തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ പരിസരത്ത് ആയുധ പരിശീലനം നിരോധിക്കാന്‍ ബില്‍ വരുന്നു. സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദു മതസ്ഥാപന (ഭേദഗതി) ബില്ലിലാണ് ആയുധ പരിശീലനം നിരോധിക്കല്‍ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ക്ഷേത്രപരിസരത്ത് ആയുധ പരിശീലനം നടത്തിയാല്‍ ആറ് മാസം വരെ തടവോ 5000 രൂപ പിഴയോ ആണ് ശിക്ഷ. സുപ്രീം കോടതി കഴിഞ്ഞ ദിവസം ശബരിമല ഭരണ സംവിധാനം സംബന്ധിച്ച ഹരജി പരിഗണിച്ചപ്പോള്‍ ഈ ബില്ലാണ് കേരള സര്‍ക്കാര്‍ ഹാജരാക്കിയത്.
നേരത്തെ ശബരിമലയുള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ മെച്ചപ്പെട്ട നടത്തിപ്പിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ ബില്‍ തയാറാക്കാനാണ് അന്നു കോടതി നിര്‍ദേശിച്ചത്.
ക്ഷേത്ര കാര്യങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്കു ദേവസ്വത്തിന്റെ വസ്തുവകകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കരടു ബില്ലിലെ 31(ബി) മൂന്ന് വകുപ്പില്‍ പറയുന്നു.
ക്ഷേത്രങ്ങളിലെ ആചാരങ്ങളും ചടങ്ങുകളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്കോ ആയുധം ഉപയോഗിച്ചുള്ളതോ അല്ലാത്തതോ ആയ കൂട്ട ഡ്രില്ലിനോ ദേവസ്വം വസ്തുവകകളോ പരിസരങ്ങളോ ഏതെങ്കിലും വ്യക്തിയോ സംഘടനയോ അസോസിയേഷനോ ഉപയോഗിക്കരുതെന്ന് 31 (ബി) നാല് വകുപ്പില്‍ പറയുന്നു. ഉപയോഗിച്ചാല്‍ ആറ് മാസം തടവ് അല്ലെങ്കില്‍ 5000 രൂപ പിഴ ഈടാക്കും.
31(ബി)അഞ്ച് വകുപ്പനുസരിച്ച് നിയമ ലംഘനത്തിനു പൊലീസിനു നേരിട്ടു കേസെടുക്കാം.
അതേസമയം, ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടത്തുന്നതു തടയാന്‍ നിയമം ഭേദഗതി ചെയ്യുമെന്നു മുഖ്യമന്ത്രി 2018 ഫെബ്രുവരിയിലും ദേവസ്വം മന്ത്രി ഡിസംബറിലും നിയമസഭയില്‍ പറഞ്ഞിരുന്നു.