| Monday, 15th February 2021, 2:35 pm

കാലാവസ്ഥ വ്യതിയാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ കൊവിഡിന് പരിഹാരം കാണലൊക്കെ നിസാരമാണ്: ബില്‍ ഗേറ്റ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കാലാവസ്ഥാ വ്യതിയാനവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡിന് പരിഹാരം കാണുകയെന്നത് ഏറെ എളുപ്പമുള്ള കാര്യമാണെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലായിരുന്നു ബില്‍ ഗേറ്റ്‌സ് ഇക്കാര്യം പറഞ്ഞത്.

‘കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കണ്ടെത്തുകയെന്നതായിരിക്കും മനുഷ്യരാശി ചെയ്യുന്നതില്‍ ഏറ്റവും മികച്ച കാര്യം. ഇതോടു തട്ടിച്ചുനോക്കുമ്പോള്‍ ഈ കൊവിഡ് മഹാമാരിക്ക് പരിഹാരം കണ്ടെത്തുകയെന്നത് ഏറെ എളുപ്പമുള്ള കാര്യമാണ്,’ ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

How to avoid Climate Disaster എന്ന തന്റെ പുതിയ പുസ്തകത്തില്‍ ആഗോള താപനത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ബില്‍ ഗേറ്റ്‌സ് വിശദമാക്കുന്നുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളുടെ അപകടങ്ങളെ കുറച്ച് കാണരുതെന്നും അദ്ദേഹം പറയുന്നു.

‘ചരിത്രത്തില്‍ മുന്‍പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധമുള്ള മാറ്റങ്ങളാണ് അടുത്ത 30 വര്‍ഷത്തിനുള്ളില്‍ നമ്മള്‍ നേരിടാന്‍ പോകുന്നത്,’ ബില്‍ ഗേറ്റ്‌സ് പറയുന്നു.

ഗ്രീന്‍ ഹൗസ് ഇഫക്ടിന്റെ അളവ് പൂജ്യത്തിലെത്തിക്കുകയായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ ലക്ഷ്യത്തിലേക്കെത്തുന്നതിന് ആവശ്യമായ സാങ്കേതികവിദ്യകള്‍ കണ്ടെത്തണമെന്നും ബില്‍ ഗേറ്റ്‌സ് പറയുന്നു.

‘കാറ്റും സൗരോര്‍ജവും പോലെ പുനരുപയോഗസാധ്യതയുള്ള ഊര്‍ജസ്രോതസുകള്‍ വൈദ്യുതിയെ ഡീകാര്‍ബണൈസ് ചെയ്യാന്‍ സഹായിക്കുമെങ്കിലും അത് ആകെ പുറന്തള്ളുന്ന കാര്‍ബണിന്റെ 30% മാത്രമേയാവുന്നുള്ളു. സ്റ്റീല്‍, സിമന്റ്, ഗതാഗത സംവിധാനങ്ങള്‍, വളം തുടങ്ങിയ മേഖലകളിലായി വരുന്ന ബാക്കി 70 ശതമാനത്തിന് കൂടി നമ്മള്‍ പരിഹാരം കാണണം,’ ബില്‍ ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Bill Gates says solving Covid easy compared with climate change

We use cookies to give you the best possible experience. Learn more