കോഴിക്കോട്: ശബരിമല ദര്‍ശന പോയ കോഴിക്കോട് സ്വദേശി ബിന്ദുവിന്റെ മാതാപിതാക്കള്‍ മകള്‍ ചെയ്ത തെറ്റിന് അയ്യപ്പനോട് മാപ്പിരന്ന് ഭജന നടത്തിയെന്നും തെറ്റിന് പരിഹാരമായി ബിന്ദുവിന്റെ അമ്മ മല ചവിട്ടുമെന്നുമുള്ള തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത.
ബി.ജെ.പിയും ആര്‍.എസ്.എസും സംഘപരിവാറുമാണ് ഇത്തരമൊരു വാര്‍ത്തയ്ക്ക് പിന്നിലെന്നും അവര്‍ ഉണ്ടാക്കിയ ഒരു വാര്‍ത്തയാണ് ഇതെന്നും ബിന്ദു ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“”ഇവര്‍ പറയുന്നതുപോലെയൊന്നുമല്ല സംഭവിച്ചത്. ഞാന്‍ ശബരിമലയ്ക്ക് പോയി എന്ന് അറിഞ്ഞ സമയത്ത് തന്നെ വീടിന്റെ സമീപത്തേക്ക് വളരെ അക്രമാസക്തമായ രീതിയില്‍ ബി.ജെ.പിക്കാര്‍ പ്രകടനം നടത്തിയിരുന്നു. അമ്മയും പപ്പയും ശരിക്കും ഭയപ്പെട്ടു.
ഞാന്‍ ശബരിമലയില്‍ പോയി എന്ന് വാര്‍ത്ത വന്നതിന് പിന്നാലെ തന്നെ വീട്ടില്‍ പൊലീസ് എത്തി സെക്യൂരിറ്റി നല്‍കി. അതിനിടയ്ക്കാണ് ബി.ജെ.പിക്കാരുടെ അക്രമാസക്തമായ പ്രകടനം രണ്ട് തവണ ഉണ്ടാവുന്നത്. അത് പൊലീസ് തടഞ്ഞു.
ശബരിമല പ്രക്ഷോഭം; സംസ്ഥാനത്ത് വ്യാപക അറസ്റ്റ്; 150 ഓളം പേര്‍ പിടിയില്‍
പ്രകടനക്കാര്‍ തിരിച്ചുപോയ ശേഷം ചില ബി.ജെ.പിക്കാര്‍ വീട്ടില്‍ വന്ന് ഒരു കോംപ്രമൈസ് പോലെ അമ്മയോടും പപ്പയോടും സംസാരിക്കാന്‍ തുടങ്ങി. നമ്മള്‍ക്കെല്ലാവര്‍ക്കും ഒന്നിച്ച് സഹകരിച്ച് പോകണം എന്ന രീതിയിലായിരുന്നു സംസാരം. നമുക്ക് പരിഹാരമായി ഈ വീട്ടില്‍ വെച്ച് നാമജപം നടത്താമെന്നും അച്ഛനും അമ്മയും അതില്‍ പങ്കെടുക്കണമെന്നും അവര്‍ പറഞ്ഞു.
ഇത് അവരുടെ രാഷ്ട്രീയമായ അജണ്ടയാണെന്ന് അമ്മയ്ക്ക് മനസിലായില്ല. ഇവര്‍ പ്രശ്‌നം പരിഹരിക്കാന്‍ വരികയാണെങ്കില്‍ അവര്‍ പരിഹരിച്ചോട്ടെ എന്നായിരുന്നു അമ്മും പപ്പയും കരുതിയത്. പക്ഷേ വീട്ടില്‍ നാമജപം നടത്തണമെന്ന് പറഞ്ഞപ്പോള്‍ അതിന് സമ്മതിക്കാനോ അനുമതി കൊടുക്കാനോ ഒന്നും പറ്റിയ മാനസികാവസ്ഥയില്‍ ആയിരുന്നില്ല അവര്‍. എന്ത് പറയണമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. അവര്‍ അത്രമാത്രം പേടിച്ചിരുന്നു.
വൈകീട്ട് ആറരയ്ക്ക് വരാമെന്ന് പറഞ്ഞാണ് ബി.ജെ.പിക്കാര്‍ തിരിച്ചുപോയത്. കറുകച്ചാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള എ.എസ്.ഐയും സംഘവും കുറച്ച് ആളുകളുമാണ് വീടിന് സെക്യൂരിറ്റിക്കായി നില്‍ക്കുന്നത്. പൊലീസുകാര്‍ അമ്മയോട് അവര്‍ എന്താണ് സംസാരിച്ചത് എന്ന് അന്വേഷിച്ചു. നാമജപത്തിന്റെ കാര്യം പറഞ്ഞിട്ടാണ് പോയതെന്നും അല്‍പം കഴിഞ്ഞാല്‍ വരുമെന്ന് പറഞ്ഞെന്നും അമ്മ പൊലീസുകാരെ അറിയിച്ചു.
എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ പൊലീസ് സെക്യൂരിറ്റിയിലാണെന്നും അത്തരം പരിപാടിയൊന്നും വീട്ടില്‍ വെച്ച് നടത്താന്‍ പറ്റില്ലെന്നും പറഞ്ഞു.
വേണമെങ്കില്‍ വേറെ എവിടെയെങ്കിലും വെച്ച് നടത്തിക്കോട്ടെയെന്നും പൊലീസുകാര്‍ പറഞ്ഞു.
ഇത് അവരെ അറിയിച്ചു. ഇതിന് പിന്നാലെ ഞങ്ങളുടെ സമുദായത്തിന്റെ പേരിലുള്ള ക്ഷേത്രത്തില്‍ വെച്ച് നാപജപം നടത്താന്‍ കഴിയുമോ എന്ന് ആര്‍.എസ്.എസുകാര്‍ അന്വേഷിച്ചു. അവര്‍ പറ്റില്ലെന്ന് തീര്‍ത്ത് പറഞ്ഞു. പിന്നെ ഞങ്ങളുടെ വീടിന്റെ അടുത്തുള്ള രണ്ട് നായര്‍ കുടുംബങ്ങളെ അവര്‍ സമീപിച്ചു. രണ്ട് വീട്ടുകാരും പറ്റില്ല എന്ന് പറഞ്ഞു.
അതിന് ശേഷം ഒരു ഗതിയും ഇല്ലാതായപ്പോള്‍ അവിടുത്തെ തന്നെ ഒരു ബി.ജെ.പി നേതാവിന്റെ വീട്ടില്‍ വെച്ച് ഭജന നടത്താന്‍ തീരുമാനിച്ചു. ഗോപി എന്ന ആളുടെ വീട്ടില്‍ വെച്ചാണ് നാമജപം നടത്തിയത്. അമ്മയോട് അവിടെ വരണമെന്നും വിളക്കുകത്തിച്ച് കൊടുക്കണമെന്നും അവര്‍ പറഞ്ഞു. ഞങ്ങളുടെ വീട്ടില്‍ വെച്ച് നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ ഇവര്‍ക്ക് വൈരാഗ്യമുണ്ടോയെന്നും ഇനി അതിന്റെ പേരില്‍ ഇനി എന്നെയോ സഹോദരങ്ങളേയോ ശാരീരികമായി ഉപദ്രവിക്കുമോ കൊല്ലുമോ എന്നെല്ലാം പേടിയുള്ളതുകൊണ്ട് അമ്മയും പപ്പയും അവിടെ എത്തി.
അവിടെ എത്തിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ വേണ്ടി നിങ്ങള്‍ വരണമെന്നും നിങ്ങളെ ഞങ്ങള്‍ കൊണ്ടുപോയ്ക്കാളാമെന്നും ബി.ജെ.പിക്കാര്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്ക് പ്രായമായെന്നും അമ്മയ്ക്ക് കണ്ണിന് കാഴ്ചയില്ലെന്നും പറഞ്ഞു. അതൊന്നും കുഴപ്പമില്ലെന്നും ഞങ്ങള്‍ കൊണ്ടുപോയ്ക്കാളാമെന്നുമായിരുന്നു അവരുടെ മറുപടി. നടക്കാന്‍പോലും പറ്റാത്ത അവസ്ഥയാണെന്നും രണ്ട് പേര്‍ക്കും വരാന്‍ പറ്റില്ല എന്നും പപ്പ തീര്‍ത്തു പറഞ്ഞു.
നവംബര്‍ 5 ന് മുന്‍പേ വിവരം പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് ഇവരെ അവിടുന്ന് വിടുകയും ചെയ്തു. പക്ഷേ ഇവര്‍ അമ്മയ്ക്ക് അവിടുന്ന് ഒരു സെറ്റ് മുണ്ട് കൊടുത്തു. പപ്പയും അമ്മയും നില്‍ക്കുന്ന ഫോട്ടോയും അവരറിയാതെ എടുത്തു. ആ ഫോട്ടോ അവര്‍ വ്യാപകമായി ഉപയോഗിച്ചു. അങ്ങനെ അവര്‍ ഉണ്ടാക്കിയ ഒരു വാര്‍ത്തയാണ് ഇത്.
ഞാന്‍ ശബരിമലയ്ക്ക് പോകാന്‍ തയ്യാറായതില്‍ അവര്‍ പ്രായശ്ചിത്തം ചെയ്തു. മാപ്പപേക്ഷിച്ചു എന്നെല്ലാം വാര്‍ത്തയില്‍ പറഞ്ഞു. ഇങ്ങനെയുള്ള ഒരു സംഭവവും അവിടെ നടന്നിട്ടില്ല. വാര്‍ത്ത കണ്ടതിന് പിന്നാലെ ഞാന്‍ വീട്ടുകാരെ വിളിച്ചിരുന്നു.അമ്മയെ വിളിച്ച് സംസാരിച്ചപ്പോഴാണ് ഈ വിവരമെല്ലാം അമ്മ എന്നോട് പറഞ്ഞത്.
ഇതൊന്നും ഞങ്ങള്‍ക്ക് അറിയില്ലെന്നും തെറ്റായ കാര്യങ്ങളാണ് അവര്‍ പറഞ്ഞതെന്നും അമ്മ പറഞ്ഞു. ചേട്ടനുമായിസംസാരിച്ചിരുന്നു. ഇത്തരമൊരു കാര്യത്തിന്റെ പേരില്‍ ബി.ജെ.പിക്കാരും ആര്‍.എസ്.എസുകാരും അമ്മയേയും പപ്പായേയും ശബരിമലയ്ക്ക് കൊണ്ടുപോകേണ്ട കാര്യമില്ലെന്നും അവര്‍ക്ക് പോകണമെന്ന് എപ്പോഴെങ്കിലും തോന്നിയാല്‍ താന്‍ കൊണ്ടുപോകുമെന്നും ചേട്ടന്‍ പറഞ്ഞു.
ഞാന്‍ ചെയ്തതില്‍ തെറ്റൊന്നും ഇല്ലെന്നും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അവിടെ പോയ സ്ത്രീകളൊന്നും കുറ്റക്കാരെല്ലെന്നും നിനക്കൊപ്പം ഞങ്ങളുണ്ടാകുമെന്നും നിയപരമായി നേരിടാന്‍ പറ്റുന്ന രീതിയില്‍ നേരിടണമെന്നും ചേട്ടന്‍ പറഞ്ഞു. മറ്റുള്ളവര്‍ കാണിക്കുന്നതെന്നും കണ്ട് ഭയക്കേണ്ടെന്നും ചേട്ടന്‍ പറഞ്ഞു. ഞാന്‍ ശബരിമലയില്‍ പോയതില്‍ അമ്മയ്ക്കും പപ്പയ്ക്കും ഒരു പ്രശ്‌നവും ഇല്ല. വേറെ ഏതോ വീട്ടില്‍ നടത്തിയ പരിപാടിയില്‍ അവരെ എത്തിച്ച് ഫോട്ടോ എടുത്ത് ബി.ജെ.പിക്കാര്‍ ഉണ്ടാക്കിയെടുത്ത വാര്‍ത്ത മാത്രമാണ് ഇത്””- ബിന്ദു പറയുന്നു.
ശബരിമല ദര്‍ശനത്തിന് പോയ ബിന്ദുവിന് നേരെ വലിയ ഭീഷണിയായിരുന്നു ഉയര്‍ന്നത്. താമസിക്കുന്ന വീട് ഒഴിയണമെന്ന് വീട്ടുടമസ്ഥന്‍ ആവശ്യപ്പെടുകയും ഇവര്‍ താമസിക്കുന്ന ചേവായൂരിലെ വീടിന് നേരെ ചിലര്‍ കല്ലേറും മറ്റും നടത്തുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സുഹൃത്തിന്റെ ഫ്ളാറ്റില്‍ താമസിക്കാനായി ചെന്നപ്പോള്‍ ഫ്ളാറ്റിന് നേരെയും ആക്രമണമുണ്ടായി. ഇവരെ ഫ്ളാറ്റില്‍ താമസിപ്പിച്ചാല്‍ അവരുടെ കയ്യും കാലും വെട്ടും എയിരുന്നു ചിലര്‍ ഭീഷണിപ്പെടുത്തിയത്.
പിന്നീട് കസബ പൊലീസില്‍ അഭയം തേടിയ ബിന്ദുവിനെ പൊലീസ് സഹായത്തോടെ സുഹൃത്തിന്റെ വീട്ടിലാക്കുകയായിരുന്നു. തനിക്ക് നേരെ കടുത്ത ഭീഷണിയുണ്ടെന്നും ജോലി ചെയ്യാനും താമസിക്കാനും പറ്റുന്നില്ലെന്നും ബിന്ദു വ്യക്തമാക്കിയിരുന്നു.