| Monday, 9th March 2020, 4:54 pm

നടിയെ ആക്രമിച്ച കേസ്; ബിന്ദു പണിക്കര്‍ മൊഴി മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ ബിന്ദു പണിക്കര്‍ മൊഴി മാറ്റി. പൊലീസിന് മുന്‍പ് കൊടുത്ത മൊഴിയാണ് ബിന്ദു പണിക്കര്‍ കോടതിയില്‍ മാറ്റി പറഞ്ഞത്.

സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു, തുടര്‍ന്ന് മൊഴി മാറ്റിയ ബിന്ദു പണിക്കരെ പ്രോസിക്യൂഷന്‍ തന്നെ ക്രോസ് വിസ്താരവും നടത്തി.

നേരത്തെ ഇടവേള ബാബുവും കേസില്‍ കൂറുമാറിയിരുന്നു. ഇന്ന് കേസില്‍ സാക്ഷിവിസ്താരത്തിനായി നടന്‍ കുഞ്ചാക്കോ ബോബനടക്കമുള്ളവരാണ് ഹാജരായിട്ടുള്ളത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുള്ള വൈരാഗ്യം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം സാക്ഷികളെ കോടതി വിസ്തരിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസും കേസിലെ പ്രതിയായ സുനില്‍ കുമാര്‍ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി.

നടിയെ ആക്രമിച്ച കേസിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലായിരുന്നു കേസിലെ ഒന്നാം പ്രതിയായ സുനില്‍ കുമാര്‍, സനല്‍, വിഷ്ണു എന്നിങ്ങനെ മൂന്ന് പേര്‍ ചേര്‍ന്ന് പണം ആവശ്യപ്പെട്ടുകൊണ്ട് ദിലീപിനെ ഭീഷണിപ്പെടുത്തിയെന്നകാര്യം കൂടി ഉള്‍പ്പെടുത്തിയിരുന്നത്.

ഈ കുറ്റപത്രം കോടതി അംഗീകരിച്ച ശേഷം നടന്ന വിചാരണ ഘട്ടത്തിലാണ് ദിലീപ്, തന്നെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കൊപ്പം നിന്ന് വിചാരണ നേരിടേണ്ട സാഹചര്യം ഉണ്ടെന്നും അതുകൊണ്ട് തന്നെ ഭീഷണിപ്പെടുത്തിയ കേസ് പ്രത്യേകം പരിഗണിച്ച് അതില്‍ പ്രത്യേക വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടത്.

നടിയെ ആക്രമിച്ച കേസിനൊപ്പം ഇതില്‍ വിചാരണ നടത്തരുതെന്നും ഇത് രണ്ടും രണ്ടായി പരിഗണിച്ച് വിചാരണ വേണമെന്നുമായിരുന്നു ദിലീപിന്റെ പ്രധാന ആവശ്യം.

എന്നാല്‍ ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ഇത് രണ്ടും രണ്ടല്ലെന്നും ഒറ്റസംഭവത്തിന്റെ തുടര്‍ച്ച മാത്രമാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

പണത്തിന് വേണ്ടി ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തി എന്ന കാര്യം കുറ്റപത്രത്തില്‍ വന്നത് പ്രോസിക്യൂഷന് സംഭവിച്ച പിഴവാണെന്നും അത് തിരുത്താന്‍ പ്രോസിക്യൂഷന്‍ കോടതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഈ വാദം പരിഗണിച്ചാണ് ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളിയത്. അതേസമയം കേസിന്റെ വിചാരണ നപടികള്‍ പ്രത്യേക കോടതിയില്‍ പുരോഗമിക്കുകയാണ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more