കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തുവരുമ്പോള്‍ ഈ വിഷയത്തിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ നിലപാട് ചര്‍ച്ചയാവുന്നു. തന്നെപ്പോലുള്ള ഭക്തരായ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതിനോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയില്ലെന്നാണ് ബിന്ദു കൃഷ്ണ പറഞ്ഞത്.
കൈരളി ചാനലിന്റെ സെല്‍ഫിയെന്ന പരിപാടിയിലാണ് ബിന്ദു കൃഷ്ണ അവരുടെ നിലപാട് വ്യക്തമാക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ നിരത്തുന്ന വാദഗതികള്‍ ഓരോന്നായി എടുത്തു പറഞ്ഞ് അതിനെ ഖണ്ഡിച്ചുകൊണ്ട് ബിന്ദുകൃഷ്ണ അവരുടെ നിലപാടിനെ വിശദീകരിക്കുകയും ചെയ്തിരുന്നു.
Also Read:ശബരിമല: മന്ത്രിമാരെ ആക്രമിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കി ബി.ജെ.പി നേതാക്കള്‍
“ആത്യന്തികമായി ഒരു ഭക്തയാണ് ഞാന്‍. ക്ഷേത്ര ആരാധന നടത്തുന്ന ഒരു ഹിന്ദുവനിതയെന്ന നിലയില്‍ എന്റെ ആഗ്രഹം ശബരിമല അയ്യപ്പനെ ദര്‍ശിക്കാന്‍ ഭഗവാനൊരു അവസരം തരണമേയെന്നുള്ളതാണ്. അവിടെ ഞാന്‍ സ്ത്രീയായതുകൊണ്ട് ഏത് വിശ്വാസ പ്രമാണത്തിന്റെ അടിസ്ഥാനത്തിലായാലും, ഏത് ചരിത്ര ഗ്രന്ഥങ്ങളുടെ പിന്‍ബലത്തോട് കൂടിയാണെങ്കിലും, അതുമല്ല ഭരണഘടനയുടെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തിന്റെ പിന്‍ബലത്തിലായാലും, എന്നെപ്പോലുള്ള സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതിനോട് ഒരു കാരണവശാലും എനിക്കു യോജിക്കാന്‍ കഴിയില്ല.” എന്നാണ് ബിന്ദു കൃഷ്ണ പറയുന്നത്.
“ഒരു പക്ഷേ അത്തരം കാര്യങ്ങളോട് യോജിക്കണമെന്നു പറയുന്നവര്‍ ശബരിമല അയ്യപ്പനെ പോയി കണ്ടെങ്കിലേ ജീവിക്കാന്‍ പറ്റൂവെന്ന് ചോദിക്കാറുണ്ട്. ഫെമിനിസ്റ്റ് ചിന്താഗതിയാണ് അത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് എന്നു പറയുന്നവരുമുണ്ട്. ഞാന്‍ ഫെമിനിസ്റ്റല്ല. എല്ലാ ബഹുമാനത്തോടും എല്ലാ പുരുഷന്മാരുടെ അവകാശത്തെ നിലനിര്‍ത്തിക്കൊണ്ടും അവരുടെയൊപ്പം ഈ ഭൂമിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ സ്ത്രീയാണ്. പിന്നെ എന്തുകൊണ്ട് ശബരിമല അയ്യപ്പനെ കാണാന്‍ സ്ത്രീകളെ അനുവദിക്കുന്നില്ല എന്നുപറയുമ്പോള്‍ അശുദ്ധിയുടെ പേരിലാണ് മാറ്റിനിര്‍ത്തുന്നത്. ഞാന്‍ അശുദ്ധയല്ല. ഏതൊരു പുരുഷനോടൊപ്പമോ അതിനെക്കാളേറെയോ വ്രതകാര്യങ്ങളില്‍ നിഷ്ഠയുള്ളവരാണ് ലക്ഷക്കണക്കിനുള്ള കേരളത്തിലെ ഭക്തകളായ സ്ത്രീകളെന്ന് ഞാന്‍ വിശ്വസിക്കുന്നു.” അവര്‍ വിശദീകരിക്കുന്നു.
Also Read:നിയന്ത്രിക്കാനും കാത്തിരിക്കാനും ഒരാള്‍ വേണമെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു: അനൂപ് ചന്ദ്രന്‍
“ബ്രഹ്മചര്യഭാവത്തില്‍ ആരൊക്കെ ചരിത്രത്തില്‍ ജീവിച്ചിട്ടുണ്ടോ അവര്‍ക്ക് എല്ലാ പിന്തുണയും കുടുംബാംഗങ്ങളും സമൂഹത്തിലുള്ളവരും ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ ചെയ്തിട്ടുണ്ട്. പിന്നെ അശുദ്ധം എന്നു പറയുന്നത് നമ്മളുള്‍പ്പെടെയുള്ള സ്ത്രീകള്‍ അടുത്ത തലമുറയ്ക്കുവേണ്ടി ആ കാര്യങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുകയാണ്. അല്ലാതെ നമ്മുടെ സ്വാര്‍ത്ഥതയ്ക്കുവേണ്ടിയല്ല. ബയോളജിക്കലായ ഓരോ പ്രോസസും അടുത്ത തലമുറയ്ക്കുവേണ്ടിയാണ്. അതിന്റെ പേരില്‍ സ്ത്രീയെ മാറ്റി നിര്‍ത്തുന്നത് ശരിയല്ല.” എന്നും ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു.
“പിന്നെ പറയുന്നത് 41 ദിവസത്തെ വ്രതമെടുക്കണം. അതുകൊണ്ട് മാറ്റിയെന്നത്. ആധുനിക കാലഘട്ടത്തില്‍ എവിടെ വ്രതമെടുക്കുന്നു? വ്രതമെടുക്കും, രണ്ട് ദിവസത്തെ എടുക്കുന്നവരുണ്ട്, ഒരാഴ്ചത്തെ എടുക്കുന്നവരുണ്ട്. അവരവരുടെ സൗകര്യം അനുസരിച്ച്. നമ്മുടെ കുടുംബാംഗങ്ങള്‍ ശബരിമല അയ്യപ്പനെ കാണാന്‍ പോകുമ്പോള്‍ അവര്‍ക്കുവേണ്ടുന്ന ഈ കാര്യങ്ങളെല്ലാം ചെയ്ത് ഒരുക്കിക്കൊടുക്കുന്നത് നമ്മളാണ്. പക്ഷേ നമ്മളെ മാറ്റിനിര്‍ത്തുന്നു.”
“മറ്റൊരു കാര്യം എന്താ പറയുന്നെ, ഈ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ്. 1500 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അനുഷ്ടാനങ്ങള്‍, ഇപ്പോള്‍ സൂചിപ്പിച്ചതുപോലെയുള്ള ഗ്രന്ഥങ്ങളുടെ പിന്‍ബലം. ഈ ഗ്രന്ഥങ്ങള്‍ ആര് നിര്‍മ്മിച്ചു, ആര് രചിച്ചു, ഈ ആചാരങ്ങള്‍ ആര് ഈ ഭൂമിയില്‍ അയ്യപ്പ ഭഗവാന് വേണ്ടി മാത്രം മാറ്റിവെച്ചു ?
Also Read:യു.എസ് ഉപരോധ ഭീഷണി വകവെച്ചില്ല; മിസൈല്‍ കരാര്‍ ഒപ്പിട്ട് ഇന്ത്യ
നിയമനിര്‍മാണം നടത്തുന്നിടത്തു സ്ത്രീശബ്ദം കേള്‍ക്കാനില്ല. ഇതുപോലുള്ള ആചാരങ്ങള്‍ എഴുതപ്പെടുന്നിടത്തു സ്ത്രീയ്ക്കു സ്ഥാനമില്ല. ഇങ്ങനെ മാറ്റിനിര്‍ത്തപ്പെടുന്നു. ഇങ്ങനെ കുറേയാളുകളെ അടിച്ചമര്‍ത്തപ്പെട്ടിരുന്ന ആളുകളെ മാറ്റിനിര്‍ത്തി കുറേക്കാലം ദൈവാരാധന നമ്മള്‍ കൊണ്ടുപോയി. അതിനെ അതിജീവിച്ചത് വൈക്കം സത്യാഗ്രഹത്തിലൂടെയും ഗുരുവായൂര്‍ സത്യാഗ്രഹത്തിലൂടെയും ക്ഷേത്രപ്രവേശന വിളംബരത്തിലൂടെയുമാണ്. ആ മാറ്റം എന്തുകൊണ്ട് ആധുനിക കാലഘട്ടത്തില്‍ നമുക്ക് ചിന്തിച്ചുകൂടാ. ” എന്നു ചോദിച്ചുകൊണ്ടാണ് ബിന്ദു കൃഷ്ണ അവരുടെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച കോടതി വിധിയ്‌ക്കെതിരെ റിവ്യൂ ഹര്‍ജിയുമായി മുന്നോട്ടുപോകുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. സ്ത്രീകള്‍ പോലും വിധിയെ പിന്തുണയ്ക്കുന്നില്ലെന്നു പറഞ്ഞാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നത്. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശ്വാസികള്‍ക്കുവേണ്ടി വാദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളെല്ലാം വിധിയ്‌ക്കെതിരെ പരസ്യമായി രംഗത്തുവന്ന സാഹചര്യത്തിലാണ് ബിന്ദു കൃഷ്ണനയുടെ മുന്‍നിലപാട് ചര്‍ച്ചയാവുന്നത്.