പൊലീസിന്റെ ഇടപെടല്‍ ദുരൂഹത ഉണര്‍ത്തുന്നത്;ദല്‍ഹിയില്‍ കൊല്ലപ്പെട്ട സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ വീട് സന്ദര്‍ശിച്ച് ബിന്ദു അമ്മിണിയും സംഘവും
Kerala News
പൊലീസിന്റെ ഇടപെടല്‍ ദുരൂഹത ഉണര്‍ത്തുന്നത്;ദല്‍ഹിയില്‍ കൊല്ലപ്പെട്ട സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ വീട് സന്ദര്‍ശിച്ച് ബിന്ദു അമ്മിണിയും സംഘവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th September 2021, 9:40 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൊല്ലപ്പെട്ട സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ വീട് സന്ദര്‍ശിച്ച് നാഷണല്‍ പ്ലാറ്റഫോം ഫോര്‍ വുമണ്‍ സംഘടന. ബിന്ദു അമ്മിണി, സാദിയ (ദല്‍ഹി) , മാല ദേവി (ദല്‍ഹി) എന്നിവരടങ്ങുന്ന സംഘമാണ് ഉദ്യോഗസ്ഥയുടെ മൂത്ത സഹോദരനെ സന്ദര്‍ശിച്ചത്.

മാതാപിതാക്കള്‍ ഉദ്യോഗസ്ഥയുടെ ശവസംസ്‌കാരം നടന്ന മുറാദാബാദിലാണ് ഉള്ളതെന്നും സഹോദരന്‍ പങ്കുവെച്ച വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞതിലും ഭീകരമാണെന്നും ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ കുറിച്ചു.

ദല്‍ഹി പോലീസിന്റെ ഇടപെടലുകള്‍ ദുരൂഹത ഉണര്‍ത്തുന്നതാണ്. കൊലപാതക കേസ് സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ മെഹ്മൂദ് പ്രാച്ച എറ്റെടുത്തിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ബിന്ദു അമ്മിണി പറഞ്ഞു.

വീട്ടുകാരെ അറിയിക്കാതെ ബോഡി പോസ്റ്റ്മോര്‍ട്ടം ചെയ്തത് സംശയം ഉണര്‍ത്തുന്നതാണ്. ബോഡി കൈമാറിയിട്ട് പോലും ഫോട്ടോ എടുക്കാന്‍ പൊലീസ് അനുവദിച്ചില്ല. സഹോദരന്‍ എടുത്ത ഒരു ഫോട്ടോ മാത്രമാണുള്ളത്. ഉദ്യോഗസ്ഥ മുസ്‌ലിം ആയത് കൊണ്ടു മാത്രം ആണ് ബോഡി കത്തിച്ചു കളയാന്‍ പൊലീസിനാവാതെ ഇരുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലും പൊലീസിന് അനുകൂലമായി ഉണ്ടാക്കിയതാവാമെന്നും ബിന്ദു അമ്മിണി ആരോപിച്ചു.

റീ പോസ്റ്റ്‌മോര്‍ട്ടം എത്രയും വേഗം നടത്താന്‍ ഹൈ കോടതിയെ സമീപിക്കാന്‍ വീട്ടുകാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. നേരത്തെ വനിത ഉദ്യോഗസ്ഥയുടെ കൊലപാതകത്തില്‍ പ്രതിഷേധമറയിച്ച് വനിതാ സംഘടനകള്‍. ആഭ്യന്തരമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. എ.ഐ.ഡി.ഡബ്ല്യു.എ, എ.ഐ.എം.എസ്.എസ്, സി.എസ്.ഡബ്ല്യു. എന്‍.എഫ്.ഐ.ഡബ്ല്യു, പി.എം.എസ്, എസ്.എം.എസ് തുടങ്ങിയ സംഘടനകളാണ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചത്.

ഈ കേസ് കൈകാര്യം ചെയ്ത ദല്‍ഹി, ഹരിയാന പൊലീസിനെ നിശിതമായി കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. പൊലീസിന്റെ നിസ്സംഗഭാവം അപലപനീയമാണെന്നാണ് വനിതാ സംഘടനകളുടെ ആക്ഷേപം

അതേസമയം സംഭവത്തില്‍ സി.ബി.ഐ അന്വേഷണവും റീപോസ്റ്റ്‌മോര്‍ട്ടവും വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

ദല്‍ഹി ലജ്പത് നഗര്‍ ജില്ല മജിസ്‌ട്രേറ്റ് ഓഫീസില്‍ ജോലി ചെയ്തിരുന്ന 21 കാരിയുടെ മൃതദേഹം കഴിഞ്ഞ 27ന് ഫരീദാബാദിനടുത്ത സൂരജ്കുണ്ഡില്‍ നിന്നാണ് കണ്ടെത്തിയത്.

യുവതിയെ മേലുദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസില്‍ നിസാമുദ്ദീന്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

യുവതിയെ കൊലപ്പെടുത്തിയശേഷം നിസാമുദ്ദീന്‍ കാളിന്ദി കുഞ്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വീട്ടുകാരറിയാതെ നിസാമുദ്ദീന്‍ പെണ്‍കുട്ടിയെ ജൂണ്‍ 11ന് സാകേത് കോടതി വളപ്പില്‍ എത്തിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുമ്പാകെ കല്യാണം കഴിച്ചതായും പിന്നീട് മറ്റൊരാളുമായി ഉണ്ടായ സൗഹൃദമാണ് കൊലക്ക് കാരണമെന്നുമാണ് പൊലീസ് പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Bindu Ammini and her team visited the house of a slain civil defense officer in Delhi