തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ബുദ്ധിയില്ലാത്ത കഴുതയാണെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു ക്യഷ്ണ. കൊല്ലം നിലമേലില്‍ നടന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കവെയാണ് ബിന്ദു കൃഷ്ണ ഇത്തരത്തിലുള്ള വിവാദ പരാമര്‍ശം നടത്തിയത്.
വന്ധ്യവയോധികനായ വി.എസ്. അച്യുതാനന്ദന്‍ ബുദ്ധിയില്ലാത്ത കഴുതയാണെന്നും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കൂടെ നില്‍ക്കുന്നവരെപ്പോലും കടിച്ചു കീറി തിന്നുന്ന സിംഹമാണെന്നുമാണ് ബിന്ദു പറഞ്ഞത്.
വന്ധ്യവയോധികനായ വി.എസ് എന്നു പറഞ്ഞുകൊണ്ടാണ് ബിന്ദു കൃഷ്ണ തുടങ്ങിയത്. “കഴുതയെ ചുമക്കാന്‍ ആരും തയ്യാറാവില്ല, കാരണം കഴുതയ്ക്ക് ബുദ്ധിയില്ല. ബുദ്ധിയില്ലാത്തയാള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ പറ്റുമോ?” ബിന്ദു കൃഷ്ണ ചോദിക്കുന്നു.
“ഒപ്പം നില്‍ക്കുന്നവരെപ്പോലും കടിച്ചു കീറുന്ന സിംഹത്തെയും നമുക്ക് വേണ്ട, ബുദ്ധിയില്ലാത്ത കഴുതയെയും നമുക്ക് വേണ്ട” എന്നു പറഞ്ഞാണ് ബി്ന്ദു കൃഷ്ണ പരാമര്‍ശം അവസാനിപ്പിക്കുന്നത്.
എന്നാല്‍ പരാമര്‍ശം വിവാദമായതോടെ താന്‍ പറഞ്ഞ വാക്കുകളെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും ജി.സുധാകരന്‍ എം.എല്‍. എ ആലപ്പുഴയില്‍ നടത്തിയ പ്രസംഗം താന്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്നും ബിന്ദു പറഞ്ഞു.
“നൂറു കഴുതകളെ ഒരു സിംഹം നയിക്കുന്നത്, നൂറു സിംഹങ്ങളെ ഒരു കഴുത നയിക്കുന്നതിലും നല്ലതാണ്” എന്നാണ് ജി. സുധാകരന്‍ എം.എല്‍.എ പറഞ്ഞത്.