| Wednesday, 13th November 2019, 3:23 pm

'ശബരിമല യുവതീ പ്രവേശന വിധി പുനപ്പരിശോധിക്കാന്‍ സാധ്യതയില്ല'; വീണ്ടും ശബരിമലയിലേയ്ക്കില്ലെന്നും ബിന്ദുവും കനകദുര്‍ഗയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ശബരിമലയിലെ യുവതീ പ്രവേശന വിധിയില്‍ പുനപ്പരിശോധന ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികളില്‍ സുപ്രീംകോടതി നാളെ വിധിപറയാനിരിക്കെ പ്രതികരിച്ച് ശബരിമലയില്‍ കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും.

വിധി പുനപ്പരിശോധിക്കാന്‍ സാധ്യതയില്ലെന്ന് ബിന്ദു അമ്മിണിയും കനകദുര്‍ഗയും പറഞ്ഞു. ഒരു തവണ മലകയറിയതിനാല്‍ വീണ്ടും ശബരിമലയിലേയ്ക്കില്ലെന്നും ബിന്ദുവും കനകദുര്‍ഗയും പറഞ്ഞു. കേരള കൗമുദിയോടായിരുന്നു പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

’50 വയസിന് താഴെയുള്ള സ്ത്രീകള്‍ക്കും ശബരിമലയിലെത്താമെന്ന വിധി വന്നശേഷം ഞങ്ങള്‍ മലകയറിയതോടെ കോടതി വിധി നടപ്പിലായി. ഇനി വീണ്ടും ഞങ്ങള്‍ തന്നെ ശബരിമലയില്‍ പോകുന്നതില്‍ അര്‍ത്ഥമില്ല. ഇനി പുതിയ ആളുകള്‍ പോകട്ടെ.’, ബിന്ദു പറഞ്ഞു.

തിരുവോണ സമയത്ത് കേരളത്തിനകത്തും പുറത്തുമുള്ള രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും മലകയറാന്‍ തയ്യാറായി വരുന്ന യുവതികള്‍ക്ക് സഹായം ചെയ്യുമെന്നും ബിന്ദു വ്യക്തമാക്കി.

‘ചിലരൊക്കെ ശബരിമലയില്‍ പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇവരെ സഹായിക്കാന്‍ ‘നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ’യെന്ന പേരില്‍ കൂട്ടായ്മയുമുണ്ട്.’, ബിന്ദു പറഞ്ഞു.

സുപ്രീംകോടതി നാളെപ്പറയുന്ന വിധി എന്താണെങ്കിലും കേരളം ഒറ്റക്കെട്ടായി അംഗീകരിക്കണമെന്ന് സി.പി.ഐ.എം. വ്യക്തമാക്കിയിരുന്നു. വിധി എന്തായാലും അംഗീകരിച്ചു നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം കെ. അനന്തഗോപന്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധി പറഞ്ഞിരുന്നു. ഇതിനെതിരെ നല്‍കിയ 56 പുനപ്പരിശോധനാ ഹരജികളാണ് കോടതി നാളെ പരിഗണിക്കുക. വിധി എന്താണെങ്കിലും സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞിരുന്നു. തങ്ങള്‍ക്ക് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more