സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി പുറത്ത് വന്ന ചിത്രമാണ് കമലദളം. ഈ ചിത്രത്തിലൂടെയാണ് ബിന്ദു പണിക്കര്‍ അഭിനയജീവിതം ആരംഭിക്കുന്നത്. മുരളി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യ ആയിട്ടായിരുന്നു ബിന്ദു പണിക്കര്‍ ചിത്രത്തിലെത്തിയത്. എന്നാല്‍ മോനിഷ അവതരിപ്പിച്ച നായിക വേഷത്തിന് വേണ്ടിയായിരുന്നു തന്റെ ഫോട്ടോ അയച്ചിരുന്നതെന്നും എന്നാല്‍ മുരളിയുടെ ഭാര്യ ആകാമോ എന്ന് ചോദിക്കുകയുമായിരുന്നു എന്നും പറയുകയാണ് ബിന്ദു പണിക്കര്‍. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആദ്യചിത്രത്തെ കുറിച്ച് ബിന്ദു പണിക്കര്‍ സംസാരിച്ചത്.
‘സിനിമ എന്റെ മനസിലുണ്ടായിരുന്നില്ല. പ്രി ഡിഗ്രി കഴിഞ്ഞ് ഡി.ഫാമാണ് പഠിച്ചത്. പഠിത്തം കഴിഞ്ഞ് വീട്ടില്‍ വെച്ച് ഡാന്‍സ് പഠിത്തം തുടരുകയായിരുന്നു. ഷര്‍മിള എന്നൊരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു. കമലദളത്തിന്റെ പരസ്യം കണ്ട് എന്റെ ഫോട്ടോ അവര്‍ക്ക് അയക്കുന്നത് ആ കുട്ടിയാണ്. സിനിമയില്‍ നിന്നും വിളിച്ചപ്പോഴാണ് അവള്‍ എന്റെ ഫോട്ടോ കൊടുത്തിട്ടുണ്ടെന്ന് അറിയുന്നത്. ആ സമയത്ത് എങ്കില്‍ ഒന്ന് നോക്കാം എന്നൊരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ. മോനിഷ ചെയ്ത നായിക കഥാപാത്രത്തിന് വേണ്ടിയായിരുന്നു പരസ്യം ചെയ്തിരുന്നത്. അങ്ങനെ പോയി. പക്ഷേ കിട്ടിയത് മുരളി ചേട്ടന്റെ ഭാര്യയുടെ കഥാപാത്രമാണ്.
അന്ന് എനിക്ക് സിബി സാറിനെ അറിയില്ല, ലോഹിയേട്ടനെ അറിയില്ല. നടന്മാരെയല്ലേ നമുക്ക് അറിയുകയുള്ളൂ. മുരളി ചേട്ടനേയും നെടുമുടി വേണു ചേട്ടനേയും ലാലേട്ടനേയും കണ്ടു. മൂന്നാമത്തെ ദിവസമൊക്കെ ആയപ്പോഴാണ് സിബി സാറും ലോഹിയേട്ടനുമൊക്കെ ആരാണെന്ന് തന്നെ മനസിലാവുന്നത്.
വിനീത് എന്നോട് വന്ന് സംസാരിക്കുന്ന സീനുണ്ട്. ഒരു റൂമില്‍ നിന്നാണ് ഡയലോഗ് പറയേണ്ടത്. അത് എന്നെക്കൊണ്ട് ചെയ്യിപ്പിച്ച് നോക്കിയിട്ട് അവര്‍ അങ്ങ് പോയി. പിന്നെ ഞാന്‍ നില്‍ക്കുന്നത് ക്യാമറയുടെ മുന്നിലാണ്.
മുരളി ചേട്ടന്റെ ഭാര്യയാകാമോ എന്നാണ് എന്നോട് ചോദിച്ചത്. നായികയാവാത്തതില്‍ എനിക്ക് വിഷമമൊന്നും തോന്നിയില്ല. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ അഭിനയവും നാടകവുമൊക്കെ ഉണ്ടായിരുന്നു. ആ സമയത്ത് ഈ കഥാപാത്രം ഒന്ന് ചെയ്ത് നോക്കാമെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളൂ,’ ബിന്ദു പണിക്കര്‍ പറഞ്ഞു.
നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കാണ് ഒടുവില്‍ പുറത്തിറങ്ങിയ ബിന്ദു പണിക്കരുടെ ചിത്രം. മമ്മൂട്ടി നായകനായ ചിത്രത്തില്‍ ബിന്ദു പണിക്കര്‍ അവതരിപ്പിച്ച സീത എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു.
Content Highlight: bindu pamnicker about kamaladalam movie