ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംഘപരിവാര്‍ കരുതിവെക്കുന്നത്...; ബിന്ദു തങ്കം കല്യാണിയുടെ ഇരുപത് ദിവസത്തെ ജീവിതം
Gender Equity
ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംഘപരിവാര്‍ കരുതിവെക്കുന്നത്...; ബിന്ദു തങ്കം കല്യാണിയുടെ ഇരുപത് ദിവസത്തെ ജീവിതം
ലിനിഷ മാങ്ങാട്
Monday, 12th November 2018, 3:24 pm

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധിക്ക് ശേഷം തുലാമാസ പൂജയ്ക്ക് ശബരിമല കയറാനെത്തിയത് ബിന്ദു തങ്കം കല്യാണി, രഹ്ന ഫാത്തിമ, മഞ്ജു, സുഹാസിനി, മേരി സ്വീറ്റി, കവിത എന്നീ 8 സ്ത്രീകളാണ്.ഇതില്‍ ബിന്ദു തങ്കം കല്യാണി തുലാമാസ പൂജ കഴിഞ്ഞ് നട അടയ്ക്കാനിരിക്കെയാണ്, തിങ്കളാഴ്ച ശബരി മല ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ സംഘപരിവാറിന്റെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോകേണ്ടി വന്നു.

എന്നാല്‍ മല കയറാനെത്തിയ ബിന്ദുവിന് നേരെയുള്ള സംഘപരിവാറിന്റെ് ആക്രമണം തുടരുകയാണ്. വീടാക്രമിച്ചും സൈബര്‍ ആക്രമണം നടത്തിയും സംഘപരിവാര്‍ ഭീകരത ഇപ്പോഴും അവരെ വിടാതെ പിന്തുടരുന്നുണ്ട്. അതിനുദാഹരണമാണ് ഇന്ന് ബിന്ദു ജോലി ചെയ്യുന്ന അഗളി ഗവണ്‍മെന്റ് സ്‌കൂളിലേക്ക് നാമജപ ഘോഷയാത്ര നടത്തിയതും.

ശബരിമലയില്‍ നിന്ന് തിരികെ എത്തിയ ബിന്ദുവിന് നേരെ വധ ഭീഷണി ഉയരുകയും ഇവര്‍ താമസിച്ചിരുന്ന വാടക വീട് ഒഴിഞ്ഞുകൊടുക്കേണ്ടിവരികയും ചെയ്തു. അതോടെ ജീവന് ഭീഷണി ഉണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും അവര്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് സംരക്ഷണയിലായിരുന്നു ബിന്ദു താമസിച്ചത്.

ALSO READ:  മുസ്‌ലീമായ നടിയേയും കൊണ്ട് പത്മനാഭ ക്ഷേത്രത്തില്‍ പോയി; തന്ത്രിയടക്കമുള്ളവര്‍ അകമ്പടി സേവിച്ചു; വെളിപ്പെടുത്തലുമായി സാംസ്‌കാരിക വകുപ്പ് മുന്‍ ജീവനക്കാരന്‍

പിന്നീട് ബിന്ദുവിന്റെ മാതാപിതാക്കള്‍ മകളുടെ പ്രവൃത്തിയില്‍ മാപ്പ് ചോദിച്ചതായി പ്രചരണങ്ങള്‍ ഉണ്ടായി. സംഘപരിവാറിന്റെ നേതൃത്വത്തില്‍ വിളക്ക് കൊളുത്തി മാപ്പ് പറഞ്ഞുവെന്നും മകളുടെ തെറ്റ് പൊറുക്കണമെന്നും പറഞ്ഞതായി ജനം ടി.വി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തന്റെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് സംഘപരിവാറുകാര്‍ പരിഹാരക്രിയ ചെയ്യിച്ചതെന്നും വീടിനടുത്തുള്ള ബി.ജെ.പി നേതാവിന്റെ വീട്ടിലേക്ക് അമ്മയെ വിളിച്ചുവരുത്തി “വിളക്ക് കത്തിച്ചു തരണം ദൈവത്തിന്റെ കാര്യമല്ലേ” എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോകുകയായിരുന്നുവെന്നും ബിന്ദു പറഞ്ഞിരുന്നു. ജീവന് ഭീഷണിയാവുമെന്ന ഘട്ടത്തില്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വീട്ടുകാര്‍ പോയതെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ശബരിമലയില്‍ പോയതിന് പരിഹാരം ചെയ്യാന്‍ ശബരിമലയില്‍ പോകണമെന്നാണ് ബി.ജെ.പി നേതാക്കള്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടെന്നും ബിന്ദു ആരോപിച്ചിരുന്നു.

താന്‍ മാവോയിസ്റ്റാണെന്നും തന്റെ പേര് ബിന്ദു സക്കറിയയാണെന്നുമടക്കമുള്ള വ്യാജപ്രചരണം നടത്തിയ ജനം ടി.വിക്കെതിരെയും സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയും സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിന്ദു തങ്കം കല്ല്യാണി അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സ്ഥലം മാറ്റം ലഭിച്ച് അട്ടപ്പാടി അഗളി ഗവണ്‍മെന്റ് സ്‌കൂളിലേക്ക് പോയ ബിന്ദുവിനെ അവിടേയും അക്രമിക്കാന്‍ സംഘപരിവാര്‍ ലക്ഷ്യമിട്ടു. ജോലിക്കെത്തിയതറിഞ്ഞ് അയ്യപ്പസേവാസമിതിയുടെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി സ്‌കൂള്‍ പ്രവേശനകവാടത്തിലെത്തി. പ്രവേശനകവാടത്തിലും നാമജപങ്ങളുമായി പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചിരുന്നു.

എന്നാല്‍ ബിന്ദുവിന് ജോലി ചെയ്യാന്‍ എല്ലാ സൗകര്യങ്ങളും ചെയ്യണമെന്ന് സര്‍ക്കാര്‍ സ്‌കൂളിനോട് ആവശ്യപ്പെട്ടു. “”ഞാന്‍ അഗളി സ്‌കൂളിലെത്തുന്നു എന്നറിഞ്ഞപ്പോഴേക്കും സംഘപരിവാര്‍ പ്രശ്നങ്ങളുണ്ടാക്കിത്തുടങ്ങിയിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതരും അധ്യാപക-രക്ഷാകര്‍തൃ സംഘടനയുമെല്ലാം എനിക്ക് വേണ്ട പിന്തുണ നല്‍കിയിരുന്നു”” ബിന്ദു തങ്കം കല്യാണി ഡൂള്‍ന്യൂസിനോട് പറഞ്ഞു.


പിന്നീട് അഗളി ഗവണ്‍മെന്റ് സ്‌കൂളിലേക്ക് നാമജപ ഘോഷയാത്ര നടത്താനായിരുന്നു സംഘപരിവാറിന്റെ നീക്കം. അതിനായി കര്‍മ്മ സേന എന്ന പേരില്‍ തയ്യാറാക്കിയ നോട്ടീസ് അഗളിയിലും പരിസരപ്രദേശങ്ങളിലുമായി ഇവര്‍ വിതരണം ചെയ്തുവെന്നും ബിന്ദു പറഞ്ഞു. “ഇവിടെ എത്തിയതിന് ശേഷമുള്ള ആദ്യ ദിവസങ്ങളിലെ ചെറിയ പ്രശ്നങ്ങളൊഴികെ മറ്റ് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല.അങ്ങനെ നമ്മള്‍ സമാധാനപരമായി നില്‍ക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെട്ടുകാണില്ല. അതുകൊണ്ട് വിദ്യാര്‍ഥികളെ മുന്‍നിര്‍ത്തിയാണ് സംഘപരിവാര്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയായിട്ടാണ് ഞാന്‍ ഇവിടെ തുടരുന്നത് എന്നാണ് നോട്ടീസില്‍ അവര്‍ പറയുന്നത്. – ബിന്ദു കൂട്ടിച്ചേര്‍ത്തു.

“”കര്‍മസേന എന്ന പേരില്‍ ആദിവാസികള്‍ നടത്തുന്ന പ്രക്ഷോഭമാണിതെന്നാണ് അവര്‍ പുറത്ത് പ്രചരിപ്പിട്ടുള്ളത്. എന്നാല്‍ ആദിവാസികളെ മുന്‍നിര്‍ത്തി സംഘപരിവാര്‍ നടത്തിയ ആക്രമണം മാത്രമാണിത്. നാമജപ ഘോഷയാത്ര നടത്തുന്നു എന്ന പേരില്‍ നോട്ടീസ് ഇറക്കിയവരില്‍ ആരും ആദിവാസി വിഭാഗത്തിലുള്ളവരല്ല എന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. നോട്ടീസില്‍ പേരെഴുതിയിട്ടുള്ള കറുപ്പുസ്വാമി, സുരേഷ് ഇവരെയൊന്നും എനിക്കറിയില്ല. എന്നാല്‍ നാട്ടുകാര്‍ അവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവരല്ല.””ബിന്ദു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ALSO READ: ഖഷോഗ്ജിയ്ക്കുവേണ്ടി മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ മയ്യത്ത് നിസ്‌കരിക്കണം: ലോകത്തോട് ആവശ്യപ്പെട്ട് പ്രതിശ്രുത വധു

മുന്‍പ് അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ട സമയത്താണ് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ എന്നപേരില്‍ ഒരു കൂട്ടായ്മ രൂപീകരിക്കപ്പെടുന്നത്. അതില്‍ ആദിവാസി വിഭാഗത്തിലുള്ളവര്‍ മാത്രമായിരുന്നില്ല. അട്ടപ്പാടിയിലെ സകല വിഭാഗത്തില്‍പ്പെട്ടവരും ഉണ്ടായിരുന്നു. മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചതോടെ ആ ഗ്രൂപ്പിന്റെ പ്രസക്തിയും അവസാനിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് രാഷ്ട്രീയക്കാര്‍ തമ്മില്‍ പോരടിക്കാനുള്ള ഗ്രൂപ്പായി മാറി. അതിലുള്ള പാര്‍ട്ടിക്കാര്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി അവരുടെ പാര്‍ട്ടിക്കാരേയും അതിലേക്ക് തിരുകി കയറ്റിയരുന്നു. സ്വതന്ത്ര ചിന്താഗതിക്കാര്‍ കുറവായിരുന്നു. അവസാനം എല്ലാവരും പിരിഞ്ഞു പോയപ്പോഴും ആര്‍.എസ്.എസുകാര്‍ ഗ്രൂപ്പില്‍ നിന്നു. അങ്ങനെയാണ് ഇപ്പോള്‍ കര്‍മ്മ സേന എന്ന പേരില്‍ ആദിവാസികള്‍ നടത്തുന്ന പ്രതിഷേധം എന്ന് അവര്‍ പറഞ്ഞു പരത്തുന്നതെന്നും ബിന്ദു പറഞ്ഞു.

സുപ്രീം കോടതിയെ മറയാക്കി സര്‍ക്കാരും പൊലീസും സ്പോണ്‍സര്‍ ചെയ്ത് ശബരിമലയില്‍ പോയ ബിന്ദു സക്കറിയ അട്ടപ്പാടിയില്‍ എത്തിയിട്ടുണ്ടെന്നും അത് വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നുമാണ് നോട്ടീസില്‍ പറയുന്നത്. അവരെ ഇവിടെ നിന്നും സ്ഥലംമാറ്റി അയ്യപ്പവിശ്വാസികളോട് നീതി പുലര്‍ത്തുവാന്‍ ബഹുജനപ്രക്ഷോഭം നടത്തുകയാണ് എന്നുമാണ് നോട്ടീസില്‍ പറയുന്നത് കര്‍മ്മ സേന പ്രതിനിധികളായി രണ്ട് പേരുടെ പേരും നമ്പറുമടക്കം നോട്ടീസില്‍ നല്‍കിയിട്ടുണ്ട്.

ALSO READ: ‘ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞു കൊന്നേക്കണം’; സുനില്‍ പി ഇളയിടത്തെ കൊല്ലാന്‍ ആഹ്വാനവുമായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍

സുപ്രീംകോടതി വിധിപ്രകാരമുള്ള ഭരണഘടനാപരമായ ഒരു സ്ത്രീയുടെ അവകാശത്തിന് വേണ്ടി നിന്നു എന്നതിനാണ് സംഘപരിവാറില്‍ നിന്നും ഞാന്‍ നിരന്തരം വേട്ടയാടപ്പെടുന്നത്. ഒരു ദളിത് സ്ത്രീ കൂടിയായതിനാലാണ് തനിക്കെതിരെ സംഘപരിവാര്‍ ഇത്രമേല്‍ വിദ്വേഷപരമായ പ്രചരണങ്ങളും ആക്രമണങ്ങളും തുടര്‍ച്ചയായി നടത്തുന്നതെന്നും സുരക്ഷയാവശ്യപ്പെട്ടുകൊണ്ട് അഗളി പോലീസ് സ്റ്റേഷനില്‍ പരാതി ഇതിനകം പരാതി നല്‍കിയിട്ടുണ്ടായിരുന്നുവെന്നും ബിന്ദു ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

രാവിലെ 10 മണിയോടെ ആരംഭിച്ച പ്രതിഷേധ നാമജപയാത്ര സ്‌കൂളിന് മുന്‍പില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. സ്‌കൂളിന്റെ ഗെയ്റ്റ് പൊലീസ് പൂട്ടിയിട്ടു. ഇതോടെ ബിന്ദുവിന് സംരക്ഷണം ആവശ്യപ്പെട്ട് നിരവധി ആളുകളാണ് രംഗത്ത് വന്നിട്ടുള്ളത്.

ലിനിഷ മാങ്ങാട്
കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസം ഡിപ്ലോമ