| Monday, 9th August 2021, 6:48 pm

വ്‌ളോഗര്‍മാര്‍ സെലിബ്രിറ്റികളെപോലെ, അറസ്റ്റ് ചെയ്താല്‍ ജനക്കൂട്ടം ഉണ്ടാകും; ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരെ പിന്തുണച്ച് ബിന്ദുകൃഷ്ണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ എന്ന അറിയപ്പെടുന്ന വ്ളോഗര്‍മാരായ എബിനും ലിബിനും പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് അഡ്വ. ബിന്ദുകൃഷ്ണ. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ നിയമം നിര്‍ദേശിക്കുന്ന നടപടികളിലൂടെയാണ് മുന്നോട്ടുപോകേണ്ടതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.

ഇരുവരേയും കസ്റ്റഡിയിലെടുത്ത ശേഷമുണ്ടായ സംഘര്‍ഷത്തേയും ബിന്ദുകൃഷ്ണ ന്യായീകരിച്ചു.

‘വ്‌ളോഗര്‍മാര്‍ക്ക് ഇന്ന് സെലിബ്രിറ്റികളെപോലെ ആരാധകരുണ്ട്. അവരെ അറസ്റ്റ് ചെയ്താല്‍ സ്വാഭാവികമായും അവിടെ ജനക്കൂട്ടം ഉണ്ടാകും. അത് മനസ്സിലാക്കി പെരുമാറാന്‍ പൊലീസിന് കഴിയാതെ പോയി,’ ബിന്ദുകൃഷ്ണ പറഞ്ഞു.

സ്വകാര്യ വാഹനത്തില്‍ മോഡിഫിക്കേഷന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആദ്യം നോട്ടീസ് നല്‍കണം. അതിന് ശേഷമാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എബിനെയും ലിബിനെയും അവരുടെ വാഹനത്തെയും വിട്ടുനല്‍കാന്‍ പൊലീസും വാഹന വകുപ്പും തയ്യാറാകണമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

കണ്ണൂര്‍ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെയാണ് തിങ്കളാഴ്ച സ്റ്റഡിയിലെടുത്തത്. കളക്ടറേറ്റിലെ ആര്‍.ടി.ഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് നടപടി.

കഴിഞ്ഞദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ആള്‍ട്ടറേഷനുമായി ബന്ധപ്പെട്ടാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

തങ്ങളുടെ വാന്‍ ആര്‍.ടി.ഒ കസ്റ്റഡിയില്‍ എടുത്ത കാര്യം ഇവര്‍ സോഷ്യല്‍ മീഡയയിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ആരാധകരായ ആള്‍ക്കാര്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസിലേക്ക് എത്തി. വ്ളോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കണ്ണൂര്‍ ടൗണ്‍ പൊലീസ് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ബിന്ദുകൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്:

വാഹന വകുപ്പിന്റെ വേട്ട അവസാനിക്കുന്നില്ല…
വ്‌ലോഗ്ഗര്‍മാരായ അനുജന്മാര്‍ എബിനെയും ലിബിനെയും അറസ്റ്റ് ചെയ്ത് വേട്ടയാടുന്നത് ക്രൂരതയാണ്. നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ പിഴ ചുമത്തുകയാണ് ചെയ്യേണ്ടത്. ജീവിതം മുന്നോട്ട് നയിക്കാന്‍ ചെറുപ്പക്കാര്‍ പുതിയ ജീവിതമാര്‍ഗ്ഗങ്ങള്‍ സ്വയം കണ്ടെത്തുകയാണ്. അവര്‍ ആരെയും ഉപദ്രവിക്കാന്‍ വരുന്നില്ല, ആരെയും കൊള്ളയടിക്കാന്‍ വരുന്നില്ല, ഒരു തട്ടിപ്പിനും നേതൃത്വം നല്‍കുന്നില്ല.

സ്വകാര്യ വാഹനത്തില്‍ മോഡിഫിക്കേഷന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആദ്യം നോട്ടീസ് നല്‍കണം. അതിന് ശേഷമാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. വ്‌ലോഗ്ഗര്‍മാര്‍ക്ക് ഇന്ന് സെലിബ്രിറ്റികളെപോലെ ആരാധകരുണ്ട്. അവരെ അറസ്റ്റ് ചെയ്താല്‍ സ്വാഭാവികമായും അവിടെ ജനക്കൂട്ടം ഉണ്ടാകും. അത് മനസ്സിലാക്കി പെരുമാറാന്‍ പോലീസിന് കഴിയാതെ പോയി.

ഞാന്‍ മനസ്സിലാക്കിയത് വച്ച് ലോക രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് ഇ ബുള്‍ ജെറ്റ് അവരുടെ വാഹനം പുതിയ രീതിയില്‍ ഇറക്കിയിരിക്കുന്നത്. മുന്‍പും അവര്‍ വാഹനം മോഡിഫിക്കേഷന്‍ ചെയ്തിരുന്നു. അപ്പോഴെല്ലാം അനുമതി വാങ്ങിയിരുന്നു എന്നാണ് അറിയുന്നത്. ഇത്തവണ വാഹനത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ച് ഇറക്കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. വാഹനം വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

അവര്‍ക്ക് അനുമതി വാങ്ങാനുള്ള സാവകാശം പോലും നല്‍കാതെ ഇത്ര തിടുക്കത്തില്‍ അറസ്റ്റ് നാടകം നടത്തിയതിന്റെ പിന്നിലെ കാരണം പോലീസ് തന്നെ വ്യക്തമാക്കണം.

ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്നവരായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും പോലീസും മാറരുത്.
എബിനെയും ലിബിനെയും അവരുടെ വാഹനത്തെയും വിട്ടുനല്‍കാന്‍ പോലീസും വാഹന വകുപ്പും തയ്യാറാകണം.

Content Highlight: Bindu Krishna E Bull Jet Brothers

We use cookies to give you the best possible experience. Learn more