ഫോളോവേഴ്‌സ് എന്റെ സുഹൃത്തുക്കളാണ്. അവരാണ് എന്നെ വിളിക്കുന്നത്. ഇന്നലത്തെ ദിവസം ഞാന്‍ ഉറങ്ങിയിട്ടില്ല.
പരിപാടിയില്‍ ഞാനാണ് ഗസ്റ്റായി വരുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് അനിലേട്ടന്‍ പറഞ്ഞത് വിശ്വസിക്കുന്നില്ല. അനിലേട്ടന് അറിയാമായിരുന്നു. കോളേജിന്റെ പോസ്റ്ററും സെല്‍ഫി വീഡിയോയും ഉള്‍പ്പെടെ അദ്ദേഹം കണ്ടിരിക്കേണ്ടതാണ്.
അനിലേട്ടനാണ് ഗസ്റ്റായി വരുന്നത് എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമാണ് തോന്നിയത്. ഞാന്‍ സംഘാടകരോട് പറഞ്ഞിരുന്നു ഞാന്‍ ഉണ്ടെന്ന് അനിലേട്ടനോട് പറഞ്ഞേക്കണേയെന്ന്. അപ്പോള്‍ സംഘാടകര്‍ എന്നോട് ചോദിച്ചത് അനിലേട്ടന്‍ ഗസ്റ്റായി വരുന്നതില്‍ എനിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ എന്നായിരുന്നു. അനിലേട്ടനാണ് വരുന്നതെങ്കില്‍ സന്തോഷമേയുള്ളൂവെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്ന ആളാണ് ഞാന്‍. ആ അദ്ദേഹം എന്നോട് ഇങ്ങനെ കാണിച്ചത് മര്യാദകേടായിപ്പോയി- ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നെ ഗസ്റ്റായി വിളിച്ച് അപമാനിക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍. അനിലേട്ടനേക്കാള്‍ ആ പ്രിന്‍സിപ്പലാണ് അപമാനിച്ചത്. പ്രിന്‍സിപ്പല്‍ എന്റെ കൈയില്‍ കയറി പിടിക്കുന്നു. പൊലീസിനെ വിളിക്കുമെന്ന് പറയുന്നു. മാറി നില്‍ക്കാന്‍ പറയുന്നു. ക്ഷണിക്കപ്പെട്ട അതിഥിയായാണ് ഞാന്‍ അവിടെ പോയത്. അഞ്ച് പൈസ പോലും വാങ്ങിയിട്ടില്ല. കോളേജില്‍ നിന്ന് ഇറങ്ങിയ ശേഷം തൃശൂര്‍ എത്തിയപ്പോഴാണ് ഫോണ്‍ ഓണാക്കിയത്. കോളേജ് ചെയര്‍മാന്‍ വിളിച്ചിട്ട് അക്കൗണ്ട് നമ്പര്‍ അയച്ചുതന്നാല്‍ പൈസ ഇടാമെന്ന് പറഞ്ഞു.
ഞാന്‍ പറഞ്ഞു, ‘മച്ചാനേ എനിക്ക് പൈസയൊന്നും വേണ്ട. നിങ്ങള്‍ ഈ പൈസ ഏതെങ്കിലും ചാരിറ്റി പരിപാടിക്ക് ഇറക്കിക്കോ എനിക്ക് സന്തോഷമേയുള്ളൂവെന്ന്’. അത്രയ്ക്കും വിഷമം നേരിട്ട ദിവസമായിരുന്നു ഇന്നലെ- ബിനീഷ് പറഞ്ഞു.