World News
'ജനിച്ചത് ഇക്കാലത്തായിരുന്നുവെങ്കില്‍ എനിക്ക് ഓട്ടിസമാണെന്ന് പറഞ്ഞേനെ': ബില്‍ ഗേറ്റ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 07, 11:24 am
Friday, 7th February 2025, 4:54 pm

ന്യൂദല്‍ഹി: ഈ കാലത്താണ് ജനിച്ചിരുന്നതെങ്കില്‍ തനിക്ക് ഓട്ടിസമാണെന്ന് കണ്ടെത്തിയേനെയെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്.

സോഴ്‌സ് കോഡ്: മൈ ബിഗിനിങ്‌സ് എന്ന അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പ് പുറത്തിറങ്ങുന്നതിന് മുന്നോടിയായി എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്‌സിന്റെ പരാമര്‍ശം. ബില്‍ ഗേറ്റ്‌സിന്റെ ബാല്യകാല അനുഭവങ്ങള്‍ പങ്കുവെച്ചുള്ളതാണ് അഭിമുഖം.

മറ്റുള്ള കുട്ടികളില്‍ നിന്ന് വ്യത്യസ്തനായി തുടര്‍ന്ന തന്നെ ഒരു തെറാപ്പിസ്റ്റിന്റെ സഹായത്താല്‍ മാതാപിതാക്കള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. തന്റെ കാര്യത്തില്‍ പഠിപ്പിച്ച അധ്യാപകര്‍ക്കും ആശങ്ക ഉണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു സംസ്ഥാനത്തെ കുറിച്ച് അധ്യാപിക റിപ്പോര്‍ട്ട് എഴുതാന്‍ പറഞ്ഞുവെന്നും താന്‍ 200 പേജുള്ള ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. എന്നാല്‍ മറ്റുള്ള കുട്ടികള്‍ റിപ്പോര്‍ട്ട് 10 പേജിനുള്ളില്‍ ഒതുക്കിയിരുന്നുവെന്നും ബില്‍ ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തിലുള്ള പെരുമാറ്റത്തെ തുടര്‍ന്ന് തന്നെ ഉയര്‍ന്ന ക്ലാസുകളിലേക്ക് മാറ്റണമോയെന്ന് മാതാപിതാക്കള്‍ ചിന്തിച്ചിരുന്നുവെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. എന്നാല്‍ ഈ കഴിവുകളെല്ലാം തന്റെ കരിയറിനെ സഹായിച്ചുവെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

‘പഴയ കാലത്ത് ഓട്ടിസം, ന്യൂറോടിപ്പിക്കല്‍ എന്ന വാക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ലലോ, എന്തിന് തലച്ചോര്‍ വിവരങ്ങളെ വ്യത്യസ്തമായി മനസിലാക്കുമെന്ന കാര്യം പോലും ആര്‍ക്കും അറിയില്ലായിരുന്നു,’ ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

ഓട്ടിസത്തിന് പുറത്ത് കടക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ബില്‍ ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. ഓട്ടിസത്തില്‍ നിന്ന് പുറത്തുവരാന്‍ താന്‍ വര്‍ഷങ്ങളെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഓട്ടിസമുള്ള ആളുകളില്‍ മറ്റുള്ളവരില്‍ ഉണ്ടാവുന്നതിനേക്കാള്‍ അധികം ഉത്കണ്ഠയും വിഷാദവും കൂടുതലായി കാണപ്പെടുമെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

മാതാപിതാക്കളായ ബില്ലും മേരി ഗേറ്റ്‌സും തനിക്ക് വലിയ പിന്തുണയാണ് നല്‍കിയിരുന്നതെന്നും തന്റെ വികാരങ്ങളോടൊപ്പം ജീവിക്കാന്‍ മാതാപിതാക്കള്‍ അവസരം നല്‍കിയിരുന്നുവെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

1955 ഒക്ടോബര്‍ 28നായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ ജനനം. ഒന്നര പതിറ്റാണ്ടോളമായി ലോകത്തിലെ ധനികരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള വ്യക്തിയാണ് ബില്‍ ഗേറ്റ്‌സ്.

Content Highlight: Bill Gates talk about autism