| Monday, 23rd May 2016, 2:52 pm

കോണ്‍ഗ്രസില്‍ പുരുഷാധിപത്യം: ഷാഹിദാ കമാലിന് പിന്നാലെ ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.പി.സി.സിക്കെതിരെ ആഞ്ഞടിച്ച് ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയും. കോണ്‍ഗ്രസില്‍ പുരുഷാധിപത്യമാണെന്നും കോണ്‍ഗ്രസിലെ വനിതകള്‍ വെറും വെള്ളം കോരികളും വിറകുകോരികളുമായെന്നും ഇവര്‍ ആരോപിക്കുന്നു.

ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച വേണ്ടെന്ന് വെച്ചത് ശരിയായില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കൂട്ടത്തോല്‍വി ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന കൊല്ലം ഡി.സി.സി യോഗത്തില്‍ ബിന്ദുകൃഷ്ണ പൊട്ടിക്കരഞ്ഞിരുന്നു. സ്വദേശമായ ചാത്തന്നൂരില്‍ ശൂരനാട് രാജശേഖരന്റെ തോല്‍വിയുടെ ഉത്തരവാദിത്വം ആരോപിച്ച് ഡി.സി.സി ഓഫീസിന് മുന്‍പില്‍ തന്റെ കോലം കത്തിച്ചെന്ന് പറഞ്ഞായിരുന്നു ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞത്.

ചാത്തന്നൂര്‍ ശീമാട്ടിമുക്കിലെ സ്വന്തം ബൂത്തില്‍ 102 വോട്ട് മാത്രം നേടിയ ശൂരനാടനെ തന്റെ ബൂത്തില്‍ ഒന്നാമതെത്തിക്കാന്‍ കഴിഞ്ഞുവെന്ന് പറഞ്ഞ ബിന്ദു കൃഷ്ണ സ്വന്തം ബൂത്തില്‍ പിന്നിലായ ഒരാളെ താന്‍ കാലുവാരിയെന്ന് ആക്ഷേപിച്ച് കോലം കത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം പരാജയപ്പെടുമെന്ന് ഉറപ്പുള്ള സീറ്റാണ് തനിക്ക് നല്‍കിയതെന്ന്  ഒറ്റപ്പാലത്തെ സ്ഥാനാര്‍ത്ഥിയായ ഷാനിമോള്‍ ഉസ്മാനും പ്രതികരിച്ചിരുന്നു. സംഘടനാ ദൗര്‍ബല്യവും പരാജയത്തിന് കാരണമായെന്നും തന്നെ തോല്‍പ്പിക്കാനായിരുന്നു തീരുമാനമെങ്കില്‍ ആലപ്പുഴ ജില്ലയിലെ തന്നെ ഏതെങ്കിലും സീറ്റ് നല്‍കിയാല്‍ മതിയായിരുന്നുവെന്നും ഷാനിമോള്‍ പറഞ്ഞിരുന്നു.

ബി.ജെ.പിക്ക് വോട്ടുമറിച്ചവര്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് ആരുടെയും പേരെടുത്തുപറയാതെ ഷാനിമോള്‍ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസിലെ അവഗണനയില്‍ മടുത്ത് കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗമായ ഷാഹിദ കമാലും അടുത്തിടെ പാര്‍ട്ടി വിട്ടിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷാഹിദ കമാലിന് സീറ്റ് നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും വനിതാ പ്രാതിനിധ്യം കുറച്ച കോണ്‍ഗ്രസ് ഷാഹിദയെ തഴയുകയായിരുന്നു. തുടര്‍ന്നായിരുന്നു പാര്‍ട്ടി വിടാന്‍ ഇവര്‍ തീരുമാനിച്ചത്.

We use cookies to give you the best possible experience. Learn more