| Saturday, 20th April 2024, 12:34 pm

2021ല്‍ മരിച്ചതായി ഔദ്യോഗിക പ്രഖ്യാപനം; ജര്‍മന്‍ ശതകോടീശ്വരന്‍ റഷ്യയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെര്‍ലിന്‍: 2021ല്‍ മരിച്ചുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ശതകോടീശ്വരന്‍ കാള്‍ എറിവന്‍ ഹൗബ് റഷ്യയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്. ജര്‍മന്‍ ബ്രോഡ്കാസ്റ്ററായ ആര്‍.ടി.എല്ലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ആറ് വര്‍ഷം മുമ്പാണ് ജര്‍മന്‍ റീട്ടെയില്‍ ഭീമനായ ടെംഗല്‍മാന്‍ ഗ്രൂപ്പിന്റെ മുന്‍ തലവനായ എറിവന്‍ ഹൗബിനെ കാണാതായത്. 2018 ഏപ്രിലില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ഒരു സ്‌കീ റേസിനിടയില്‍ അദ്ദേഹത്തെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ച് ഹെലികോപ്റ്ററുകളും സ്‌പെഷ്യലൈസ്ഡ് റെസ്‌ക്യൂ ടീമുകളും ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ ആറ് ദിവസത്തെ തിരച്ചില്‍ നടത്തിയിട്ടും 58 വയസുള്ള അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്താനായിട്ടില്ല. തുടര്‍ന്ന് 2021ല്‍ കാള്‍ എറിവന്‍ ഹൗബ് മരിച്ചതായി കൊളോണ്‍ കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ജര്‍മന്‍ ശതകോടീശ്വരന്‍ റഷ്യയില്‍ ജീവിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ആര്‍.ടി.എല്‍ മാധ്യമപ്രവര്‍ത്തകനായ ലിവ് വോണ്‍ ബോട്ടിച്ചര്‍ അവകാശവാദം ഉയര്‍ത്തി. മൂന്ന് വര്‍ഷത്തെ തന്റെ അന്വേഷണത്തില്‍ നിന്ന് അതിനുള്ള തെളിവുകളെ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

കാള്‍ എറിവന്‍ ഹൗബ് തന്റെ തിരോധാനം മനഃപൂര്‍വം നടത്തിയതാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിലെ ഏതാനും അംഗങ്ങള്‍ക്ക് ഇതേ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും വോണ്‍ ബോട്ടിച്ചര്‍ വാദിക്കുന്നു. തന്റെ വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ബോട്ടിച്ചര്‍ പുറത്തുവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2018ല്‍ സ്‌കീ റേസ് നടന്ന പ്രദേശത്ത് അപകടങ്ങള്‍ നടന്നതിന് തെളിവില്ലെന്നും ബോട്ടിച്ചര്‍ പറയുന്നു. നിലവില്‍ റിപ്പോര്‍ട്ടറുടെ പരാതിയില്‍ ജര്‍മന്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാള്‍ എറിവാന്‍ ഹൗബ് മരിച്ചതായി പ്രഖ്യാപിച്ച കോടതി വിധി പുനഃപരിശോധിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Content Highlight: Billionaire Karl Ereven Haub, Officially Declared Dead in 2021, Is Reportedly Alive in Russia

  
We use cookies to give you the best possible experience. Learn more