| Friday, 24th May 2024, 12:27 pm

ടര്‍ബോ ജോസിനെയും തഗ്ഗ് അടിച്ച് വീഴ്ത്തുന്ന അപ്‌ഡേറ്റഡ് അമ്മച്ചി റോസക്കുട്ടി

അമര്‍നാഥ് എം.

തകര്‍ത്തുപെയ്യുന്ന മഴയിലും തിയേറ്ററില്‍ ജനസാഗരം തീര്‍ത്ത് മുന്നേറുകയാണ് വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ. മമ്മൂട്ടിക്കമ്പനിയുടെ നിര്‍മാണത്തില്‍ പുറത്തുവന്ന സിനിമ ആദ്യദിനം റെക്കോഡ് കളക്ഷനാണ് നേടിയത്. ടര്‍ബോ ജോസായി ആദ്യവസാനം ഗംഭീര പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെക്കുന്നത്. താരത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ തിയേറ്റര്‍ പൂരപ്പറമ്പാക്കി മാറ്റി.

സിനിമ കണ്ട പലരും പ്രത്യേകം പറയുന്നത് ജോസിന്റെ അമ്മ റോസക്കുട്ടിയായി വന്ന ബിന്ദു പണിക്കരെക്കുറിച്ചാണ്. ബസ് കണ്ടക്ടറിന് ശേഷം മമ്മൂട്ടിയുടെ അമ്മയായി ബിന്ദു പണിക്കര്‍ എത്തുന്ന സിനിമ കൂടിയാണിത്. സാധാരണ ആക്ഷന്‍ സിനിമകളില്‍ കാണുന്നതുപോലെ ഓവറായിട്ടുള്ള അമ്മ-മകന്‍ പാസം സീനുകള്‍ ടര്‍ബോയില്‍ കാണാന്‍ സാധിച്ചില്ല. മലയോര ഗ്രാമത്തിലാണെങ്കിലും എല്ലാ കാര്യത്തിലും അപ്‌ഡേറ്റഡായിട്ടുള്ള റോസക്കുട്ടി പല സീനിലും തിയേറ്ററില്‍ ചിരി പടര്‍ത്തി.

ജോസിനെ വരച്ച വരയില്‍ നിര്‍ത്തുന്ന കഥാപാത്രമാണ് റോസക്കുട്ടി. ഇടയ്ക്കുള്ള ഇമോഷണല്‍ സീനുകളിലായാലും, സീരിയസായിട്ടുള്ള സീനുകളിലെ കൗണ്ടറടിയും തഗ്ഗ് ഡയലോഗുകളും കൊണ്ട് റോസക്കുട്ടിയെ ബിന്ദു പണിക്കര്‍ ഗംഭീരമാക്കി. കോമിക്‌സിന്റെ സീനും, രാജ്.ബി. ഷെട്ടിയുമായുള്ള ഫോണ്‍ വിളി സീനുമെല്ലാം തിയേറ്ററില്‍ കൈയടി നേടിയവയായിരുന്നു.

ഒരു മാസ് സിനിമയില്‍ ഇത്തരത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഒന്ന് പാളിയാല്‍ സിനിമയുടെ ഒഴുക്കിനെ ബാധിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ വര്‍ഷങ്ങളായുള്ള സിനിമാ എക്‌സ്പീരിയന്‍സ് കൊണ്ട് ബിന്ദു പണിക്കര്‍ ഈ കഥാപാത്രത്തെ മികച്ചതാക്കി. സമീപകാലത്തെ മികച്ച പ്രകടനങ്ങളില്‍ ചേര്‍ത്തുവെക്കാന്‍ പറ്റുന്ന ഒന്ന് തന്നെയാണ് ടര്‍ബോയിലെ റോസക്കുട്ടി.

Content Highlight: Bindu Panicker’s Character in Turbo

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more