Advertisement
Kerala News
ബിന്ദു അമ്മിണി അക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റ്; ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ പ്രതി മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 06, 05:50 am
Thursday, 6th January 2022, 11:20 am

കോഴിക്കോട്: ആക്ടിവിസ്റ്റും അധ്യാപികയുമായി ബിന്ദു അമ്മിണി അക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ സ്വദേശിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെള്ളയില്‍ മോഹന്‍ദാസാണ് അറസ്റ്റിലായത്.

സംഭവ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു എന്ന് വെള്ളയില്‍ പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഇയാള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ മോഹന്‍ദാസ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബിന്ദു അമ്മിണിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും പൊലീസ് കൂടുതല്‍ നടപടികളിലേക്ക് കടക്കുക. ഐ.പി.സി 323, 509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ഇന്നലെ വൈകീട്ടാണ് കോഴിക്കോട് കടപ്പുറത്ത് വെച്ച് ആക്ടിവിസ്റ്റും അദ്ധ്യാപികയുമായ ബിന്ദു അമ്മണി ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ ആക്രമണത്തിനിരയായത്.

വാഹനം നിര്‍ത്തുന്നതുമായുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

വീഡിയോയില്‍ ബിന്ദു അമ്മിണി ആക്രമണം ചെറുക്കുന്നതായും മര്‍ദ്ദിച്ചയാളുടെ ഫോണ്‍ തല്ലിത്തകര്‍ക്കുന്നതായും കാണാം.

അതേസമയം തനിക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് ബിന്ദു അമ്മിണി ആരോപിക്കുന്നുണ്ട്. മദ്യപിച്ചയാള്‍ വെറുതെ നടത്തിയ ആക്രമണമല്ല. പിന്നില്‍ രാഷ്ട്രീയകാരണങ്ങളുണ്ട്.

തന്നെ എവിടെക്കണ്ടാലും ആക്രമിക്കുകയെന്നത് സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനമാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. ബീച്ചില്‍ വെച്ച് തന്നെ ആക്രമിച്ചയാള്‍ ആര്‍എസ്എസുകാരനാണെന്നാണ് തനിക്കറിയാന്‍ കഴിഞ്ഞതെന്നും ബിന്ദു അമ്മിണി പറഞ്ഞു. പൊലീസില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും ഇവര്‍ പറയുന്നു.

ബിന്ദു അമ്മിണിക്ക് പിന്തുണയറിയിച്ച് വടകര എം.എല്‍.എ കെ.കെ രമ രംഗത്തുവന്നിരുന്നു. അമ്മിണി നിരന്തരമായി ആക്രമിക്കപ്പെടുകയാണെന്നും അവര്‍ നേരിട്ട ആക്രമണം കണ്ടു നില്‍ക്കാനാവില്ലെന്നും കെ.കെ. രമ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Bindu Ammini attacked case, one arrest