'സര്‍ക്കാരിന്റെ മൃദുസംഘപരിവാര്‍ നിലപാടാണിത്'; സംഘപരിവാര്‍ ആക്രമണത്തില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനുമുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് ബിന്ദു അമ്മിണി
കോഴിക്കോട്: ശബരിമല പ്രവേശനത്തിനു പിന്നാലെ തനിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ആക്രമണത്തില്‍ പൊലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി പൊലീസ് സ്റ്റേഷനു മുന്നില്‍ സത്യാഗ്രഹമാരംഭിക്കാനൊരുങ്ങുന്നതായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി.
പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും കൃത്യമായി അന്വേഷണം നടത്തുന്നതിലും കേരള പൊലീസ് സ്വീകരിച്ച മെല്ലെപ്പോക്ക് നയമാണ് സത്യാഗ്രഹത്തിലേക്ക് തന്നെ നയിച്ചതെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിന്ദു ഇക്കാര്യം അറിയിച്ചത്.
‘എറണാകുളം പൊലീസ് കമ്മീഷണര്‍ ഓഫീസ് പരിസരത്ത് (ജില്ലാ പൊലീസ് ആസ്ഥാനത്തിന്റെ കോമ്പൗണ്ട് ) വെച്ച് തീവ്രഹിന്ദു സംഘടനയായ ‘ഹിന്ദുഹെല്‍പ്പ് ലൈന്‍ ‘ നേതാക്കളും മറ്റ് സംഘപരിവാര്‍ സംഘടനാ നേതാക്കന്മാരും ഗൂഢാലോചന നടത്തി 26.11.19 ന് സംഘം ചേര്‍ന്ന് എന്നെ ആക്രമിച്ച കേസില്‍ പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും അന്വേഷണത്തിലും കേരള പൊലീസ് മെല്ലെ പോക്ക് നയമാണ് സ്വീകരിച്ചത്. ആക്രമണം നടന്ന ദിവസം ഞാന്‍ നല്‍കിയ മൊഴികളില്‍ പലതും രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായിരുന്നില്ല’, ബിന്ദു ഫേസ്ബുക്കിലെഴുതി.
ഇരയായ തനിക്ക് വേണ്ടി നില്‍ക്കേണ്ട സര്‍ക്കാര്‍ വക്കീല്‍ കേസ് വിളിക്കുന്ന സമയങ്ങളില്‍ ഹാജരാവുകയോ ഹാജരാകുന്ന ദിവസങ്ങളില്‍ തനിക്ക് വേണ്ടി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ബിന്ദു ഫേസ്ബുക്കിലെഴുതി.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും സര്‍ക്കാരിന്റെ മൃദു സംഘപരിവാര്‍ നിലപാടാണ് ഇതിലൂടെ വ്യകതമാക്കുന്നതെന്നും അവര്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചപ്പോഴും പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ പോകാനുള്ള സമയം അനുവദിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് പൊലീസില്‍ നിന്ന് ലഭിച്ചതെന്നും ബിന്ദു ഫേസ്ബുക്കിലെഴുതി.
എറണാകുളം പൊലീസ് കമ്മീഷണര്‍ ഓഫീസ് പരിസരത്ത് (ജില്ലാ പൊലീസ് ആസ്ഥാനത്തിന്റെ കോമ്പൗണ്ട് ) വെച്ച് തീവ്രഹിന്ദു സംഘടനയായ ‘ഹിന്ദുഹെല്‍പ്പ് ലൈന്‍ ‘ നേതാക്കളും മറ്റ് സംഘപരിവാര്‍ സംഘടനാ നേതാക്കന്മാരും ഗൂഢാലോചന നടത്തി 26.11.19 ന് സംഘം ചേര്‍ന്ന് എന്നെ ആക്രമിച്ച കേസില്‍ പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും അന്വേഷണത്തിലും കേരള പൊലീസ് മെല്ലെ പോക്ക് നയമാണ് സ്വീകരിച്ചത്. ആക്രമണം നടന്ന ദിവസം ഞാന്‍ നല്‍കിയ മൊഴികളില്‍ പലതും രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായിരുന്നില്ല. അതു കൊണ്ട് തന്നെ പ്രതി പട്ടികയില്‍ നിന്ന് പലരും രക്ഷപ്പെടുകയും പട്ടികജാതി-പട്ടികവര്‍ഗ്ഗ ആക്രമണ നിരോധന നിയമത്തിന്റെ വകുപ്പുകള്‍ ചേര്‍ക്കാതെ എകഞ രജിസ്റ്റര്‍ ചെയ്യുകയുമാണ് ചെയ്തത്.
പിന്നീട് ഞാന്‍ മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് മറ്റ് പ്രതികളെ കൂട്ടി ചേര്‍ക്കുന്നതും SC/ST നിയമത്തിന്റെ വകുപ്പുകള്‍ കൂടി ചേര്‍ക്കുന്നതും.കേസിനാസ്പദമായ സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് അഡ്വ:യു .ജയകൃഷ്ണന് ഞാന്‍ വക്കാലത്ത് നല്‍കുന്നത്.ഇരയായ എനിക്ക് വേണ്ടി നില്‍ക്കേണ്ട സര്‍ക്കാര്‍ വക്കീല്‍ കേസ് വിളിക്കുന്ന സമയങ്ങളില്‍ ഹാജരാവുകയോ, ഹാജരാകുന്ന ദിവസങ്ങളില്‍ എനിക്ക് വേണ്ടി സംസാരിക്കുകയോ ചെയ്തിട്ടില്ല. വളരെ ഗൗരവമേറിയ ഒരു കേസില്‍ സര്‍ക്കാര്‍ വക്കീല്‍ നിശബ്ദത പാലിക്കുന്നത് സര്‍ക്കാര്‍ നിലപാടായി മാത്രമേ കാണാനാവൂ. സംഭവം നടന്ന് ഒരു വര്‍ഷമായിട്ടും ഒരാളെ മാത്രം അറസ്റ്റ് ചെയ്യുകയും ഗൂഢാലോചനനടത്തി സംഭവസമയത്തു മുഖ്യപ്രതീക്കൊപ്പം നിന്ന് അക്രമത്തില്‍ പങ്കാളികളായ മറ്റു പ്രതികളെ അറസ്റ്റു ചെയ്യാന്‍ തയ്യാറാവാതിരിക്കുകയുമാണ് കേരള പോലീസ് ഇതുവരെ അനുവര്‍ത്തിച്ച നയം.01.12.2020-ല്‍ മാത്രമാണ് പ്രതികള്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നത്.24.12.2020 ന് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം തള്ളിയിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നില്ല എന്നത് സര്‍ക്കാറിന്റെ മൃദു സംഘപരിവാര്‍ നിലപാടാണ് വ്യക്തമാക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചപ്പോഴും പ്രതികള്‍ക്ക് ഹൈക്കോടതി യില്‍ പോകാനുള്ള സമയം അനുവദിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് പൊലീസില്‍ നിന്ന് ലഭിച്ചിട്ടുള്ളത്.
അഡ്വ:യു .ജയകൃഷ്ണന്‍ എനിക്കു വേണ്ടി ഹാജരായി ശക്തമായി വാദം നടത്തുകയും സര്‍ക്കാര്‍ വക്കീല്‍ വിട്ടു നില്‍ക്കുകയുമാണ് ചെയ്തത്. പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നടപടിയില്‍ പ്രതിക്ഷേധിച്ചു ശബരിമല പ്രവേശനത്തിന്റെ രണ്ടാം വാര്‍ഷികമായ ജനുവരി രണ്ടിന്, മുന്‍പ് പ്രഖ്യാപിച്ചത് അനുസരിച്ചു കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്‍പില്‍ സത്യാഗ്രഹം അനുഷ്ടിക്കുന്നതാണ്. നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ മുഴുവന്‍ പുരോഗമന ജനാധിപത്യ ശകതികളുടേയും പിന്തുണയുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 25.12.2020
വിശ്വസ്തതയോടെ
ബിന്ദു അമ്മിണി
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക