കോഴിക്കോട്: ആക്ടിവിസ്റ്റും അധ്യാപികയുമായ ബിന്ദു അമ്മിണി അക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ മോഹന്‍ദാസ് സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. ഇയാള്‍ ആര്‍.എസ്.എസ് മുന്‍ മുഖ്യ ശിക്ഷകായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ച കോഴിക്കോട് വെള്ളയില്‍ വെച്ചുണ്ടായ സി.പി.ഐ.എം- ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ ഇയാളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
സംഭവ സമയത്ത് പ്രതി മദ്യലഹരിയിലാരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സംഭവം നടന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ പൊലീസ് പരിശോധന നടത്താന്‍ തയ്യാറായില്ലെന്ന് ആക്ഷേപം ഉയരന്നുണ്ട്.
മോഹന്‍ദാസിനെതിരെ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അടിപിടി, സ്ത്രീകളെ അധിക്ഷേപിക്കല്‍, ക്രിമിനല്‍ ഉദ്ദേശത്തോടെ സ്ത്രീകള്‍ക്കുനേരെയുള്ള കൈയ്യേറ്റം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതിഷേധമുയര്‍ന്നതോടെയാണ് ഇയാള്‍ക്കെതിരെ ക്രിമിനല്‍ ഉദ്ദേശത്തോടെ സ്ത്രീകള്‍ക്കുനേരെയുള്ള കൈയ്യേറ്റം ചെയ്യല്‍ എന്ന വകുപ്പ് കൂടി ചേര്‍ക്കാന്‍ പൊലീസ് തയ്യാറായത്.
ബിന്ദു അമ്മിണിക്കെതിരെയുണ്ടായ അക്രമത്തിനെതിരെ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ബിന്ദു അമ്മിണിക്ക് നേരെ നടന്ന തരത്തിലുള്ള ക്രിമിനലിസം കേരളത്തില്‍ വളരാന്‍ അനുവദിക്കില്ലെന്നും വിശ്വാസമല്ല മറിച്ച് മറ്റൊരാളെ ആക്രമിക്കാനുള്ള ഫാസിസ്റ്റ് മനോഭാവമാണ് ഇതിന് പിന്നിലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. സംഭവത്തില്‍ പട്ടികജാതി കമ്മീഷനും കേസെടുത്തിട്ടുണ്ട്.
അതേസമയം, ബിന്ദു അമ്മിണിക്കെതിരെ മോഹന്‍ദാസിന്റെ ഭാര്യയും വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിനെ ബിന്ദു മര്‍ദിച്ചെന്ന് ആരോപിച്ചാണ് മോഹന്‍ദാസിന്റെ ഭാര്യ റീജ പരാതി നല്‍കിയിരിക്കുന്നത്.
ചൊവ്വാഴ്ച വൈകീട്ടാണ് കോഴിക്കോട് കടപ്പുറത്ത് വെച്ച് ആക്ടിവിസ്റ്റും അദ്ധ്യാപികയുമായ ബിന്ദു അമ്മണി ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ ആക്രമണത്തിനിരയായത്.
വാഹനം നിര്‍ത്തുന്നതുമായുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
വീഡിയോയില്‍ ബിന്ദു അമ്മിണി ആക്രമണം ചെറുക്കുന്നതായും മര്‍ദ്ദിച്ചയാളുടെ ഫോണ്‍ തല്ലിത്തകര്‍ക്കുന്നതായും കാണാം.
അതേസമയം തനിക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് ബിന്ദു അമ്മിണി ആരോപിക്കുന്നുണ്ട്. മദ്യപിച്ചയാള്‍ വെറുതെ നടത്തിയ ആക്രമണമല്ല. പിന്നില്‍ രാഷ്ട്രീയകാരണങ്ങളുണ്ട്.
തന്നെ എവിടെക്കണ്ടാലും ആക്രമിക്കുകയെന്നത് സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനമാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. ബീച്ചില്‍ വെച്ച് തന്നെ ആക്രമിച്ചയാള്‍ ആര്‍എസ്എസുകാരനാണെന്നാണ് തനിക്കറിയാന്‍ കഴിഞ്ഞതെന്നും ബിന്ദു അമ്മിണി പറഞ്ഞു. പൊലീസില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും ഇവര്‍ പറയുന്നു.
ബിന്ദു അമ്മിണിക്ക് പിന്തുണയറിയിച്ച് വടകര എം.എല്‍.എ കെ.കെ രമ രംഗത്തുവന്നിരുന്നു. അമ്മിണി നിരന്തരമായി ആക്രമിക്കപ്പെടുകയാണെന്നും അവര്‍ നേരിട്ട ആക്രമണം കണ്ടു നില്‍ക്കാനാവില്ലെന്നും കെ.കെ. രമ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.