| Saturday, 19th December 2020, 4:02 pm

സ്‌കൂള്‍ കാലത്ത് മൂവര്‍ണ്ണക്കൊടി ഹൃദയത്തിലേറ്റിയതാണ്, പ്രസ്ഥാനത്തിന് ദോഷം വരുന്ന ഒന്നും ചെയ്യില്ല; ബി.ജെ.പി ഏജന്റ് ആരോപണത്തില്‍ ബിന്ദു കൃഷ്ണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ. ബി.ജെ.പി ഏജന്റ് ആണ് താനെന്ന ആരോപണത്തിലായിരുന്നു ബിന്ദുകൃഷ്ണയുടെ പ്രതികരണം.

പേയ്മെന്റ് റാണിയെ പുറത്താക്കുക എന്നെഴുതിയ പോസ്റ്ററുകള്‍ ബിന്ദു കൃഷ്ണക്കെതിരെ പ്രചരിച്ചിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മൂവര്‍ണ്ണക്കൊടി ഹൃദയത്തിലേറ്റിയതാണെന്നും ആ പ്രസ്ഥാനത്തിന് ദോഷം വരുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും താന്‍ അറിഞ്ഞോ അറിയാതെയോ കൂട്ട് നിന്നിട്ടില്ലെന്നും ബിന്ദു കൃഷ്ണ ഫേസ്ബുക്കില്‍ എഴുതി.

‘ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിശ്ചയദാര്‍ഡ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ജില്ലയിലുടനീളം നടത്തിയിരുന്നത്. ഓരോ ദിവസവും ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ അതിരാവിലെ എത്തുകയും ഭവനസന്ദര്‍ശനങ്ങള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളുമായി സാധാരണക്കാരായ ജനങ്ങളിലേക്ക് ഇറങ്ങുകയും ചെയ്തു.

ചൂടും വെയിലും വകവയ്ക്കാതെ, ആഹാരവും വിശ്രമവുമില്ലാതെ, വൈകിയ രാത്രികള്‍ വരെ പ്രസ്ഥാനത്തിന്റെ താഴെ തട്ടിലുള്ള സഹപ്രവര്‍ത്തകരോടൊപ്പം പര്യടനങ്ങളും പ്രവര്‍ത്തനങ്ങളും തുടര്‍ന്നു. ബ്ലോക്ക് കമ്മിറ്റികള്‍ക്കും മണ്ഡലം കമ്മിറ്റികള്‍ക്കും പുറമേ ചില സമയങ്ങളില്‍ ബൂത്ത് കമ്മിറ്റികളിലും പങ്കെടുത്തു.

സര്‍ക്കാരും സി.പി.ഐ.എമ്മുമൊക്കെ പ്രതിസന്ധിയിലായിരിക്കുന്ന ഈ ഘട്ടത്തില്‍ സംസ്ഥാനത്തുടനീളം വിജയക്കുതിപ്പ് നേടേണ്ടിയിരുന്നു. എന്നാല്‍ ജനങ്ങളുടെ ചെറിയ പ്രശ്‌നങ്ങളില്‍ പോലും പരിഹാരം കണ്ടെത്തേണ്ടവരുടെ മത്സരമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. അവിടെ ഒരു പരിധി വരെ രാഷ്ട്രീയത്തിന് സ്ഥാനവും സ്വാധീനവുമില്ല. ജനങ്ങളുമായി കൂടുതല്‍ ബന്ധം ഉള്ളവര്‍ക്കാണ് സമ്മതിദാന അവകാശം ജനങ്ങള്‍ നല്‍കുന്നത്. അത് ഒരു പാര്‍ട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ല. ആ ബന്ധം തിരിച്ച് പിടിക്കാനായിരിക്കണം ഇനിയുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍.

ജയങ്ങളും പരാജയങ്ങളും മാറി മാറി അനുഭവിച്ചിട്ടുള്ളവരാണ് നമ്മള്‍ കോണ്‍ഗ്രസ്സുകാര്‍. നമ്മള്‍ കൂടുതല്‍ മെച്ചപ്പെടാനുള്ള പാഠമാണ് പരാജയങ്ങളില്‍ നിന്നും ഉള്‍ക്കൊള്ളേണ്ടത്. ജനാധിപത്യത്തില്‍ വിശ്വസിക്കുമ്പോള്‍ ജനവിധി അംഗീകരിക്കുകയും വേണം എന്ന ബോധ്യമുണ്ട്. നമുക്കും അവിടെ നിന്ന് തുടങ്ങാം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന കൊല്ലം കോര്‍പ്പറേഷനില്‍ യു.ഡി.എഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എന്നാല്‍ കഠിന പ്രയത്‌നങ്ങളാല്‍ പഞ്ചായത്തുകളില്‍ ഭേദപ്പെട്ട മുന്നേറ്റം നടത്താനും യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്.

പരാജയ കാരണം അന്വേഷിക്കുക മാത്രമല്ല, പഠിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകാന്‍ ശ്രദ്ധിക്കും. 2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കൊല്ലത്തിന് സമ്മാനിച്ചവരാണ് ഒപ്പമുള്ള ഓരോ സഹപ്രവര്‍ത്തകരും. ജനങ്ങളെയും, സാധാരണക്കാരായ പ്രവര്‍ത്തകരേയും, പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരെയും, വിശ്വസിക്കുന്നവരെയും പരിപൂര്‍ണ്ണ വിശ്വാസത്തിലെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങാം. കോണ്‍ഗ്രസ് പാര്‍ട്ടിയെ വളര്‍ത്താനും തളര്‍ത്താനും മറ്റാരെക്കാളും കഴിയുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഉള്ളവര്‍ക്ക് മാത്രമാണ്.
ഞാനല്ല പ്രസ്ഥാനം. നമ്മളാണ്’ എന്നാണ് ബിന്ദു കൃഷ്ണ പറഞ്ഞത്.

കൊല്ലത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തിന് പിന്നാലെയാണ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം ഉയര്‍ന്നത്. പേയ്മെന്റ് റാണിയെ പുറത്താക്കുക എന്നെഴുതിയ പോസ്റ്ററുകളായിരുന്നു ബിന്ദു കൃഷ്ണയ്ക്കെതിരെ ഉയര്‍ന്നിരുന്നത്.

ബിന്ദു കൃഷ്ണ ബി.ജെ.പിയുടെ ഏജന്റാണെന്നും പോസ്റ്ററില്‍ പറയുന്നു. കൊല്ലം ഡി.സി.സി ഓഫീസിനും ആര്‍.എസ്.പി ഓഫീസിനും മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ അതൃപ്തി പരസ്യമാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേതൃത്വത്തിനെതിരായുള്ള പോസ്റ്ററുകളും ഫ്ളക്സുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

കെ.പി.സി.സി ആസ്ഥാനത്ത് കെ.സുധാകരനെ കോണ്‍ഗ്രസിന്റെ അധ്യക്ഷനാക്കണമെന്ന് ആശ്യപ്പെട്ടും ഫ്ളക്സുകള്‍ ഉയര്‍ന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു എന്നീ സംഘടനകളുടെ പേരിലാണ് കൂറ്റന്‍ ഫ്ളക്സ് ഉയര്‍ന്നിരിക്കുന്നത്.

”ഇനിയുമൊരു പരീക്ഷണത്തിന് സമയമില്ല, കെ.സുധാകരനെ വിളിക്കൂ,കോണ്‍ഗ്രസിനെ രക്ഷിക്കൂ,” എന്നെഴുതിയ ഫ്ളക്സാണ് കെ.പി.സി.സി ആസ്ഥാനത്ത് ഉയര്‍ന്നിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസിന് ഊര്‍ജം പകരാന്‍ ഊര്‍ജ്ജസ്വലതയുള്ള നേതാവ് കെ.സുധാകരനെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കണമെന്ന് ഫ്ളക്സില്‍ എഴുതിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം താനായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പ് ഫലം ഇതാകില്ലായിരുന്നുവെന്ന് കെ.സുധാകരന്‍ എം.പി പറഞ്ഞിരുന്നു.

എല്‍.ഡി.എഫ് ഭരണത്തിന്റെ വീഴ്ച ജനങ്ങളിലെത്തിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. യു.ഡി.എഫിന് സംഘടനാ ദൗര്‍ബല്യമുണ്ട്. കേരളത്തില്‍ അനുകൂല സാഹചര്യമുണ്ടായിട്ടും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content Highlight: Bindukrishna On BJP agent allegation

Latest Stories

We use cookies to give you the best possible experience. Learn more