| Thursday, 20th June 2024, 4:37 pm

മനുഷ്യക്കടത്ത് ആരോപണം: യു.കെയിലെ ഹിന്ദുജ ഗ്രൂപ്പിനെതിരെ സ്വിറ്റ്സർലൻഡിൽ വിചാരണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബേൺ: യു.കെയിലെ ശതകോടീശ്വരന്മാരായ ഹിന്ദുജ ഗ്രൂപ്പിനെതിരെ മനുഷ്യക്കടത്ത് ആരോപണം. ഹിന്ദുജ കുടുംബത്തിലെ നാല് അംഗങ്ങളായ പ്രകാശ്, കമൽ ഹിന്ദുജ, അവരുടെ മകൻ അജയ്, ഭാര്യ നമ്രത എന്നിവർക്കെതിരെ തിങ്കളാഴ്ച സ്വിറ്റ്സർലൻഡിൽ മനുഷ്യ കടത്തിനെതിരെ വിചാരണ ആരംഭിച്ചു.

ജനീവ തടാകത്തിലെ വില്ലയിൽ വെച്ച് നിരവധി തൊഴിലാളികളെ ചൂഷണം ചെയ്യുകയും മനുഷ്യക്കടത്തിന് വിധേയമാക്കുകയും ചെയ്തെന്നാണ് കേസ്. തൊഴിലാളികൾക്ക് അവരുടെ തൊഴിൽ വേതനത്തിന്റെ പകുതി ഭാഗം മാത്രമാണ് നൽകിയിരുന്നത്. അവരെക്കൊണ്ട് കൂടുതൽ സമയം ജോലിയെടുപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ ശിശുപരിപാലന തൊഴിലാളികളടക്കമുള്ളവരുണ്ടെന്നാണ് റിപ്പോർട്ട് .

ഹിന്ദുജ ഗ്രൂപ്പിന്റെ സ്വിസ് ആസ്ഥാനമായുള്ള ശാഖയുടെ പിൻഗാമിയായ അജയ് ഹിന്ദുജ, അവധി നൽകാതെ ഒരു സ്ത്രീ തൊഴിലാളിയെ കൊണ്ട്18 മണിക്കൂർ ജോലി ചെയ്യിപ്പിച്ചതായും കേസുണ്ട്.

തൊഴിലാളികൾക്ക് വേതനത്തിന് പുറമെ താമസവും ഭക്ഷണവും ഉണ്ടായിരുന്നത് കൊണ്ട് തന്നെ ശമ്പളം കുറവാണെന്നു പറയാനാവില്ലെന്നാണ് അജയ് ഹിന്ദുജക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞത്. ക്രിമിനൽ കുറ്റപത്രം അതിരുകടന്നെന്നും കുടുംബാംഗങ്ങളെ വെറുതെ കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു.

എന്നാൽ നാല് ഹിന്ദുജ കുടുംബാംഗങ്ങൾക്കും വർഷങ്ങളോളം തടവുശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടു. കൂടാതെ സ്റ്റാഫ് അംഗങ്ങൾക്ക് ദശലക്ഷക്കണക്കിന് ഡോളറിൻ്റെ നഷ്ടപരിഹാര തുക നൽകണമെന്ന് ജീവനക്കാർക്ക് വേണ്ടിയുള്ള അഭിഭാഷകർ ആവശ്യപ്പെട്ടു.

ആറ് വർഷത്തിന് മുമ്പ് കൊടുത്ത കേസിൽ കക്ഷികൾ ഒത്തുതീർപ്പിലെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഒത്തു തീർപ്പിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.

2023-ൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഏഴാമത്തെയും 2022-ൽ ലോകത്തിലെ ഏറ്റവും 146-ാമത്തെയും സമ്പന്നരായിരുന്നു ഹിന്ദുജ കുടുംബം. 2017-ൽ ഏഷ്യയിലെ 12-ാമത്തെ സമ്പന്നരും ഇവർ ആയിരുന്നു.

Content Highlight: Billionaire Hinduja family faces trial, accused of ‘exploitation of staff

Latest Stories

We use cookies to give you the best possible experience. Learn more