തിരുവനന്തപുരം: അന്ധവിശ്വാസത്തിനെതിരായ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ആഭ്യന്തര വകുപ്പ് തയാറാക്കിയ ബില്ലിന്റെ കരട് മുഖ്യമന്ത്രിയുടെ പരിഗണനക്ക് സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും അരലക്ഷം രൂപ വരെ പിഴയും ശിക്ഷ നല്‍കാന്‍ കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്.
മന്ത്രിസഭ ബില്‍ അംഗീകരിച്ചാല്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ആലോചന. മാര്‍ച്ച് 30 വരെ നീളുന്ന നിയമസഭ സമ്മേളനത്തില്‍ ഏതാനും ദിവസം നിയമനിര്‍മാണത്തിനായി മാറ്റിവെച്ചിട്ടുണ്ട്.
ഇന്റലിജന്റ്‌സ് എ.ഡി.ജി.പിയായിരുന്ന എ. ഹേമചന്ദ്രനും നിയമപരിഷ്‌കരണ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ടി. തോമസും ബില്‍ സംബന്ധിച്ച് ശിപാര്‍ശ നല്‍കിയിരുന്നു. 2014ലാണ് കരട് ബില്‍ തയാറാക്കിയത്.
കേരള പ്രിവെന്‍ഷന്‍ ആന്റ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഇവിള്‍ പ്രാക്ടീസസ് സോഴ്‌സറി ആന്റ് ബ്ലാക്ക് മാജിക്ക് ബില്ല് എന്ന് പേരിട്ട് നിയമ വകുപ്പ് കൈമാറിയ കരട് കഴിഞ്ഞ കുറെ മാസങ്ങളായി ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലിരിക്കുകയായിരുന്നു.
വിപുലമായ അഭിപ്രായ ശേഖരണം നടത്തിയ ശേഷം നിയമ നിര്‍മാണത്തിലേക്ക് കടക്കാനാകൂ എന്നാണ് സര്‍ക്കാര്‍ പക്ഷം. സമാന ആവശ്യത്തില്‍ രണ്ട് സ്വകാര്യ ബില്ലുകള്‍ നിയമസഭയില്‍ വന്നെങ്കിലും സമഗ്ര നിയമം പരിഗണനയിലെന്ന് പറഞ്ഞ് സര്‍ക്കാര്‍ തള്ളുകയായിരുന്നു.
മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലുമുള്ള നിയമത്തിന്റെ മാതൃകയിലായിരുന്നു നിയമപരിഷ്‌ക്കാര കമ്മീഷന്‍ ശിപാര്‍ശ നല്‍കിയത്.