തിരുവനന്തപുരം: ശബരിമലയില്‍ ശുദ്ധികലശം നടത്തിയ തന്ത്രിയുടെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിന്ദുവും കനക ദുര്‍ഗയും. ഇതിനായി സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും ഇരുവരും വ്യക്തമാക്കി.
ശുദ്ധികലശം സ്ത്രീകള്‍ക്കും ദലിതുകള്‍ക്കുമെതിരായ വിവേചനമാണ്. താന്‍ ദലിതയായതിനാലാണ് ശുദ്ധികലശം നടത്തിയതെന്ന് ബിന്ദു പറഞ്ഞു. ശശികല ശബരിമലയിലെത്തിയപ്പോള്‍ ഇതുണ്ടായില്ല. ഇനിയും ശബരിമല ദര്‍ശനം നടത്തുമെന്നും ഇരുവരും അറിയിച്ചു.
ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി നടയടച്ച് ശുദ്ധികലശം നടത്തിയിരുന്നു. ഒരു മണിക്കൂര്‍ നടയടച്ചാണ് ശുദ്ധികലശം നടത്തിയത്.
അതേസമയം, ജാതിപിശാചിന്റെ പ്രതീകമാണ് തന്ത്രി എന്നും അദ്ദേഹം ബ്രാഹ്മണനല്ല ബ്രാഹ്മണ രാക്ഷസനാണെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞിരുന്നു. തന്ത്രിക്ക് നട അടയ്ക്കുമെന്ന് പറയാന്‍ അധികാരമില്ലെന്നും ബ്രാഹ്മണ മേധാവിത്വം ഇവിടെ വിലപോവില്ലെന്നും നേരത്തെ സുധാകരന്‍ പറഞ്ഞിരുന്നു.
തന്ത്രിക്ക് ജോലിചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെകില്‍ തന്ത്രി സ്ഥാനം ഒഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ബിന്ദുവും കനകദുര്‍ഗയും ദര്‍ശനത്തിന് എത്തിയതിന് പിന്നാലെ നടയടച്ച തന്ത്രിയുടെ നടപടി ഗുരുതര വീഴ്ചയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിസന്റ് എ. പദ്മകുമാര്‍ പറഞ്ഞിരുന്നു.
അതേസമയം, ശ്രീലങ്കന്‍ യുവതി പ്രവേശിച്ച പശ്ചാത്തലത്തില്‍ ശബരിമലയില്‍ ശുദ്ധിക്രിയ നടത്തുന്നില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി കയറിയെന്ന് പൊലീസോ ദേവസ്വം ബോര്‍ഡോ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ ശുദ്ധിക്രിയയുടെ ആവശ്യമില്ലെന്നായിരുന്നു തന്ത്രിയുടെ പ്രതികരണം.