|

ഗാന്ധിനഗര്‍ വിട്ടുകൊടുക്കാതെ എല്‍.ഡി.എഫ്; മികച്ച വിജയം സ്വന്തമാക്കി സി.പി.ഐ.എമ്മിന്റെ ബിന്ദു ശിവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഗാന്ധിനഗര്‍ ഡിവിഷനില്‍ എല്‍.ഡി.എഫ് വിജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബിന്ദു ശിവനാണ് വിജയിച്ചത്.

കൗണ്‍സിലറായിരുന്ന എല്‍.ഡി.എഫിലെ ശിവന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഗാന്ധിനഗറില്‍ തെരഞ്ഞെടുപ്പ് നടത്തിയത്. അന്തരിച്ച ശിവന്റെ ഭാര്യ ബിന്ദുവിനെ തന്നെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ചിരുന്നത്. തിരുവാങ്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടെയാണ് ബിന്ദു ശിവന്‍.

കോണ്‍ഗ്രസിലെ പി.ഡി. മാര്‍ട്ടിനെ 687 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബിന്ദു വിജയമുറപ്പിച്ചിരിക്കുന്നത്. ബി.ജെ.പിയില്‍ നിന്ന് പി.ജി. മനോജ് ആയിരുന്നു മത്സരിച്ചിരുന്നത്.

യു.ഡി.എഫിനായി കഴിഞ്ഞ തവണയും പി.ഡി. മാര്‍ട്ടിനാണ് മത്സരിച്ചിരുന്നത്. രണ്ട് കൗണ്‍സിലര്‍മാരുടെ മരണത്തോടെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗസംഖ്യ എഴുപത്തിരണ്ടായി. ഇതില്‍ പകുതിയോളം വരുന്ന അംഗങ്ങളുടെ പിന്തുണ എല്‍.ഡി.എഫിനുണ്ട്.

ബി.ജെ.പി കൗണ്‍സിലറായിരുന്ന മിനി ആര്‍. മേനോന്‍ മരിച്ച ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പ് ഇനി നടക്കാനുണ്ട്. എറണാകുളം സൗത്ത് ഡിവിഷനില്‍ നിന്നായിരുന്നു മിനി ആര്‍. മേനോന്‍ വിജയിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Bindu Sivan of the CPIM won a landslide victory