ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗ്ഗയും ദര്‍ശനം നടത്തി; ദൃശ്യങ്ങള്‍ പുറത്ത്
Sabarimala women entry
ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗ്ഗയും ദര്‍ശനം നടത്തി; ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd January 2019, 8:30 am

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് ബിന്ദുവും കനകദുര്‍ഗ്ഗയും. ഇരുവരും സന്നിധാനത്തെത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പുലര്‍ച്ചെ മൂന്നുമണിക്ക് സന്നിധാനത്തെത്തിയെന്നും 3:45ന് പൊലീസിന്റെ സംരക്ഷണയില്‍ ദര്‍ശനം നടത്തിയെന്നും ബിന്ദുവും കനക ദുര്‍ഗ്ഗയും പറഞ്ഞു. 24 ന്യൂസ് ചാനലിനോടാണ് യുവതികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.ഇരുവരും സന്നിധാനത്തെത്തുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.

ഇവര്‍ മഫ്ടി പോലീസിന്റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും  വി.ഐ.പി ലോഞ്ച് വഴി സന്നിധാനത്തെത്തി ദര്‍ശനം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അതേ സമയം യുവതീപ്രവേശനം നടന്നെന്ന വാര്‍ത്ത പൊലീസ് സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.

ഡിസബംര്‍ 24ന് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയിരുന്നെങ്കിലും ബിന്ദുവിനും കനക ദുര്‍ഗ്ഗയ്ക്കും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നിരുന്നു.

എന്നാല്‍ ശബരിമല ദര്‍ശനത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് ബിന്ദുവും കനകദുര്‍ഗ്ഗയും മലയിറങ്ങിയ ശേഷവും വ്യക്തമാക്കിയിരുന്നു.

തനിക്ക് ശാരീരികപ്രശ്‌നങ്ങളുണ്ട് എന്നത് പൊലീസിന്റെ ആരോപണമാണെന്നാണ് കനകദുര്‍ഗ്ഗ പറഞ്ഞിരുന്നത്. പൊലീസ് തങ്ങളെ നിര്‍ബന്ധിച്ച് മല ഇറക്കുകയായിരുന്നെന്നാണ് ഇവര്‍ പറഞ്ഞത്. ഗസ്റ്റ് റൂമിലേക്കെന്ന് പറഞ്ഞാണ് പൊലീസ് തങ്ങളെ ബലമായി മല ഇറക്കിയതെന്നും ഇരുവരും പറഞ്ഞിരുന്നു.

എന്നാല്‍ ശബരിമലയിലേക്ക് വീണ്ടും പോകാന്‍ സംരക്ഷണമൊരുക്കുമെന്ന് പൊലീസ് വീണ്ടും ഉറപ്പ് നല്‍കിയതായും ഇരുവരും മെഡിക്കല്‍ കോളേജില്‍ നടത്തിയ നിരാഹാര സമരം
അവസാനിപ്പിച്ചു കൊണ്ട്  വ്യക്തമാക്കിയിരുന്നു.