|

ബി.ജെ.പിയുമായി ധാരണയെന്ന വാര്‍ത്ത തെറ്റ്; ബംഗാളില്‍ സി.പി.ഐ.എം ബി.ജെ.പിയുമായി ധാരണയെന്ന മനോരമ വാര്‍ത്ത തള്ളി ബിമന്‍ ബസു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പലയിടത്തും സി.പി.ഐ.എം-ബി.ജെ.പി ധാരണയെന്ന തരത്തില്‍ മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത തള്ളി സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗവും ഇടതുമുന്നണി ചെയര്‍മാനുമായ ബിമന്‍ ബസു. വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും അങ്ങനെ ഒരു ധാരണ സംസ്ഥാനത്ത് ഒരിടത്തുമില്ലെന്നുമാണ് ബിമന്‍ ബസു ദേശാഭിമാനിയോട് പ്രതികരിച്ചത്.

ബി.ജെ.പിയും തൃണമൂലും ഇടതുമുന്നണിക്ക് ഒരുപോലെ ശത്രുക്കളാണ്. ഇരുവരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. തൃണമൂല്‍ ആക്രമണം നേരിടാന്‍ ബി.ജെ.പിയോട് ഒരു തരത്തിലുള്ള ധാരണയും നീക്കുപോക്കുമുണ്ടാക്കില്ല. തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും തലത്തില്‍ ബി.ജെ.പിയുമായി നീക്കുപോക്കുള്ളതായോ ഒരുമിച്ച് പ്രചാരണം നടത്തുന്നതായോ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ബിമല്‍ പറഞ്ഞു.

പാര്‍ട്ടി നിലപാടിന് വിരുദ്ധമായി അത്തരമൊരു പ്രവര്‍ത്തനമുണ്ടായാല്‍ നടപടിയെടുക്കും. ആക്രമണത്തിനെതിരായി ധാരണയുണ്ടാക്കിയെന്ന തരത്തില്‍ സി.പി.ഐ.എം നേതാക്കള്‍ അഭിപ്രായപ്പെട്ടെന്ന വാര്‍ത്ത തികച്ചും ഭാവനാ സൃഷ്ടിയാണ്. പാര്‍ട്ടിയെയും ഇടതുമുന്നണിയെയും താറടിക്കാനാണ് ഇത്തരം വാര്‍ത്ത നല്‍കുന്നത്, അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയ്ക്ക് പത്രിക സമര്‍പ്പിക്കാന്‍ കഴിയാതെ വന്നയിടങ്ങളില്‍ പ്രദേശികാടിസ്ഥാനത്തില്‍ അംഗീകൃതരായ സ്വതന്ത്രരെ പിന്തുണയ്ക്കും. ഇത് ഏതെങ്കിലും പാര്‍ടിയുമായുള്ള ധാരണയൊ സംഖ്യമൊ അല്ല. അങ്ങനെ ചിത്രീകരിക്കാന്‍ ശ്രമിയ്ക്കുന്നത് ദുരുദ്ദേശപരമാണ് ബിമന്‍ ബസു പറഞ്ഞു.


Read | ‘മി.ജോയ്മാത്യു, വല്ലപ്പോഴും പത്രം വായിക്കുക, ലോകവിവരമുണ്ടാവും’; ഡോ.ബിജു ഏത് സിനിമയിലൂടെയാണ് അറിയപ്പെടുന്നത് എന്ന് ചോദിച്ച ജോയ് മാത്യുവിന് സംവിധായകന്റെ മറുപടി


ഞായറാഴ്ച മനോരമയില്‍ പ്രസിദ്ധീകരിച്ച “അരിവാള്‍ ചുറ്റിക താമര നക്ഷത്രം” എന്ന തലക്കെട്ടിലുളഅള വാര്‍ത്ത വിവാദമായിരുന്നു. ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പലയിടത്തും സി.പി.ഐ.എം-ബി.ജെ.പി ധാരണയുണ്ടെന്നായിരുന്നു വാര്‍ത്ത. വാര്‍ത്തയ്‌ക്കൊപ്പം താമരയും അരിവാള്‍ ചുറ്റിക നക്ഷത്രവും ഒരേ മതിലില്‍ വരച്ച ചിത്രവും മനോരമ നല്‍കിയിരുന്നു.

എന്നാല്‍ പ്രാദേശിക പത്രമായ കൊബര്‍ 365 എന്ന തൃണമൂല്‍ അനുകൂല പത്രത്തില്‍ വന്ന ചിത്രവും വാര്‍ത്തയുമാണ് മതിയായ സ്ഥിരീകരണമില്ലാതെ മനോരമ പ്രസിദ്ധീകരിച്ചതെന്നാണ് ആരോപണം.

അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപകമായ ആക്രമണമാണ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥികളെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും നാമനിര്‍ദ്ദേശം നല്‍കാന്‍ അനുവദിക്കാതെ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ 20,000 ഓളം വാര്‍ഡുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരസ്യമായുള്ള ആക്രമണത്തിന് പിന്നാലെ പ്രതിപക്ഷ കക്ഷികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരുന്നില്ല.


Read | അഫ്ഗാനിസ്ഥാനില്‍ ഏഴ് ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ ഭീകരര്‍ തട്ടിക്കൊണ്ട് പോയി


ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളും ഏപ്രില്‍ 16 വരെ നിര്‍ത്തിവെക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ് 12ന് ഉത്തരവിട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ അക്രമം അഴിച്ചുവിടുന്നെന്ന് ആരോപിച്ചുള്ള ബി.ജെ.പി ബംഗാള്‍ നേതൃത്വത്തിന്റെ ഹര്‍ജിയിലായിരുന്നു കോടതി വിധി. തുടര്‍ന്ന് പത്രിക സമര്‍പ്പണത്തിനുള്ള തീയതി ഒരു ദിവസം നീട്ടി നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ന്നും ആക്രമണത്തെ തുടര്‍ന്ന് നാമനിര്‍ദ്ദേശം നല്‍കാനാവാത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് കോടതി ചരിത്രത്തിലാദ്യമായി വാട്‌സ്അപ്പിലൂടെ നാമനിര്‍ദ്ദേശം നല്‍കാനുള്ള അനുമതി നല്‍കി. എന്നാല്‍ നോമിനേഷന്‍ നല്‍കിയവരെ ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ട് പോയും പത്രിക പിന്‍വലിപ്പിക്കാനും തൃണമൂല്‍ ശ്രമിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തന്നെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ തോതിലുളള അക്രമപ്രവര്‍ത്തനങ്ങളാണ് നടത്തിവന്നിരുന്നത്. പ്രമുഖ സി.പി.ഐ.എം നേതാവും മുന്‍ എം.എല്‍.എയുമായ ബസുദേവ് ആചാര്യയെ ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കളെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടുണ്ടായിരുന്നു. കാശിപൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പ്രവര്‍ത്തകര്‍ക്കൊപ്പം പോകവേയാണ് അദ്ദേഹത്തെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ടു ചെയ്തിരുന്നു. പത്രിക സമര്‍പ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി നേരത്തെ ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് ബി.ജെ.പി കോടതിയില്‍ ഹര്‍ജി നല്‍കിയത്. പരാതി നല്‍കാനായി ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലെത്തിയ ബി.ജെ.പി നേതാക്കളും.ആക്രമിക്കപ്പെട്ടിരുന്നു.