|

'സ്ത്രീകളെ വെറുക്കുന്ന വേട്ടക്കാരന്‍ വീണ്ടും പ്രസിഡന്റാകുന്നു'; ട്രംപിനെതിരെ ബില്ലി എലിഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ ഗായിക ബില്ലി എലിഷ്. സ്ത്രീകളെ അത്രമാത്രം വെറുക്കുന്ന ഒരാള്‍ പ്രസിഡന്റാകാന്‍ പോകുന്നുവെന്നാണ് ബില്ലി പറഞ്ഞത്.

ഡൊണാള്‍ഡ് ട്രംപ് വീണ്ടും ആഴത്തില്‍ അധികാരം ഉറപ്പിക്കാന്‍ പോകുകയാണെന്നും ബില്ലി ചൂണ്ടിക്കാട്ടി. നാഷ്‌വില്ലെ സംഗീത നിശയ്ക്കിടെയാണ് അമേരിക്കന്‍ ഗായികയുടെ പ്രതികരണം.

united states, donald trump, world news, Billie Eilish

ബില്ലി എലിഷ്

ബുധനാഴ്ച്ച നടന്ന പരിപാടിയില്‍, ഇന്നത്തെ ദിവസത്തെയും ഈ പരിപാടിയെയും ട്രംപിന്റെ വിജയത്തെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും ബില്ലി പറഞ്ഞു. നിങ്ങളോടൊപ്പം ഈ പരിപാടി ചെയ്യാന്‍ സാധിച്ചത് ഒരു പ്രത്യേക പദവി പോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്നും ഭാവിയില്‍ താന്‍ ഈ പരാമര്‍ശം ആവര്‍ത്തിക്കുമെന്നും ബില്ലി പ്രതികരിച്ചു.

ദുരുപയോഗത്തിന്റെ കഥ പറയാനില്ലാത്ത ഒരൊറ്റ സ്ത്രീയെ പോലും താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ബില്ലി പറഞ്ഞു. പരിപാടി നടക്കുന്ന ഈ മുറിയില്‍ ഒരുപക്ഷെ നമ്മള്‍ സുരക്ഷിതരായേക്കാമെന്നും ബില്ലി കൂട്ടിച്ചേര്‍ത്തു.

ഡൊണാൾഡ് ട്രംപ്

ട്രംപിനെ കുറ്റവാളിയെന്നും വേട്ടക്കാരനെന്നും ബില്ലി എലിഷ് വിശേഷിപ്പിച്ചു. തുടര്‍ന്ന് അമേരിക്കയിലെ സ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ബില്ലി ഗാനം ആലപിക്കുകയും ചെയ്തു.

ഗര്‍ഭച്ഛിദ്രാവകാശം അസാധുവാക്കിയ നീക്കത്തിനെതിരെ 2022ല്‍ രൂപപ്പെടുത്തിയ ടി.വി എന്ന ഗാനം റോയ് വി. വേഡിന് ബില്ലി സമര്‍പ്പിക്കുകയും ചെയ്തു. ഗര്‍ഭച്ഛിദ്രാവകാശം ഭരണഘടനപരമായി സംരക്ഷിക്കുന്ന സുപ്രീം കോടതി വിധിയായിരുന്നു റോയ് വി. വേഡ്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ 50 ലധികം ലൈംഗികാതിക്രമ കേസുകള്‍ നിലനില്‍ക്കെയാണ് ബില്ലിയുടെ പ്രതികരണം. നിലവില്‍ ബില്ലിയുടെ ആരാധകര്‍ പകര്‍ത്തിയ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ ബില്ലി ‘ഇത് സ്ത്രീകള്‍ക്കെതിരായ യുദ്ധം’ എന്ന് കുറിച്ചിരുന്നു.

അമേരിക്കയുടെ 47ാമത് പ്രസിഡന്റായാണ് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. സ്വിങ് സ്റ്റേറ്റുകളില്‍ ഏഴിടത്തും ആധിപത്യം ഉറപ്പിച്ചാണ് ട്രംപ് വിജയത്തിലേക്കെത്തിയത്. അമേരിക്കന്‍ ചരിത്രത്തില്‍ 127 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരിക്കല്‍ തെരഞ്ഞെടുപ്പില്‍ തോറ്റ പ്രസിഡന്റ് വീണ്ടും അധികാരത്തില്‍ എത്തുന്നത്.

സെനറ്റിലും ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം മറികടക്കുകയുണ്ടായി. ഇലക്ടറല്‍ വോട്ടുകള്‍ക്ക് പുറമെ പോപ്പുലര്‍ വോട്ടുകളിലും ട്രംപ് തന്നെയായിരുന്നു മുന്നില്‍ എത്തിയത്.

Content Highlight: Billie Eilish against donald Trump

Latest Stories