ലീഡ്‌സ്: ബംഗളുരു സ്വദേശിയായ പങ്കജ് അദ്വാനിക്ക് ലോക ബില്യാഡ്‌സ് ചാമ്പ്യന്‍ഷിപ്പ് കിരീടം. മുന്‍ ചാമ്പ്യന്‍ കൂടിയായ സിംഗപ്പൂരിന്റെ പീറ്റര്‍ ഗില്‍ക്രൈസ്റ്റിനെയാണ് പങ്കജ് പരാജയപ്പെടുത്തിയത്.
പങ്കജ് അദ്വാനിയുടെ 11ാം ലോകകിരീടമാണിത്. 2012ലാണ് ഇതിന് മുമ്പ് പങ്കജ് അദ്വാനി ലോകകിരീടം സ്വന്തമാക്കിയത്. നേരത്തെ 6 റെഡ് സ്‌നൂക്കര്‍ ടൈറ്റിലും, വേള്‍ഡ് ടീം ബില്യാഡ്‌സ് ടൈറ്റിലും പങ്കജ് സ്വന്തമാക്കിയിട്ടുണ്ട്.
ഫൈനലില്‍ നന്നായി മത്സരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പങ്കജ് പറഞ്ഞു. ഗില്‍ക്രൈസ്റ്റ് ടൂര്‍ണമെന്റിലെ വളരെ അപകടകാരിയായ എതിരാളിയാണ്. അതൊരു സ്വപ്ന ഫൈനലായിരുന്നെന്നും പങ്കജ് വ്യക്തമാക്കി.
പകുതി ജോലിയേ ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളൂ. വലിയൊരു കാര്യത്തില്‍ ഇനിയെനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കുള്ള മത്സരത്തില്‍ പങ്കെടുക്കണം. അതുവരെ ആഘോഷങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്നും പങ്കജ് പറഞ്ഞു.
പ്രഫഷണല്‍ സ്‌നൂക്കര്‍ ടൂറിന്റെ ഭാഗമായി പങ്കജ് അദ്വാനിക്ക് രണ്ട് സീസണുകള്‍ നഷ്ടമായിരുന്നു. ബില്യാഡ്‌സ് കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടി പ്രഫഷണല്‍ സ്‌നൂക്കര്‍ സ്റ്റാറ്റസ് പങ്കജ് ഉപേക്ഷിച്ചിരുന്നു. ഈ വര്‍ഷമാദ്യം 10 വ്യക്തികത ലോകടൈറ്റില്‍ സ്വന്തമാക്കിയശേഷം പങ്കജ് ആ തീരുമാനം മാറ്റുകയായിരുന്നു.