| Sunday, 30th July 2023, 1:45 pm

കുഞ്ഞിക്കൂനനിലെ വാസുവണ്ണൻ സായ് ചേട്ടനാണെന്ന് മനസിലായില്ല; കണ്ടൾപ്പോതന്നെ വശപ്പിശക് തോന്നി: ബിന്ദു പണിക്കർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി മേക്കപ്പിട്ട് നിൽക്കുന്ന സായ് കുമാറിനെ കണ്ടിട്ട് മനസിലായില്ലെന്ന് ബിന്ദു പണിക്കർ. ഷൂട്ടിങ്ങിനായി ലൊക്കേഷനിൽ ചെന്നപ്പോൾ വാസുവണ്ണൻ എന്ന കഥാപാത്രത്തിന്റെ മേക്കപ്പിൽ നിൽക്കുന്ന സായ് കുമാറിനെ കണ്ടപ്പോൾ ഒരു വശപ്പിശകുള്ള ആളായി തോന്നിയെന്നും പിന്നീടാണ് അത് സായ് കുമാർ മേക്കപ്പ് ചെയ്ത് കോസ്റ്റ്യൂമിൽ നിൽക്കുന്നതാണെന്ന് മനസിലായതെന്നും ബിന്ദു പണിക്കർ പറഞ്ഞു. അഭിമുഖത്തിൽ സായ് കുമാറും പങ്കെടുത്തു.

‘കുഞ്ഞിക്കൂനന്റെ ഷൂട്ടിങ് നടക്കുമ്പോൾ പോലും സായ് ചേട്ടനെ കണ്ടിട്ട് മനസിലായിട്ടില്ല. ഷൂട്ട് തുടങ്ങുന്നതിന്‌ മുൻപ് ഞാൻ നോക്കുമ്പോൾ കണ്ണൊക്കെ ചുമപ്പിച്ച് ഒരു കൈലി മുണ്ടൊക്കെ ഉടുത്ത് ഒരാൾ വേലിയിൽ ചാരി നിൽക്കുന്നത് കണ്ടു. ഒരു ഷോട്ട് കഴിഞ്ഞ് ഞാൻ വന്നപ്പോഴും കണ്ടു ഇയാൾ അവിടെ നിൽക്കുന്നത്. രണ്ടാമതും ഞാൻ പോയിട്ട് വന്നപ്പോൾ പുള്ളി അവിടെ നിൽക്കുന്നത് കണ്ടു. നോക്കിയപ്പോൾ സിഗരറ്റൊക്കെ വലിക്കുന്നുണ്ട്. ഇയാൾ എന്താ ഒരു വശപ്പിശകായിട്ട് നിൽക്കുന്നത് എന്നോർത്ത് ഞാൻ അവിടെ നിന്നും പോയി. പിന്നെയാണ് എനിക്ക് മനസിലായത് അത് സായ് ചേട്ടൻ ആണെന്ന് (ചിരിക്കുന്നു),’ ബിന്ദു പണിക്കർ പറഞ്ഞു.

അഭിമുഖത്തിൽ സായ് കുമാറും കുഞ്ഞിക്കൂനനിലെ കഥാപാത്രത്തെപ്പറ്റി സംസാരിച്ചു. വാസു എന്ന കഥാപാത്രത്തിനായി ധാരാളം മീശകൾ വെച്ച് നോക്കിയെന്നും അവസാനം വെച്ചത് വിലപിടിപ്പുള്ള മീശയായതുകൊണ്ട് മഴയത്ത് ഷൂട്ട് ചെയ്യേണ്ട സീൻ മഴയില്ലാതെയാണ് ചെയ്തതെന്നും സായ് കുമാർ പറഞ്ഞു.

‘പട്ടണം റഷീദ് ആയിരുന്നു മേക്കപ്പ്. പുള്ളി ഒരു ചാക്ക് മീശകൾ കൊണ്ടുവന്നു. ഷാജി കൈലാസിന്റെ ഒരു ചിത്രത്തിനായി തല മൊട്ടയടിച്ചിരുന്നു. പിന്നീട് കിളിർത്തു വന്ന മുടി ബ്രൗൺ കളർ ആക്കി. എന്തൊക്കെ ചെയ്തിട്ടും വാസുവണ്ണൻ ആകുന്നില്ല. പിന്നീടൊരു മീശ എടുത്ത് വെച്ചു. അത് കണ്ടപ്പോൾ കറക്ട് വാസു.

പിന്നീട് കണ്ണ് ചുവപ്പിച്ചു. അത് കഥകളിക്കാർ ഉപയോഗിക്കുന്ന ചായം ആണ്. വയറൊക്കെ അന്ന് വളരെ കുറവായിരുന്നു. അതിനായി എന്തൊക്കെയോ വയറിനു ചുറ്റും വെച്ച് കെട്ടി. പിന്നെ ഒരു സിഗരറ്റും വലിച്ച് ഞാൻ ഒരു മതിലിൽ ചാരി നിന്നു. സംവിധായകൻ ശശി ശങ്കറിന് പോലും ആളെ മനസിലായില്ല. റഷീദ് ശശി ശങ്കറിന്റെ അടുത്ത് ചെന്ന് വാസു അണ്ണൻ എങ്ങനെ ഉണ്ടെന്ന് ചോദിച്ചു. ആ മതിലിന്റെ അടുത്ത് ഒരാൾ നിൽക്കുന്നുണ്ടായിരുന്നു അയാളെപ്പോലെ ഇരിക്കണം വാസു എന്ന കഥാപാത്രം. അതുപോലെ ആക്കി കഴിഞ്ഞാൽ അസ്സൽ ആയിരിക്കുമെന്ന് ശശി ശങ്കർ പറഞ്ഞു. റഷീദ് പറഞ്ഞു എടൊ ആ നിൽക്കുന്നത് തന്നെയാണ് വാസു അണ്ണൻ. സായ് കുമാർ ആണ് അതെന്ന് റഷീദ് പറഞ്ഞു. അപ്പോൾ ഇത് ഓക്കേ ആയെന്ന് എനിക്ക് തോന്നി.

മഴയത്തായിരുന്നു ക്ലൈമാക്സ് ഷൂട്ട് ചെയ്യാൻ ഇരുന്നത്. വിലപിടിപ്പുള്ള ആ മീശ ഒട്ടി പോകാതിരിക്കാൻ മഴയില്ലാതെയാണ് ഞങ്ങൾ ഷൂട്ട് ചെയ്തത്,’ സായ് കുമാർ പറഞ്ഞു.

Content Highlights: Bindu Panicker on Sai Kumar’s Vasu named character

We use cookies to give you the best possible experience. Learn more