കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ മല കയറാനെത്തിയ ബിന്ദു തങ്കം കല്യാണിക്ക് നേരെ വീണ്ടും സംഘപരിവാര്‍. ബിന്ദു ജോലി ചെയ്യുന്ന അഗളി ഗവണ്‍മെന്റ് സ്‌കൂളിലേക്ക് നാമജപ ഘോഷയാത്ര നടത്താനാണ് സംഘപരിവാറിന്റെ നീക്കം. അതിനായി കര്‍മ്മ സേന എന്ന പേരില്‍ തയ്യാറാക്കിയ നോട്ടീസ് അഗളിയിലും പരിസരപ്രദേശങ്ങളിലുമായി ഇവര്‍ വിതരണം ചെയ്തുവരികയാണ്.
“”കര്‍മസേന എന്ന പേരില്‍ ആദിവാസികള്‍ നടത്തുന്ന പ്രക്ഷോഭമാണിതെന്നാണ് അവര്‍ പുറത്ത് പ്രചരിപ്പിട്ടുള്ളത്. എന്നാല്‍ ആദിവാസികളെ മുന്‍നിര്‍ത്തി സംഘപരിവാര്‍ നടത്തുന്ന ആക്രമണം മാത്രമാണിത്. നാമജപ ഘോഷയാത്ര നടത്തുന്നു എന്ന പേരില്‍ നോട്ടീസ് ഇറക്കിയവരില്‍ ആരും ആദിവാസി വിഭാഗത്തിലുള്ളവരല്ല എന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. നോട്ടീസില്‍ പേരെഴുതിയിട്ടുള്ള കറുപ്പുസ്വാമി, സുരേഷ് ഇവരെയൊന്നും എനിക്കറിയില്ല. എന്നാല്‍ നാട്ടുകാര്‍ അവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവരല്ല.””ബിന്ദു പറഞ്ഞു.
ALSO READ: നെയ്യാറ്റിന്‍കര കൊലപാതകം: ഡി.വൈ.എസ്.പി ഹരികുമാറിനെ സഹായിച്ചയാള്‍ പിടിയില്‍
ഞാന്‍ അഗളി സ്‌കൂളിലെത്തുന്നു എന്നറിഞ്ഞപ്പോഴേക്കും സംഘപരിവാര്‍ പ്രശ്‌നങ്ങളുണ്ടാക്കിത്തുടങ്ങിയിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതരും അധ്യാപക-രക്ഷാകര്‍തൃ സംഘടനയുമെല്ലാം എനിക്ക് വേണ്ട പിന്തുണ നല്‍കിയിരുന്നു. ഇവിടെ എത്തിയതിന് ശേഷമുള്ള ആദ്യ ദിവസങ്ങളിലെ ചെറിയ പ്രശ്‌നങ്ങളൊഴികെ മറ്റ് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല. അങ്ങനെ നമ്മള്‍ സമാധാനപരമായി നില്‍ക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെട്ടുകാണില്ല. അതുകൊണ്ട് വിദ്യാര്‍ഥികളെ മുന്‍നിര്‍ത്തിയാണ് സംഘപരിവാര്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയായിട്ടാണ് ഞാന്‍ ഇവിടെ തുടരുന്നത് എന്നാണ് നോട്ടീസില്‍ അവര്‍ പറയുന്നതെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.
മുന്‍പ് അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ട സമയത്താണ് ആദിവാസി അക്ഷന്‍ കൗണ്‍സില്‍ എന്നപേരില്‍ ഒരു കൂട്ടായ്മ രൂപീകരിക്കപ്പെടുന്നത്. അതില്‍ ആദിവാസി വിഭാഗത്തിലുള്ളവര്‍ മാത്രമായിരുന്നില്ല. അട്ടപ്പാടിയിലെ സകല വിഭാഗത്തില്‍പ്പെട്ടവരും ഉണ്ടായിരുന്നു. മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചതോടെ ആ ഗ്രൂപ്പിന്റെ പ്രസത്കിയും അവസാനിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് രാഷ്ട്രീയക്കാര്‍ തമ്മില്‍ പോരടിക്കാനുള്ള ഗ്രൂപ്പായി മാറി. അതിലുള്ള പാര്‍ട്ടിക്കാര്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി അവരുടെ പാര്‍ട്ടിക്കാരേയും അതിലേക്ക് തിരുകി കയറ്റിയരുന്നു. സ്വതന്ത്ര ചിന്താഗതിക്കാര്‍ കുറവായിരുന്നു. അവസാനം എല്ലാവരും പിരിഞ്ഞു പോയപ്പോഴും ആര്‍.എസ്.എസുകാര്‍ ഗ്രൂപ്പില്‍ നിന്നു. അങ്ങനെയാണ് ഇപ്പോള്‍ കര്‍മ്മ സേന എന്ന പേരില്‍ ആദിവാസികള്‍ നടത്തുന്ന പ്രതിഷേധം എന്ന് അവര്‍ പറഞ്ഞു പരത്തുന്നത് – ബിന്ദു പറഞ്ഞു.
“”സുപ്രീം കോടതിയെ മറയാക്കി സര്‍ക്കാരും പൊലീസും സ്‌പോണ്‍സര്‍ ചെയ്ത് ശബരിമലയില്‍ പോയ ബിന്ദു സക്കറിയ അട്ടപ്പാടിയില്‍ എത്തിയിട്ടുണ്ടെന്നും അത് വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നുമാണ് നോട്ടീസില്‍ പറയുന്നത്. അവരെ ഇവിടെ നിന്നും സ്ഥലംമാറ്റി അയ്യപ്പവിശ്വാസികളോട് നീതി പുലര്‍ത്തുവാന്‍ ബഹുജനപ്രക്ഷോഭം നടത്തുകയാണ് എന്നുമാണ് നോട്ടീസില്‍ പറയുന്നത്”” കര്‍മ്മ സേന പ്രതിനിധികളായി രണ്ട് പേരുടെ പേരും നമ്പറുമടക്കം നോട്ടീസില്‍ നല്‍കിയിട്ടുണ്ട്.
സുപ്രീംകോടതി വിധിപ്രകാരമുള്ള ഭരണഘടനാപരമായ ഒരു സ്ത്രീയുടെ അവകാശത്തിന് വേണ്ടി നിന്നു എന്നതിനാണ് സംഘപരിവാറില്‍ നിന്നും ഞാന്‍ നിരന്തരം വേട്ടയാടപ്പെടുന്നത്. ഒരു ദളിത് സ്ത്രീ കൂടിയായതിനാലാണ് തനിക്കെതിരെ സംഘപരിവാര്‍ ഇത്രമേല്‍ വിദ്വേഷപരമായ പ്രചരണങ്ങളും ആക്രമണങ്ങളും തുടര്‍ച്ചയായി നടത്തുന്നതെന്നും സുരക്ഷയാവശ്യപ്പെട്ടുകൊണ്ട് അഗളി പോലീസ് സ്‌റ്റേഷനില്‍ പരാതി ഇതിനകം പരാതി നല്‍കിയിട്ടുണ്ടെന്നും ബിന്ദു ഡൂള്‍ ന്യൂസിനോട് പറഞ്ഞു. സംഘപരിവാര്‍ പുറത്തിറക്കിയ നോട്ടീസിന്റെ ഒരു കോപ്പിയും പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.