| Friday, 8th December 2023, 7:34 pm

സംസ്ഥാനങ്ങൾക്ക് ഗവർണറെ പുറത്താക്കാൻ അധികാരം നൽകുന്ന ബിൽ പാർലമെൻ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സംസ്ഥാന നിയമസഭകൾക്ക് ഗവർണറെ പുറത്താക്കാൻ അധികാരം നൽകുന്ന ബിൽ പാർലമെന്റിൽ. ഡോ. വി. ശിവദാസൻ എം.പിയാണ് ഗവർണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്.

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയുള്ള പ്രമേയത്തിലൂടെ നിയസഭയ്ക്ക് ഗവർണറെ പുറത്താക്കാനുള്ള അധികാരം നൽകുന്ന ഭേദഗതിയും എം.എൽ.മാരും തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളും ചേർന്ന് ഗവർണറെ തെരഞ്ഞെടുക്കാനുള്ള സംവിധാനവും ബില്ലിന്റെ ഭാഗമാണ്.

രാജ്യ തലസ്ഥാനമായ ദൽഹിയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശവും ഭേദഗതിയുടെ പരിധിയിൽ ഉൾപ്പെടുമെന്നും ബില്ലിൽ പറയുന്നു.

ഗവർണർമാർ വിഭജിച്ച് ഭരിക്കുന്നതിനുള്ള ആയുധങ്ങളായി പ്രവർത്തിക്കുന്നുവെന്നും വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നുവെന്നും ശിവദാസൻ എം.പി രാജ്യസഭയിൽ പറഞ്ഞു.

പൂഞ്ചി കമ്മീഷന്റെ റിപ്പോർട്ടിന് മറുപടിയായി ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം മുമ്പ് ആവശ്യപ്പെട്ടിരുന്നു.

പഞ്ചാബ്, തമിഴ്നാട്, കേരള, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഗവർണർമാർക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി ഗവർണർമാർക്കെതിരെ രൂക്ഷ വിമർശനം നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബിൽ രാജ്യസഭയിൽ ചർച്ച ചെയ്തത്.

Content Highlight: Bill on giving authority to State legislature on expelling Governors

We use cookies to give you the best possible experience. Learn more