| Saturday, 22nd June 2024, 4:09 pm

തൊഴിലാളികളെ ചൂഷണം ചെയ്തു; ഹിന്ദുജ കുടുംബത്തിലെ നാല് പേർക്ക് ജയിൽ ശിക്ഷ വിധിച്ച് സ്വിസ്‌ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബേൺ: യു.കെയിലെ ശത കോടീശ്വരന്മാരായ ഹിന്ദുജ കുടുംബത്തിലെ നാല് പേർക്ക് നാലര വർഷത്തേക്ക് ജയിൽ ശിക്ഷ വിധിച്ച് സ്വിസ്‌ കോടതി. ജനീവ വില്ലയിൽ വെച്ച് തൊഴിലാളികളെ ചൂഷണം ചെയ്തതിനാണ് ഇവർക്ക് സ്വിസ്റ്റർലാൻഡ് കോടതി ജയിൽ ശിക്ഷ വിധിച്ചത്. തൊഴിലാളികളെ ചൂഷണം ചെയ്യുകയും അവരുടെ പാസ്‍പോർട്ടുകൾ പിടിച്ചുവെയ്ക്കുകയും ചെയ്തതായി കോടതി കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഹിന്ദുജ ഗ്രൂപ്പ് സ്ഥാപകനായ പർമാനന്ദ് ഹിന്ദുജയുടെ മകനായ പ്രകാശ് ഹിന്ദുജ, ഭാര്യ കമൽ ഹിന്ദുജ എന്നിവർക്ക് നാലര വ‍ർഷം തടവും പ്രകാശ് ഹിന്ദുജയുടെ മകൻ അജയ്, അജയുടെ ഭാര്യ നമ്രത എന്നിവർക്ക് നാല് വർഷം തടവുമാണ് കോടതി വിധിച്ചത്.

എന്നാൽ വിധിയിൽ തങ്ങൾക്ക് ദുഃഖമുണ്ടെന്നും, തങ്ങളുടെ നിരപരാധിത്വം തെളിയിക്കുമെന്നും കോടതിയിൽ അപ്പീൽ കൊടുക്കുമെന്നും ഹിന്ദുജ കുടുംബം പറഞ്ഞു.

കോടികൾ ആസ്തിയുള്ള ഹിന്ദുജ ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നത്. തൊഴിലാളികളെ കൂടുതൽ സമയം ജോലിയെടുപ്പിക്കുകയും വേതനത്തിന്റെ പകുതി മാത്രം കൊടുത്തുവെന്നുമായിരുന്നു റിപ്പോർട്ട്. ഇവർക്കെതിരെ മനുഷ്യക്കടത്ത് പോലെയുള്ള ആരോപണങ്ങളും നിലവിലുണ്ട്.

പ്രകാശ് ഹിന്ദുജയ്ക്കും ഭാര്യയ്ക്കും അഞ്ചര വർഷം ജയിൽ ശിക്ഷ നൽകണമെന്നാണ് കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രകാശ് ഹിന്ദുജയും ഭാര്യയും അനാരോഗ്യം കാരണം വിചാരണ വേളയിൽ കോടതിയിൽ ഹാജരായിരുന്നില്ല. ആരോപണങ്ങളെല്ലാം ഹിന്ദുജ കുടുംബത്തിന്റെ അഭിഭാഷകർ നിഷേധിക്കുകയായിരുന്നു.

Also Read : ഞാന്‍ പ്രണവിന്റെ നായിക ആയതില്‍ അവര്‍ അണ്‍കംഫേര്‍ട്ടായിരുന്നു: ദര്‍ശന രാജേന്ദ്രന്‍

എന്നാൽ തൊഴിലാളികൾക്ക് മാന്യമായ ശമ്പളം നൽകിയിരുന്നുവെന്നും അവരെ തടങ്കലിൽ വെച്ചിട്ടില്ലെന്നും അവർക്ക് പുറത്തുപോകാൻ അനുവാദമുണ്ടായിരുന്നെന്നും ഹിന്ദുജ കുടുംബത്തിന്റെ അഭിഭാഷകർ വാദിച്ചു. തൊഴിലാളികൾക്ക് ശമ്പളം കുറവാണെന്നു പറയാൻ കഴിയില്ലെന്നും അവർക്ക് താമസം ഭക്ഷണം എന്നിങ്ങനെ എല്ലാ സൗകര്യവും ഒരുക്കിയിരുന്നെന്നും അവർ പറഞ്ഞിരുന്നു.

2023 ലെ ഇന്ത്യയിലെ ഏറ്റവും വലിയ ധനിക കുടുംബങ്ങളിലൊന്നായിരുന്നു ഹിന്ദുജ. 38 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിൽ രണ്ട് ലക്ഷത്തിലധികം തൊഴിലാളികളാണ് ഹിന്ദുജ ഗ്രൂപ്പിനുള്ളത്.

Content Highlight: Billionaire Hinduja family members sentenced to jail

Latest Stories

We use cookies to give you the best possible experience. Learn more