മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി സംവിധായകന്‍ നിസാം ബഷീര്‍ ഒരുക്കിയ റോഷാക്ക് മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടേയും ചിത്രത്തില്‍ അഭിനയിച്ച ഓരോ താരങ്ങളുടേയും പ്രകടനം കയ്യടി നേടുകയാണ്.
ചിത്രത്തിന്റെ ഭാഗമായ ഓരോരുത്തരുടേയും കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് റോഷാക്കിലേതെന്നാണ് പ്രേക്ഷകരും പറയുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നടി ബിന്ദു പണിക്കര്‍ ശക്തമായ ഒരു കഥാപാത്രമായി റോഷാക്കിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്.
മമ്മൂട്ടി അവതരിപ്പിച്ച ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിനൊപ്പം തന്നെ പ്രധാന്യമുള്ള സീത എന്ന കഥാപാത്രത്തെയാണ് ബിന്ദു പണിക്കര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡാര്‍ക് ഷേഡുള്ള കഥാപാത്രത്തെ അതിമനോഹരമാക്കാനും ബിന്ദു പണിക്കര്‍ക്ക് സാധിച്ചിട്ടുണ്ട്.
റോഷാക്കിലെ ആദ്യ ദിവസത്തെ ഷൂട്ടിനെ കുറിച്ചും തുടക്കത്തില്‍ തന്നെ സിങ്ക് സൗണ്ട് തനിക്ക് കുറച്ച് ബുദ്ധിമുട്ടായതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിന്ദു പണിക്കര്‍.
‘റോഷാക്കിലെ സീത എന്ന ശക്തമായ ഒരു കഥാപാത്രത്തെ എനിക്ക് കിട്ടിയതില്‍ വളരെ സന്തോഷമുണ്ട്. ഒരുപാട് നാളുകള്‍ക്ക് ശേഷം നമുക്കൊരു നല്ല കഥാപാത്രം കിട്ടുക എന്ന് പറയുന്നത് തന്നെ ഒരു ദൈവഭാഗ്യമാണ്. അത് മമ്മൂക്കയുടെ കൂടെ അദ്ദേഹത്തിന്റെ തന്നെ ബാനറില്‍ ചെയ്യാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്.
പിന്നെ ഞാന്‍ കുറേ നാളുകള്‍ക്ക് ശേഷം സിനിമയിലേക്ക് വരികയാണ്. സിങ്ക് സൗണ്ട് എന്ന് പറയുന്നത് എനിക്ക് ആദ്യത്തെ അനുഭവമാണ്. അതെനിക്കൊരു എക്‌സ്പീരിയന്‍സ് തന്നെയായിരുന്നു. പക്ഷേ അതും നടന്നു. ആദ്യത്തെ ദിവസം കുറച്ച് പ്രോബ്ലം ആയിരുന്നു. എങ്ങനെയാണ് ചെയ്യേണ്ടത് എന്ന ആശങ്ക.
മുന്‍പൊക്കെ ഒരു പടം ചെയ്യുമ്പോള്‍ ഡബ്ബിങ് ഉണ്ടല്ലോ എന്നൊരു ആശ്വാസം ഉണ്ടായിരുന്നു. എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചാലും ഡബ്ബിങ്ങില്‍ ശരിയാക്കാമല്ലോ എന്ന ആശ്വാസമുണ്ടായിരുന്നു.
പക്ഷേ ആദ്യത്തെ ദിവസം ചെറിയൊരു ബുദ്ധിമുട്ടുണ്ടായി എന്നതൊഴിച്ചാല്‍ പിന്നെ അത് നന്നായി ചെയ്യാന്‍ പറ്റി. ആ ക്യാരക്ടര്‍ ചെയ്യുമ്പോള്‍ നമ്മുടെ ശ്വാസം പോലും മൈന്യൂട്ട് ആയി കിട്ടുമ്പോള്‍ അത് കുറച്ചുകൂടി റിയല്‍ ആയി തോന്നി. സിങ്ക് സൗണ്ട് ആണ് നല്ലതെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നുണ്ട്.
ആ സമയത്ത് സെറ്റിലുണ്ടായിരുന്ന എല്ലാവരോടും നന്ദി പറയാനുണ്ട്. ഒരു ഈച്ച പോലും അനങ്ങാതെ നിന്നാണ് അവര്‍ സിങ്ക് സൗണ്ട് പിടിച്ചെടുക്കുന്നത്. എനിക്ക് ആദ്യമായിട്ടാണ് ഇതെല്ലാം എക്‌സ്പീരിയന്‍സ് ചെയ്യാന്‍ കഴിയുന്നത്. അത് നന്നായി ചെയ്‌തെടുക്കാന്‍ കഴിഞ്ഞതില്‍ ടീമിലെ മുഴുവന്‍ പേരോടും കടപ്പാടുണ്ട്. പിന്നെ സീത എന്ന കഥാപാത്രം ചെയ്യാന്‍ എനിക്ക് അത്രയ്ക്ക് കൊതിയായിരുന്നു.
പണ്ടത്തെ സിനിമയെ അപേക്ഷിച്ച് ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ഇരിക്കുന്ന പോലുള്ള കാര്യങ്ങളില്‍ വ്യത്യാസം തോന്നിയിരുന്നു. പക്ഷേ റോഷാക്കില്‍ എല്ലാവരും ഒരുമിച്ച് തന്നെയുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും കാരവനിലൊക്കെയാണെന്ന് കേട്ടിരുന്നു. പിന്നെ മമ്മൂക്ക അങ്ങനെ കാരവനില്‍ ഇരിക്കാത്ത ആളാണ്. ഞങ്ങള്‍ എല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. കാരവനില്‍ ആണെങ്കിലും ആരെങ്കിലും ഒരുമിച്ച് ഇരുന്ന് കഥ പറയുന്നത് കേട്ടാല്‍ എല്ലാവരും അവിടെ പോയിരിക്കും. അങ്ങനെയൊക്കെയായിരുന്നു, ബിന്ദു പണിക്കര്‍ പറഞ്ഞു.
Content Highlight: Bindu panicker about Rorschach Movie First Day Shoot and Sync Sound