| Saturday, 6th January 2024, 3:42 pm

ബില്യണേഴ്‌സിന്റെ ഗുജറാത്തും സാധാരണക്കാരന്റെ കേരളവും

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

ചോദ്യം: കേരളത്തില്‍ 31 കോടീശ്വരന്മാരാണുള്ളത്, ഗുജറാത്തില്‍ 110 ഉം. അങ്ങനെയാണെങ്കിൽ ഇതില്‍ കൂടുതല്‍ സാമ്പത്തിക അഭിവൃദ്ധി പ്രാപിച്ച സംസ്ഥാനം ഏതായിരിക്കും, കൂടുതല്‍ ദരിദ്രര്‍ ഉള്ള സംസ്ഥാനം ഏതായിരിക്കും?

ഒറ്റ നോട്ടത്തില്‍ കൂടുതല്‍ സാമ്പത്തിക അഭിവൃദ്ധി പ്രാപിച്ച സംസ്ഥാനം ഗുജറാത്ത് എന്നാണ് ഉത്തരം നിങ്ങള്‍ക്ക് മനസ്സില്‍ വരുന്നതെങ്കില്‍ ബാക്കി വായിക്കുക.

ഗുജറാത്തിലും കേരളത്തിലും ഏതാണ്ട് ഒരേ ശരാശരി ആളോഹരി വരുമാനമാണുള്ളത്. ഏതാണ്ട് രണ്ടു ലക്ഷത്തി നാല്പതിനായിരം രൂപ. പക്ഷെ ഇതിനര്‍ത്ഥം കേരളത്തിലും ഗുജറാത്തിലും ഉള്ള ഓരോരുത്തര്‍ക്കും ഇത്രയും രൂപ വാര്‍ഷിക വരുമാനം ഉണ്ടെന്നല്ല. പണക്കാര്‍ക്ക് പാവപെട്ടവരേക്കാള്‍ കൂടുതല്‍ വരുമാനം ഉണ്ടാകും. ഇവ എല്ലാം കൂടി കണക്കാക്കിയാണ് ശരാശരി വരുമാനം കണക്കാക്കുന്നത്.

കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ കൂലി ലഭിക്കുന്ന ഒരു സംസ്ഥാനത്തു നൂറ്റിപ്പത്ത് പേര്‍ക്ക് വളരെ അധികം സമ്പാദ്യം ഉണ്ടായാല്‍ അത് ശരാശരി വരുമാനത്തെ കൂടുതലായി കാണിക്കും, ഭൂരിഭാഗം ജനങ്ങളും നേടുന്നത് കുറഞ്ഞ വരുമാനം ആണെങ്കില്‍ കൂടി.

ഗുജറാത്തിലെ 110 കോടീശ്വരന്മാരുടെ മൊത്തം സമ്പാദ്യം 10,31,500 കോടി രൂപയാണ്. ഇതാണ് അവരുടെ ശരാശരി വരുമാനത്തെ കൂടുതലാക്കി കാണിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്സ് ക്ളാസില്‍ സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷന്‍ പഠിച്ചവര്‍ക്ക് ഇത് പെട്ടെന്ന് മനസിലാകും. (സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുന്ന ക്ലാസ്സില്‍ Gini ഇന്‍ഡക്‌സ് അല്ലെങ്കില്‍ Gini coefficient കൊണ്ടാണ് ഈ അസമത്വത്തെ അളക്കുന്നത്. പക്ഷെ സമ്പത്ത് കൂടുമ്പോള്‍ Gini index വര്‍ധിക്കുന്നത് കൊണ്ട് ഈ താരതമ്യത്തില്‍ ഇതുപയോഗിക്കാന്‍ പറ്റില്ല)

ഇങ്ങിനെ പണം വളരെ കുറച്ചു ആളുകളുടെ കയ്യില്‍ മാത്രം കുമിഞ്ഞു കൂടുന്നതുകൊണ്ടാണ് ഗുജറാത്തിലെ കൃഷിക്കാര്‍ അല്ലാത്ത തൊഴിലാളികള്‍ക്ക് ദിവസേന കിട്ടുന്ന വേതനം, ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ കൂലികളില്‍ ഒന്നായ , വെറും 234 രൂപ ആകാന്‍ കാരണം.

കേരളത്തില്‍ 670 രൂപയാണ്. കേരളം പുറത്തു നിന്ന് പ്രവാസികള്‍ അയക്കുന്ന പൈസ കാരണമാണ് ഇങ്ങിനെ കൂടുതല്‍ വേതനം കൊടുക്കുന്നത് എന്നാണ് നിങ്ങളുടെ വാദമെങ്കില്‍, നമ്മുടെ തൊട്ടടുത്ത് കിടക്കുന്ന തമിഴ്നാട്ടിൽ ദിവസക്കൂലി 438 രൂപയാണ്. ഗുജറാത്തിന്റെ ഇരട്ടി.

നിങ്ങള്‍ ഒരു കോടീശ്വരനാണെങ്കില്‍ ഗുജറാത്ത് നല്ല സ്ഥലമാണ്, സാധാരണക്കാരനാണെങ്കില്‍ കേരളവും.

ദാരിദ്ര്യ രേഖയുടെ അടിസ്ഥാനത്തില്‍ ഇത് വ്യക്തമായി കാണാന്‍ പറ്റും. ഗുജറാത്തിലെ 19 ശതമാനം ആളുകള്‍ മാസം 1300 രൂപ പോലും സമ്പാദിക്കാതെ ദരിദ്ര രേഖയ്ക്ക് താഴെ കിടക്കുന്ന ആളുകളാണ്, കേരളത്തില്‍ ഇത് 0.7 ശതമാനവും.  ചിത്രം 01 കാണുക. ( നീതി ആയോഗ് കണക്ക് പ്രകാരം. സോഴ്‌സ് അനുസരിച്ച് ഈ സംഖ്യകള്‍ മാറുമെങ്കിലും കേരളത്തേക്കാള്‍ കൂടുതല്‍ ദരിദ്രര്‍ ഗുജറാത്തിലാണ് ഉള്ളത്).

ചിത്രം 01

പറഞ്ഞു വരുമ്പോള്‍ കോടീശ്വരന്മാരുടെ എണ്ണം ഗുജറാത്തിലാണ് കൂടുതലെങ്കിലും സമ്പത്ത് താരതമ്യേന കൂടുതല്‍ തുല്യമായി വീതിക്കപ്പെടുന്നത് കേരളത്തിലാണ്. ഇതില്‍ ഏതാണ് നല്ലതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.

സ്വയം പ്രഖ്യാപിത സാമ്പത്തിക വിദഗ്ധരുടെ ബാഹുല്യമാണ് കേരളം നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നമെന്ന് എനിക്ക് ചിലപ്പോള്‍ തോന്നാറുണ്ട്. സാമ്പത്തിക ശാസ്ത്രം പോലെ ഇത്ര വികാസം പ്രാപിച്ച ഒരു മേഖലയില്‍ ഒരു വിദഗ്ദന്‍ ഉണ്ടാവുക എന്നത് ബുദ്ധിമുട്ടായി കാര്യമാണ്.

ഉദാഹരണത്തിന് ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിലെ റിസ്‌ക് ഡിപ്പാര്‍ട്‌മെന്റില്‍ അനേക വര്‍ഷം ജോലി ചെയ്ത എന്നോട് ഇന്ത്യയിലെ വാട്ടര്‍ ടേബിള്‍ താഴുന്നത് എങ്ങിനെയാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ദീര്‍ഘകാലത്തേക്ക് ബാധിക്കുക എന്ന് ചോദിച്ചാല്‍, എനിക്ക് ഒരു പിടിയും ഉണ്ടാകില്ല. അതേസമയം environmental economics പഠിച്ച ഒരാള്‍ക്ക് അതിനു മറുപടി പറയാന്‍ കഴിയും. പക്ഷെ അങ്ങേരോട് എനിക്കറിയാവുന്ന value at risk എന്താണെന്ന് ചോദിച്ചാല്‍ പുള്ളിക്കും അറിയാന്‍ പറ്റണം എന്നില്ല.

കെ റെയിലിനു വേണ്ടി കടം എടുക്കുന്നത് ആത്മഹത്യയാണെന്നൊക്കെ പല വിദഗ്ധരും എഴുതുന്നുണ്ട്, ഇവര്‍ക്ക് ഇങ്ങിനെയുള്ള കാര്യങ്ങളില്‍ ഉള്ള അറിവിന്റെ കാര്യത്തില്‍ എനിക്ക് നല്ല സംശയമുണ്ട്. ഒരു വീടിന് ലോണ്‍ എടുക്കുന്ന പോലെയാണ് സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങളുടെ കടങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് കരുതുന്നവരാണ് കൂടുതലും.

മൈക്രോഇക്കണോമിക്‌സ് , മാക്രോ എക്കണോമിക്‌സ് എന്നീ വലിയ വിഭാഗങ്ങള്‍ക്ക് അടിയില്‍ തന്നെ പല ഉപവിഭാഗങ്ങളുണ്ട്.

സര്‍ക്കാര്‍ ഒരു പദ്ധതിക്ക് വേണ്ടി വിദേശ ബാങ്കില്‍ നിന്ന് കടം എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന സാമ്പത്തിക വിദഗ്ധരും ഇന്‍ഷുറന്‍സിന് എത്ര പ്രീമിയം ചാര്‍ജ് ചെയ്യണമെന്ന് തീരുമാനിക്കുന്ന സാമ്പത്തിക വിദഗ്ധരും ചെയുന്നത് തീര്‍ത്തും വ്യത്യസ്തമായ ജോലികളാണ്. കേരളത്തിന്റെ പ്രത്യേക സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മുന്‍ മന്ത്രി തോമസ് ഐസക്കിനും, ഒരു പക്ഷെ ശാസ്ത്ര സാഹിത്യ പരിഷത്തിനും, CDS നും ഒക്കെ പുറത്ത് നിന്നുള്ള മറ്റ് വിദഗ്ദന്മാരെക്കാള്‍ വലിയ അറിവുണ്ടാകും.

തോമസ് ഐസക്‌

ഞാന്‍ ഉള്‍പ്പെടെ, നമ്മളില്‍ പലരും വീണുപോവുന്ന ഒരു കുഴിയാണ് Dunning-Kruger Effect. ഒരു കാര്യത്തെ കുറിച്ച് വിക്കിപീഡിയയിലും ഇന്റര്‍നെറ്റിലും കുറച്ചു വായിച്ചു കഴിഞ്ഞ ഉടനെ നമ്മള്‍ ആ മേഖലയില്‍ ഒരു വിദഗ്ധനാണ് എന്ന് നമുക്ക് സ്വയം തോന്നുന്ന ഒരവസ്ഥയാണിത് (ചില പ്രത്യേക വ്യക്തികളെ ഉദ്ദേശിച്ച് പറഞ്ഞതല്ല). കുറെ ആഴത്തില്‍ പഠിച്ചു കഴിയുമ്പോള്‍ ആകും നമുക്ക് ഈ വിഷയത്തെ കുറിച്ച് ഒരു തേങ്ങയും അറിയില്ല എന്ന് നമുക്ക് മനസിലാകുന്നത്.

കെ റെയിലിനു പകരം ഇപ്പോള്‍ ഉള്ള പാലങ്ങളുടെ വളവ് നിവര്‍ത്തിയാല്‍ പോരെ എന്ന് പറയുന്ന കേരളത്തിലെ വിദഗ്ധനോട് ട്രെയിനിന്റെ ചക്രം എന്തിനാണ് conical ആകൃതിയില്‍ ഉള്ളത് എന്ന് ചോദിച്ചാലോ, ഒരു ഫിക്‌സഡ് ആക്സിലില്‍ ഉറപ്പിച്ചു വച്ചിരിക്കുന്ന ട്രെയിനിന്റെ ചക്രങ്ങള്‍ എങ്ങിനെയാണ് വളവ് തിരിയുന്നത് എന്നും ചോദിച്ചാല്‍ പലപ്പോഴും ഉത്തരം ഉണ്ടാവില്ല.  ഇതേ എഫക്ടിന്റെ മറു വശമാണ് ഇതിനെപറ്റി നന്നായി അറിയുന്നവര്‍ മിണ്ടാതെയിരിക്കും എന്നുള്ളത്. നമ്മുടെ ദുര്‍വിധിയും അതുതന്നെയാണ്.

ലോകത്തിന് കീഴിലുള്ള ഏതു വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനും നമ്മുടെ ചാനലുകളില്‍ ഒരേ ആളുകള്‍ വരുന്നതിന്റെ രഹസ്യവും Dunning-Kruger Effect തന്നെയാണ്.

നോട്ട് 1: കേരളത്തെ ‘ഖേരളം’ എന്ന് വിളിച്ചു കളിയാക്കുന്നവര്‍ പൊട്ടന്‍ഷ്യല്‍ സംഘികളാണ് എന്നാണ് എന്റെ തോന്നല്‍. സംഘികളാണ് കേന്ദ്രത്തിന് വേണ്ടി കേരളത്തെ കളിയാക്കുന്നവര്‍. ബാക്കി എല്ലാവരും കേരളത്തിന്റെ ഇന്നത്തെ പുരോഗതിക്ക് അവകാശം ഉള്ളവരാണ്.

ഇടതുപക്ഷ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കേരളത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളെ, ‘ഖേരളം’ എന്ന് വിളിച്ച് ഇകഴ്ത്തി കാണിക്കേണ്ട ഒരു കാര്യവുമില്ല. കേരളം സ്വര്‍ഗ്ഗമൊന്നുമല്ല, പക്ഷെ ഇങ്ങനെ കളിയാക്കാന്‍ മാത്രം മോശം ജനതയല്ല നമ്മള്‍. പല കോണ്‍ഗ്രസുകാരും ഇങ്ങനെ ഉള്ളവരുടെ കൂടെ കൂടുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നുണ്ട്.

നോട്ട് 2 : കോടീശ്വരന്‍ എന്നുള്ള വാക്ക് super rich, billionaire എന്നൊക്കെ ഉള്ള ഇംഗ്ലീഷ് വാക്കുകള്‍ക്ക് പകരം ഉപയോഗിച്ചതാണ്. പണ്ടൊക്കെ ഒരു കോടി രൂപ ഉള്ളവര്‍ ഈശ്വരന്‍ ആയിരുന്നു, ഇപ്പോള്‍ ഒരു കോടിക്ക് ഈശ്വരന്‍ പോയിട്ട് തന്ത്രി പോലും ആകില്ല.

content highlights: Billionaires’s Gujarat and common man’s Kerala 

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

We use cookies to give you the best possible experience. Learn more