| Tuesday, 9th February 2021, 11:02 pm

ശബരിമലയില്‍ പ്രവേശിച്ചതിന് തന്നെ അക്രമിച്ച പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു; മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തുമായി ബിന്ദു അമ്മിണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമല പ്രവേശനത്തിനു പിന്നാലെ തനിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ആക്രമണത്തില്‍ പൊലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തെഴുതി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും കൃത്യമായി അന്വേഷണം നടത്തുന്നതിലും കേരള പൊലീസ് സ്വീകരിച്ച മെല്ലെപ്പോക്ക് നയമാണ് കത്തെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് ബിന്ദു പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിന്ദു ഇക്കാര്യം അറിയിച്ചത്. പ്രതികളുടെ ഫോട്ടോയും പോസ്റ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

‘2019 ഭരണഘടനാ ദിനത്തില്‍ഗൂഡാലോചനനടത്തി ആസൂത്രിതമായി സംഘടിതമായി വന്നു എറണാകുളം പൊലീസ് കമ്മിഷണര്‍ ഓഫീസിന് മുന്‍പില്‍ വെച്ച് കെമിക്കല്‍ സ്‌പ്രേ ഉപയോഗിച്ച് ആക്രമിച്ച പ്രതികള്‍ ആണ് ഫോട്ടോയിലുള്ളത്. അതില്‍ കൃത്യം നടത്തിയ പ്രതിയെ മാത്രം അറസ്റ്റ് ചെയ്യുകയും മറ്റുള്ളവരെ പ്രതി ചേര്‍ക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല’, ബിന്ദു ഫേസ്ബുക്കിലെഴുതി.

ഇന്ന് താന്‍ എറണാകുളം പൊലീസ് കമ്മീഷണറെ കേസുമായി ബന്ധപ്പെട്ട് ഫോണ്‍ ചെയ്‌തെന്നും എന്നാല്‍ താനാണെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം ഉടന്‍ ഫോണ്‍ കട്ട് ചെയ്‌തെന്നും ബിന്ദു പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

തുറന്ന കത്ത്

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക്,

ഞാന്‍ ദളിത് വിഭാഗത്തില്‍പ്പെട്ട അക്ഷരഭ്യാസമില്ലാത്ത മാതാപിതാക്കള്‍ക്കുജനിച്ച ഒരാളാണ്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന എന്നെ 2019 ഭരണഘടനാ ദിനത്തില്‍ ഗൂഡാലോചനനടത്തി ആസൂത്രിതമായി സംഘടിതമായി വന്നു എറണാകുളം പോലീസ് കമ്മിഷണര്‍ ഓഫീസിന് മുന്‍പില്‍ വെച്ച് കെമിക്കല്‍ സ്‌പ്രേ ഉപയോഗിച്ച് ആക്രമിച്ച പ്രതികള്‍ ആണ് ഫോട്ടോയിലുള്ളത്. അതില്‍ കൃത്യം നടത്തിയ പ്രതിയെ മാത്രം അറസ്റ്റ് ചെയ്യുകയും മറ്റുള്ളവരെ (ഗൂഢാലോചന നടത്തി കുട്ടകൃത്യം ചെയ്യാന്‍ ഒപ്പം സംഭവ സ്ഥലത്തു കൂടെ നിന്നവര്‍ )പ്രതി ചേര്‍ക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ മജിസ്ട്രേറ്റിനു മുന്‍പാകെ ഞാന്‍ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതീക്ഷ് വിശ്വനാഥന്‍, രാജഗോപാല്‍, ദിലീപ് തുടങ്ങിയവരെ പ്രതിച്ചേര്‍ത്തിരുന്നു. തുടര്‍ന്ന് രാജാഗോപാല്‍, പ്രതീക്ഷ് വിശ്വനാഥന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ ജില്ലാ കോടതി തള്ളിയിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിരുന്നില്ല. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ (അസിസ്റ്റന്റ് കമ്മീഷണരുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം )ഇത് വരെ എന്റെ മൊഴി(further statement ) എടുക്കാന്‍ പോലും തയ്യാറായിട്ടില്ല. ഫോറെന്‍സിക് റിപ്പോര്‍ട്ട് തുടങ്ങി യാതൊന്നും ഇപ്പോഴും ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് തന്നെ അറിയിച്ചത്. എന്റെ കണ്ണിന്റെ കാഴ്ച അടക്കം ഭാഗികമായി നഷ്ടപ്പെട്ടിട്ടും, ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്ത് വെച്ച് ദളിത് സ്ത്രീ ആയ ഞാന്‍ ആസിഡ് സ്വഭാവത്തിലുള്ള ദ്രാവകം ഉപയോഗിച്ച് ആക്രമിക്കപ്പെട്ടിട്ടും, യാതൊരു വിധ അന്വേഷണവും നടത്താത്ത പൊലീസില്‍ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ എന്റെ ഫോണ്‍ കോള്‍ അറ്റന്റു ചെയ്യാന്‍ പോലും തയ്യാറല്ല. ജില്ലാ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു ശേഷം പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയും മുന്‍കൂര്‍ജാമ്യം തള്ളിയിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറല്ല.

ഇന്ന് (09.02.21)ഞാന്‍ എറണാകുളം പൊലീസ് കമ്മിഷണറെ കേസുമായി ബന്ധപ്പെട്ടു ഫോണ്‍ വിളിച്ച് സംസാരിച്ചെങ്കിലും ഞാന്‍ ആരാണെന്ന് മനസ്സിലായ ഉടന്‍ ഫോണ്‍ കട്ടു ചെയ്യുകയുണ്ടായി. പിന്നീട് വിളിച്ചിട്ട് കോള്‍ എടുക്കാന്‍ തയ്യാറായിട്ടില്ല.
പ്രോസീക്യൂഷന്‍ കേസ് ശരിയായി നടത്താത്ത സാഹചര്യത്തില്‍ എനിക്ക് കേസില്‍ അസ്സിസ്റ്റ് ചെയ്യാനായി Adv. Jayakrishnan U എന്ന ഹൈക്കോര്‍ട്ട് അഭിഭാഷകനെ ആശ്രയിക്കേണ്ടി വന്നു.

Adv. ജയകൃഷ്ണന്റെ വാദം കൊണ്ടാണ് പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ടത്. അവസാന ഘട്ടത്തില്‍ ആണ് പ്രിയപ്പെട്ട വക്കീല്‍ സുഹൃത്ത് എനിക്ക് വേണ്ടി ജില്ലാ കോടതിയില്‍ ഹാജരായത്. ഹൈകോടതിയില്‍ നിന്നും നിന്നും എനിക്ക് സമന്‍സ് അയച്ചിരുന്നു എന്നാണ് ഓര്‍ഡറിലുള്ളത്. എന്നാല്‍ എനിക്ക് യാതൊരു വിധ അറിയിപ്പും കോടതിയില്‍ നിന്നും ലഭിച്ചിട്ടില്ല. പ്രതികളുടെ ഏജന്‍സി വര്‍ക്കിലൂടെ ജീവനക്കാരെ സ്വാധീനിച്ചിരിക്കാം എന്ന് ഞാന്‍ കരുതുന്നു.

സംഭവം ( കമ്മിഷണര്‍ ഓഫീസിനടുത്തു വെച്ച് ആക്രമിക്കപ്പെട്ട സംഭവം )നടന്ന സമയത്തു അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ഈ പ്രതികള്‍ ( പ്രതീഷ് വിശ്വനാഥനും മറ്റും )തലേ ദിവസം ഹൈകോടതി പരിസരത്ത് വെച്ച് ഗൂഡാലോചന നടത്തുന്നത് കണ്ടിരുന്നു എന്ന് എന്നോട് പറഞ്ഞിരുന്നു.(അദ്ദേഹം ഇപ്പോള്‍ അത് ഓര്‍മ്മിക്കുന്നുണ്ടോ എന്ന് അറിയില്ല )

പൊലീസ് പ്രതികളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു.സ്ത്രീ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ഒരു സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട എനിക്ക് നേരെ ഉണ്ടായ ക്രൂരമായ സംഘപരിവാര്‍ ആക്രമണത്തില്‍ കേരള പൊലീസ് പ്രതികളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നത് അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.

09.02.21 ബഹുമാനപൂര്‍വ്വം
ബിന്ദു അമ്മിണി

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bindu Ammini Open Letter To Pinarayi Vijayan

We use cookies to give you the best possible experience. Learn more