| Monday, 11th April 2022, 4:08 pm

ആര്‍.എസ്.എസ് ക്രിമിനലിനോട് ഞാന്‍ മാപ്പുചോദിക്കുമെന്നത് വെറും വ്യാമോഹം : ബിന്ദു അമ്മിണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആര്‍.എസ്.എസ് ക്രിമിനലിനോട് താന്‍ മാപ്പ് ചോദിച്ചുപോകുമെന്നത് വെറും വ്യാമോഹം മാത്രമാണെന്ന് ആക്ടിവിസ്റ്റും അധ്യാപികയുമായ ബിന്ദു അമ്മിണി. കോഴിക്കോട് ബീച്ചില്‍ വെച്ച് തന്നെ ആക്രമിച്ച മോഹന്‍ ദാസ് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനോട് മാപ്പ് ചോദിച്ചു എന്ന പ്രചാരണത്തിന് പിന്നാലെയാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ മോഹന്‍ ദാസ് എന്ന ക്രിമിനലിനോട് താന്‍ മാപ്പുചോദിച്ചു ചെന്നിരുന്നു എന്ന വിവരം ശരിയാണോ എന്ന് ചോദിച്ച് കഴിഞ്ഞ ദിവസം തന്റെ ഫോണില്‍ വെള്ളയില്‍ ബീച്ചിനടുത്തുള്ള ഒരാള്‍ മെസ്സേജ് അയച്ചുവെന്നും വെള്ളയില്‍ ബീച്ചില്‍ വെച്ചു നടന്ന അക്രമത്തില്‍ താന്‍ ആണ് പരാതിക്കാരി പിന്നെ എന്തിനു ഞാന്‍ അയാളോട് മാപ്പ് ചോദിച്ചു ചെല്ലണമെന്നും ബിന്ദു അമ്മിണി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ആര്‍.എസ്.എസ് ക്രിമിനലിനോട് മാപ്പ് ചോദിച്ചു താന്‍ ചെല്ലുമെന്നത് വെറും വ്യാമോഹം മാത്രമാണെന്നും ബിന്ദു അമ്മിണി പറഞ്ഞു.

തന്റെ ഫോട്ടോവെച്ച് പ്രൊഫൈല്‍ ഉണ്ടാക്കി അതില്‍ ആര്‍.എസ്.എസിന് വേണ്ടത് കുത്തിത്തിരുകി സ്‌ക്രീന്‍ഷോട്ട് എടുത്തു അവരുടെ ഗ്രൂപ്പ്കളില്‍ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുകയാണെന്നും ബിന്ദു അമ്മിണി എന്ന ദളിത് സ്ത്രീയോടു അടങ്ങാത്ത സ്‌നേഹം മൂത്തു ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തു കൊണ്ടിരിക്കുന്ന കൃമി കീടങ്ങളോട് പുച്ഛം മാത്രമെന്നും ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ എഴുതി. ” ഇത്തരം പോസ്റ്റ്കള്‍ ഷെയര്‍ ചെയ്യുന്നതിലൂടെ സംഘികള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കല്‍ ആണ് ചെയ്യുന്നത്.
ക്രിയാത്മകമായി ഒന്നും ചെയ്യാനിലാത്തവര്‍ ഇങ്ങനെ ന്യൂയിസന്‍സ്‌കള്‍ ആയി മാറികൊണ്ടിരിക്കും. അതിന്റെ ക്രെഡിറ്റ് ആര്‍.എസ്.എസി ന് തന്നെയിരിക്കട്ടെ.
ഇതൊന്നും എന്റെ തലയില്‍ കെട്ടിഏല്‍പ്പിക്കാന്‍ നോക്കേണ്ട,” ബിന്ദു അമ്മിണി പറഞ്ഞു.

ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ മോഹന്‍ദാസ് സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്.ജനുവരിയിലാണ് കോഴിക്കോട് കടപ്പുറത്ത് വെച്ച് ബിന്ദു അമ്മണി ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ ആക്രമണത്തിനിരയായത്.

വാഹനം നിര്‍ത്തുന്നതുമായുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

Content Highlights: Bindhu Ammini against RSS

We use cookies to give you the best possible experience. Learn more