ന്യൂദല്‍ഹി: ഇന്ത്യയുടെ കൊവിഡ് 19 നിയന്ത്രണ സംവിധാനത്തെ അഭിനന്ദിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ബുധനാഴ്ച കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബില്‍ഗേറ്റ്‌സുമായുള്ള കൂടികാഴ്ച മനോഹരമായിരുന്നുവെന്നും കൊവിഡ് വാക്‌സിനേഷനെയും ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഡിജിറ്റല്‍ മിഷന്‍ പോലുള്ള ഡിജിറ്റല്‍ സംവിധാനങ്ങളെ അദ്ദേഹം അഭിനന്ദിച്ചതായും മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ ജി20 ആരോഗ്യ മുന്‍ഗണനകള്‍, പി.എം. ഭാരതീയ ജന്‍ ഔഷധി പരിയോജന, ഇ-സഞ്ജീവനി എന്നിവയെക്കുറിച്ചും ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. കൊവിഡ് സമയത്ത് ഒരുക്കിയ വാര്‍ റൂമും അദ്ദേഹം സന്ദര്‍ശിച്ചു.
കൊവിഡിന് ശേഷം ആദ്യമായാണ് ബില്‍ ഗേറ്റ്‌സ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യ സന്ദര്‍ശിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് നേരത്തേ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ചൊവ്വാഴ്ച ബില്‍ ഗേറ്റ്‌സ് റിസര്‍വ് ബാങ്കും സന്ദര്‍ശിച്ചതായും ഗവര്‍ണറുമായി വിപുലമായ ചര്‍ച്ച നടത്തിയതായും ആര്‍.ബി.ഐ ട്വീറ്റ് ചെയ്തു.
ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറെയും ബില്‍ ഗേറ്റ്‌സ് സന്ദര്‍ശിച്ചിരുന്നു. കുട്ടികളെ കേന്ദ്രീകരിച്ച് താന്‍ നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ കുറിച്ച് ബില്‍ ഗേറ്റ്‌സ് ടെണ്ടുല്‍ക്കറോട് സംസാരിച്ചു.
ഇത്തവണത്തെ ജി-20 ഉച്ചകോടിയില്‍ ഇന്ത്യയുടെ മൂന്ന് ആരോഗ്യ മുന്‍ഗണനയില്‍ പ്രധാനപ്പെട്ടത് ഇനിയൊരു മഹാമാരി ഉണ്ടായാലും നിലവിലെ രീതിയില്‍ പ്രതിരോധിക്കുക എന്നതാണെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
content highlight: bill gates about covid managemnt of india