| Sunday, 28th October 2018, 10:07 am

ജനം ടിവിക്കെതിരെയും സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയും സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിന്ദു തങ്കം കല്ല്യാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: താന്‍ മാവോയിസ്റ്റാണെന്നും തന്റെ പേര് ബിന്ദു സക്കറിയയാണെന്നുമടക്കമുള്ള വ്യാജപ്രചരണം നടത്തിയ ജനം ടിവിക്കെതിരെയും സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയും സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിന്ദു തങ്കം കല്ല്യാണി. ജനം ടിവി പോലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഞാന്‍ മാവോയിസ്റ്റാണെന്നാണ്. തന്റെ പേര് പോലും തെറ്റായി പ്രചരിപ്പിക്കാനാണ് ശ്രമിച്ചതെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

“കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്‍ എന്റെ പേര് പറഞ്ഞത് ബിന്ദു സക്കറിയ എന്നാണ്. ഔദ്യോഗികമായി എന്റെ പേര് ബിന്ദു ടി.വി എന്നാണ്. എന്നാല്‍ ബിന്ദു തങ്കം കല്ല്യാണി എന്ന പേരിലാണ് ഞാന്‍ അറിയപ്പെടുന്നത്. ഇത് രണ്ടും മാറ്റിവെച്ചിട്ട് ബിന്ദു സക്കറിയ എന്ന പേരില്‍ വ്യാപകമായ ആരോപണങ്ങള്‍ ഉണ്ടാക്കുന്നത് പിന്നില്‍ തന്നെ ക്രിസ്ത്യാനിയാണെന്ന് ചിത്രീകരിക്കുന്നതിനാണ്.

തന്റെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് സംഘപരിവാറുകാര്‍ പരിഹാരക്രിയ ചെയ്യിച്ചത്. വീടിനടുത്തുള്ള ബി.ജെ.പി നേതാവിന്റെ വീട്ടിലേക്ക് എന്റെ അമ്മയെ വിളിച്ചുവരുത്തി വിളക്ക് കത്തിച്ചു തരണം ദൈവത്തിന്റെ കാര്യമല്ലേന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു. ജീവന് ഭീഷണിയാവുമെന്ന ഘട്ടത്തില്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വീട്ടുകാര്‍ പോയത്.” ബിന്ദു പറഞ്ഞു.

കോഴിക്കോട് സ്വദേശിനിയായ ബിന്ദു ശബരിമലയിലേക്ക് പോകാന്‍ തയാറായി പമ്പവരെ എത്തിയെങ്കിലും പൊലീസ് ഇവരെ തിരിച്ചയക്കുകയുമായിരുന്നു. തിരികെ എത്തിയ ബിന്ദുവിന് നേരെ വധ ഭീഷണി ഉയരുകയും ഇവര്‍ താമസിച്ചിരുന്ന വാടക വീട് ഒഴിഞ്ഞുകൊടുക്കേണ്ടിവരികയും ചെയ്തു. സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപികയായ ബിന്ദുവിനോട് ഇനി മുതല്‍ സ്‌കൂളില്‍ വരേണ്ടെന്നും പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more